ADVERTISEMENT

സ്വരമാധുരി കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് രാജലക്ഷ്മി. തന്റെ വിശേഷങ്ങളെല്ലാം ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അടുത്ത കാലത്ത് രാജലക്ഷ്മി പങ്കു വച്ച ചിത്രങ്ങൾ കണ്ട് ആരാധകർ പലരും അദ്ഭുതപ്പെട്ടു. രാജലക്ഷ്മി ശരീരഭാരം കുറച്ച് കൂടുതൽ സുന്ദരി ആയിരിക്കുന്നു. അതിന്റെ രഹസ്യം ഗായിക മനോരമ ഓണ്‍ലൈനിനോടു പങ്കു വയ്ക്കുന്നു.  

 

rajalakshmi-gym-image

‘ഓരോ പുതുവത്സരത്തിലും ഞാൻ ഓരോ പുതിയ തീരുമാനം എടുക്കാറുണ്ട്. അത് കുറേ വർഷമായിട്ടുള്ള ശീലമാണ്. ശരീരഭാരം കുറയ്ക്കണം എന്ന തീരുമാനം എടുത്തിട്ട് ഒരുപാടു നാളായി. പക്ഷേ ഇത്രയും കാലമായിട്ടും എന്റെ വണ്ണം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. സ്ഥിരമായി ജിമ്മിൽ പോകണമെന്നും വ്യായാമങ്ങളിലൂടെയും മറ്റും ആരോഗ്യവതിയാകണമെന്നും ആഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഞാൻ ആ തീരുമാനം എടുത്തു. അങ്ങനെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജിമ്മിൽ പോയിത്തുടങ്ങി. മുൻപേ പോകുമായിരുന്നെങ്കിലും സ്ഥിരമായത് ഫെബ്രുവരി മുതലാണ്. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പൊലീസ് ജിം ഉണ്ട്. അവിടെ പ്രേം കുമാർ എന്ന പരിശീലകന്റെ കീഴിലായിരുന്നു വ്യായാമം. അദ്ദേഹം മികച്ച പരിശീലകനാണ്. അദ്ദേഹം എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി. അങ്ങനെ എന്റെ പരിശ്രമം കൊണ്ടും അദ്ദേഹത്തിന്റെ പിന്തുണ കൊണ്ടും പതിനഞ്ച് കിലോ  കുറയ്ക്കാൻ സാധിച്ചു. ഇപ്പോൾ എന്റെ ആത്മവിശ്വാസം വർധിച്ചു. മാത്രമല്ല പാടുമ്പോൾ ഒരു പ്രത്യേക സുഖം തോന്നുന്നുണ്ട്. ഒരു വല്ലാത്ത ഊർജവും അനുഭവപ്പെടുന്നു. 

 

‘വണ്ണമുള്ള പാട്ടുകാരി’ എന്നാണ് ഞാൻ അറിയപ്പെടുന്നത്. കുട്ടിക്കാലം മുതൽ വണ്ണമുള്ള ആളായിരുന്നു. സ്ലിം ബ്യൂട്ടി ആകണം എന്നൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. എനിക്കത് ഒട്ടും താത്പര്യമില്ല. ഭാരം കൊണ്ട് ചില ആരോഗ്യ പ്രശ്നങ്ങൾ തോന്നിത്തുടങ്ങി. അതുകൊണ്ടാണ് ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. അതിനു വേണ്ടി ഭക്ഷണം നിയന്ത്രിക്കേണ്ടി വന്നു. ഭക്ഷണപ്രിയ ആയതുകൊണ്ടു തന്നെ അതെനിക്ക് വളരെ പ്രയാസമായിരുന്നു. എനിക്ക് മധുരം ഭയങ്കര ഇഷ്ടമാണ്. എങ്കിലും വളരെ കഷ്ടപ്പെട്ട് അത് ഒഴിവാക്കി. ബിസ്ക്കറ്റും ബ്രെഡും വരെ വേണ്ടെന്നു വച്ചു. പഴങ്ങളൊക്കെ കഴിക്കും. ഭക്ഷണത്തിന്റെ സമയക്രമം വളരെയധികം ശ്രദ്ധിച്ചു. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഗ്രീൻ ടീ കുടിക്കും. വിശക്കുമ്പോൾ ഒരുപാട് ആഹാരം കഴിക്കുന്ന ശീലം മാറ്റി, കൃത്യ സമയത്തു കഴിക്കുക എന്ന ശീലത്തിലേക്കു കടന്നു. പുറത്തു നിന്നുള്ള ഭക്ഷണം പൂർണമായും ഒഴിവാക്കി. കാരണം അതിൽ ഒരുപാട് എണ്ണയും മറ്റും അടങ്ങിയിട്ടുണ്ട്. 

 

എനിക്ക് പാചകം വളരെ ഇഷ്ടമാണ്. അപ്പോൾ എല്ലാ ആഹാരവും ഉണ്ടാക്കിയിട്ടും അത് കഴിക്കാതിരിക്കണം എന്നത് വെല്ലുവിളി ഉയർത്തിയിരുന്നു. അതുപോലെ സംഗീതപരിപാടികൾക്കു പോകുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു. പ്രത്യേകിച്ച് കേരളത്തിനു പുറത്ത്. ഞാൻ പഴങ്ങൾ മാത്രമേ കഴിക്കുന്നുള്ളൂ എന്ന് കൂടെയുള്ളവരോടു പറഞ്ഞപ്പോൾ അവർക്കു വിശ്വസിക്കാൻ പറ്റിയില്ല. രാജലക്ഷ്മി ഭക്ഷണം ഒഴിവാക്കില്ലല്ലോ എന്നു പറഞ്ഞ് അവർ എന്നെ കളിയാക്കുമായിരുന്നു. കാരണം അവർക്കറിയാം ഞാൻ ഭക്ഷണപ്രിയ ആണെന്ന്. വണ്ണം കുറച്ചത് എല്ലാവർക്കും അദ്ഭുതമായി. എങ്കിലും ചിലർ പറയാറുണ്ട് വണ്ണം ഉള്ളതായിരുന്നു നല്ലതെന്ന്. യഥാർഥത്തിൽ ഞാൻ ആരോഗ്യത്തിനു വേണ്ടിയാണ് ഭാരം കുറച്ചത്. പിന്നെ എന്റെ ചില സുഹൃത്തുക്കൾക്കൊക്കെ ഞാൻ ഒരു പ്രചോദനമാണെന്ന് അവർ പറയാറുണ്ട്. എന്നെ കാണുമ്പോൾ അവർക്കും ഭാരം കുറയ്ക്കണം എന്നു തോന്നാറുണ്ടത്രേ’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com