ADVERTISEMENT

ആലാപനത്തിലൂടെയും അവതരണത്തിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് റിമി ടോമി. പരിപാടികൾക്കിടയിലുണ്ടാകുന്ന ഗായികയുടെ ചില പരാമർശങ്ങളും തമാശകളും താരങ്ങൾക്കിടയിൽ ചർച്ചയാകാറുണ്ട്. മഴവിൽ മനോരമയിൽ റിമി അവതാരകയായെത്തുന്ന ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയിൽ അതിഥികളായെത്തിയ മിഥുൻ രമേശിനോടും ദിവ്യ പിള്ളയോടും വീണാ നായരോടും റിമി പങ്കു വച്ച ചില ഓർമകളും വിശേഷങ്ങളുമാണ് പുതിയ ചർച്ചാ വിഷയം. കുട്ടിക്കാലത്ത് തന്നെ നായ കടിച്ചിട്ടുണ്ടെന്നും അതുകൊണ്ട് നായക്കുട്ടികളെ തനിക്ക് പേടിയാണെന്നുമാണ് റിമി പറഞ്ഞത്. റിമിയുടെ വാക്കുകൾ ഇങ്ങനെ:

 

‘എനിക്ക് നായകുട്ടികളെ പേടിയാണ്. കുട്ടിക്കാലത്ത് പാലായിലൂടെ പാലും പാത്രവും തൂക്കി നടന്നു പോയപ്പോൾ ഒരു നായ എന്റെ പിന്നാലെ വന്നു. പാത്രത്തിലേക്കു നോക്കി നോക്കി വന്ന് അവസാനം എന്റെ കാലിൽ കടിച്ചു. അതുകൊണ്ട് ഒരു ഗുണം ഉണ്ടായി മൂന്നാം ക്ലാസില്‍ എന്നെ പരീക്ഷ എഴുതിപ്പിക്കാതെ ജയിപ്പിച്ചു. അതുപോലെ ഒരിക്കൽ ചിക്കൻപോക്സ് വന്നപ്പോഴും എനിക്ക് പരീക്ഷ എഴുതേണ്ടി വന്നില്ല. എന്റെ വീട്ടിൽ വളർത്തുമൃഗങ്ങൾ ഒന്നും ഇല്ല. പണ്ട് ഒരു പൂച്ച ഉണ്ടായിരുന്നു. അത്തരം ജീവികൾക്ക് അധികം ആയുസ് ഇല്ലല്ലോ. അവ പെട്ടെന്ന് ചത്തു പോകുമ്പോൾ അത് സഹിക്കാൻ പറ്റില്ല. അതുകൊണ്ട് വളർത്തുമൃഗങ്ങളെ വേണ്ട എന്നു വച്ചു.’

 

‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മിഥുനും ദിവ്യയും വീണയും ചിത്രത്തിന്റെ വിശേഷങ്ങൾ വേദിയിൽ പങ്കു വച്ചു. ഹോളിവുഡ് സിനിമയിൽ അഭിനയിച്ച സൂപ്പർ ഡോഗ് ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആ നായയുടെ പ്രത്യേകതകളും ചിത്രീകരണവേളയിലെ വിശേഷങ്ങളും താരങ്ങൾ പങ്കു വച്ചു. മൂവരുടെയും വിശേഷങ്ങളും പാട്ടും തമാശയും ഗെയിമുകളും ഒക്കെ ഒരുമിച്ചു ചേർന്നപ്പോൾ ഒന്നും ഒന്നും മൂന്നിന്റെ എപ്പിസോഡ് പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിച്ചു. 

 

ശിക്കാരി ശംഭു എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം.’ ഗോൾഡൻ എസ് പിക്ചറിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാംകുമാർ എസ്. എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ്. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഖദ, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com