ADVERTISEMENT

മലയാള ചലച്ചിത്ര സംഗീതത്തിലെ ഹിറ്റുകളുടെ പട്ടിക പരിശോധിക്കുന്നത് ശ്രമകരമാണ്. നിത്യഹരിതങ്ങളായി നിൽക്കുന്ന അനവധി ഗാനങ്ങളുണ്ട്. കൽപാന്തകാലത്തോളം, നഷ്ടസ്വർഗങ്ങളെ, ചന്ദനം മണക്കുന്ന പൂന്തോട്ടം എന്നിവ ആ അനശ്വരഗാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ്. മലയാളത്തിൽ ഹിറ്റുകളുടെ പെരുമഴക്കാലം തീർത്ത അതുല്യ പ്രതിഭയായ വിദ്യാധരൻ മാസ്റ്ററാണ് ഈ ഗാനങ്ങൾ ആസ്വാദകർക്കു സമ്മാനിച്ചത്. ഇടവേളകളില്ലാതെ നിരവധി ഗാനങ്ങൾ മലയാളികൾക്കു മുന്നിലെത്തിച്ച അദ്ദേഹം പിൽക്കാലത്ത് നാടകഗാനങ്ങളിലേക്കും ഗ്രാമീണ ഗാനങ്ങളിലേക്കും പ്രണയ ഗാനങ്ങളിലേക്കും വഴി മാറി. ആ മാറ്റം ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണ് സമ്മാനിച്ചത്. സംഗീതസംവിധാനത്തിൽ ഓരോരുത്തരും അവരവരുടേതായ ശൈലി രൂപപ്പെടുത്തണം എന്ന പക്ഷക്കാരനാണ് വിദ്യാധരൻ മാസ്റ്റർ. സിനിമ ഒരു ചട്ടക്കൂടാണെന്നും അതിൽ സിനിമാക്കാരുടെ താത്പര്യങ്ങൾക്കനുസരിച്ച് ഗാനങ്ങൾ ചെയ്യേണ്ടി വരുമെന്നും പറയുന്ന അദ്ദേഹം, സിനിമയുടെ പിന്നാലെ നടന്ന് താൻ സമയം കളഞ്ഞിട്ടില്ലെന്നും പറഞ്ഞു വയ്ക്കുന്നു. മനോരമ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സംഗീതജീവിതത്തിലെ നാൾവഴികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. വിദ്യാധരൻ മാസ്റ്ററുടെ വാക്കുകൾ ഇങ്ങനെ:   

 

‘ഞാൻ ഇപ്പോഴും നിരവധി ഗാനങ്ങള്‍ ചെയ്യുന്നുണ്ട്. നാനൂറോളം ആൽബങ്ങളും ചെയ്തു. സിനിമയുടെ പിന്നാലെ നടന്ന് ഞാൻ എന്റെ കാലം കളഞ്ഞിട്ടില്ല. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതായി ഇതുവരെ തോന്നിയിട്ടുമില്ല. അവർക്ക് എന്നെക്കൊണ്ട് ഒരു പാട്ടു ചെയ്യിക്കണമെന്നു തോന്നിയാൽ തീർച്ചയായും എന്നെ വിളിക്കും. കാരണം ഞാൻ ചെയ്ത ഗാനങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്. അതൊരിക്കലും മായ്ച്ചു കളയാൻ സാധിക്കില്ലല്ലോ. സിനിമ ചെയ്യുന്ന ആളുകൾക്ക് അവരവരുടേതായ താത്പര്യങ്ങൾ ഉണ്ടാകും. അതിൽ മറ്റൊരാൾക്ക് അഭിപ്രായം പറയാൻ സാധിക്കില്ല. അവരുടെ ആവശ്യത്തിനനുസരിച്ച് പാട്ടുകൾ ചെയ്തു കൊടുക്കേണ്ടി വരും. സിനിമ എന്ന ഒരു ചട്ടക്കൂടിലേക്കു പോകാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി. അതുകൊണ്ട് ഞാനത് അന്വേഷിച്ചു പോയില്ല. ഞാൻ തികച്ചും ഒരു ഗ്രാമീണനാണ്. എന്റെ ഉള്ളിൽ ഒരുപാട് ദുഃഖങ്ങൾ ഉണ്ട്. കഷ്ടപ്പാടുകൾ അറിഞ്ഞു ജീവിച്ചതു കൊണ്ട് കലാരംഗത്ത് നിൽക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ജീവിതാനുഭവങ്ങൾ എന്നെ പഠിപ്പിച്ചു.’

 

തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴയിൽ മംഗളാലയത്തിൽ ശങ്കരൻ, തങ്കമ്മ എന്നിവരുടെ ഏഴു മക്കളിൽ മൂത്തയാളായാണ് വിദ്യാധരൻ മാസ്റ്റർ ജനിച്ചത്. കുട്ടിക്കാലത്തുതന്നെ സംഗീത പഠനം ആരംഭിച്ചു. ആദ്യകാലത്ത് നാടക ഗാനങ്ങൾക്കായിരുന്നു സംഗീതം പകർന്നത്. 1984-ൽ ശ്രീമൂലനഗരം വിജയന്റെ ‘എന്റെ ഗ്രാമം’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ടു പാടിയും ഈണം പകർന്നും നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. അടുത്ത കാലത്ത് പുറത്തിറങ്ങിയ ‘തണ്ണീർ മത്തൻ ദിനങ്ങൾ’ ചിത്രത്തിലെ ‘എന്ത് വിധിയിത്....’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതും മലയാളികളുടെ ഈ പ്രിയ ഗായകനാണ്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com