ADVERTISEMENT

മലയാള ചലച്ചിത്ര മേഖലയിൽ ഹിറ്റു ഗാനങ്ങളുടെ പെരുമഴക്കാലം തീർത്ത വർഷമാണ് 2019. ഓരോ ചിത്രവും തിയറ്ററിലെത്തുന്നതിനു മുൻപേ ഗാനങ്ങൾ ആസ്വാദകർക്കിടയിലേക്ക് എത്തി. അതിൽ പലതും ഹിറ്റ് ചാര്‍ട്ടിൽ ഇടം നേടുകയും ചെയ്തു. പാട്ട് റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഗാനം ആസ്വദിക്കുന്നത്. ആവർത്തിച്ചു കേൾക്കുന്നവരുടെ എണ്ണവും കുറവല്ല. ചില പാട്ടുകൾ അങ്ങനെയാണ്. എത്ര കേട്ടാലും മതിയാകില്ല എന്നു മാത്രമല്ല എപ്പോഴും അത് കേട്ടുകൊണ്ടിരിക്കാനും തോന്നും. മൊബൈൽ ഫോൺ റിങ് ടോണുകളായും വാട്സ് അപ്പ് സ്റ്റാറ്റസായുമൊക്കെ ആ ഗാനങ്ങൾ ഇടവേളകളില്ലാതെ കണ്ടും കേട്ടുമിരിക്കാറുണ്ട് സംഗീതപ്രേമികൾ. ആസ്വാദനത്തെ ആഴത്തിൽ സ്പർശിച്ച ഗാനങ്ങൾ എണ്ണമറ്റതാണ്. നിരവധി ഹിറ്റുകൾ സമ്മാനിച്ച് 2019 പടിയിറങ്ങുമ്പോൾ മികച്ച ഗാനങ്ങളായി പ്രേക്ഷകർ തന്നെ അടയാളപ്പെടുത്തിയ ചില പാട്ടുകളിലൂടെ ഒരു കടന്നു പോക്ക്.

 

‘ആരാധികേ

മഞ്ഞുതിരും വഴിയരികേ.

നാളേറെയായി

കാത്തുനിന്നു മിഴിനിറയെ...’

 

ജോൺപോൾ ജോർജ് രചനയും സംവിധാനവും നിർവഹിച്ച ‘അമ്പിളി’ എന്ന ചിത്രത്തിലെ ഗാനമാണിത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് ഈണം പകർന്നിരിക്കുന്നു. ജോണിന്റെ ആദ്യ ചിത്രമായ ‘ഗപ്പി’യിലെ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. അമ്പിളിയിലെ ഈ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടു ചിത്രങ്ങളിലും സംഗീതം പകർന്നത് വിഷ്ണു വിജയ് ആണ്. തിരുവനന്തപുരം സംഗീതകോളജിൽ സഹപാഠികളായിരുന്നു വിഷ്ണുവും ജോണും. കോളജ് കാലം മുതൽ ഇരുവരുടെയും അഭിരുചികൾ തമ്മിൽ നല്ല ചേർച്ച ഉണ്ടായിരുന്നു. ആരാധികേ എന്ന യുഗ്മഗാനത്തിൽ പുരുഷ ശബ്ദം സൂരജിന്റേതാണ്. സൂരജും വിഷ്ണുവും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. കൂടെ പാടിയ മധുവന്തി വിഷ്ണുവിന്റെ ഭാര്യയും. ഈ സൗഹൃദ–സംഗീത കുടുംബത്തിലേക്ക് അതിഥിയായി എത്തിയത് ഗാനരചയിതാവ് വിനായക് ശശികുമാർ മാത്രമാണ്. പാട്ടിൽ ഒരു ഹുക്ക് ലൈൻ വേണം എന്ന് സംവിധായകൻ നിർദേശിച്ച പ്രകാരമാണ് ‘എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേ....’ എന്ന വരികൾ വിനായക് എഴുതിയത്. പുറത്തിറങ്ങിയ അന്നു മുതൽ ആസ്വാദക ഹൃദയം കീഴടക്കാൻ ഈ ഗാനത്തിനു കഴിഞ്ഞു എന്നുള്ളത് സംഗീത സംവിധായകന്റെയും ഗായകരുടെയും ഗാനരചയിതാവിന്റെയും വിജയമാണ്. 

 

‘നീ ഹിമ മഴയായ് വരൂ

ഹൃദയം അണിവിരലാൽ തൊടൂ

ഈ മിഴിയിണയിൽ സദാ

പ്രണയം, മഷിയെഴുതുന്നിതാ

ശിലയായി നിന്നിടാം നിന്നെ നോക്കീ

യുഗമേറെ എന്റെ കൺചിമ്മിടാതെ

എൻ ജീവനേ....’

 

നവാഗതനായ സ്വപ്നേഷ് സംവിധാനം ചെയ്ത ‘എടക്കാട് ബെറ്റാലിയൻ 06’ എന്ന ചിത്രത്തിലെ ഈ പാട്ട് ഒരിക്കലെങ്കിലും കേൾക്കാത്തവർ വിരളമായിരിക്കും. ശ്രോതാക്കളുടെ എണ്ണത്തിൽ റെക്കോർഡിട്ട ഗാനമാണ് തീവണ്ടിയിലെ ‘ജീവാംശമായി’ എന്ന സൂപ്പർഹിറ്റ് ഗാനം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇൗ പാട്ടിന്റെ  അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ തന്നെയാണ് എടക്കാട് ബെറ്റാലിയൻ 06 എന്ന ചിത്രത്തിലെ ‘നീ ഹിമമഴയായ് വരൂ..’  ഗാനവും മലയാളികൾക്ക് സമ്മാനിച്ചത്. ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നത് കൈലാസ് മേനോൻ ആണ്. ഹരിശങ്കറും യുവഗായിക നിത്യ മാമ്മനും ചേർന്നാണ് പാടിയത്. വളരെ വൈകി ചിത്രത്തിന്റെ ഭാഗമായ കൈലാസ് മേനോന് ഈ പാട്ട് ചിട്ടപ്പെടുത്തുമ്പോൾത്തന്നെ ഇത് ഹിറ്റ് ആകുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. തീവണ്ടിയിലെ ഹിറ്റ് ഗാനം ആലപിച്ച ശ്രേയ ഘോഷാലിനെക്കൊണ്ട് ഗാനം പാടിക്കാം എന്ന് ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായി നിത്യ എന്ന ഗായികയെ കിട്ടി. അങ്ങനെ പുതിയ ഗായികയെക്കൊണ്ട് പാടിപ്പിക്കുകയും ആ യുവഗായികയുടെ ശബ്ദത്തിൽ ഈ ഗാനം സംഗീതപ്രേമികൾ ഏറെ ആസ്വദിക്കുകയും ചെയ്തു. 

 

‘ഈ ജാതിക്കാ തോട്ടം 

എജ്ജാതി നിന്റെ നോട്ടം 

എന്റെ ഉള്ളിലെ പന്ത് 

പോലൊരു ഉരുണ്ടു കേറ്റം

കണ്ടാൽ കള്ള പെരുമാറ്റം.....’ 

 

വരിയും ഈണവും ഒരുപോലെ ഇഷ്ടപ്പെട്ട പാട്ടായി മാറിയതാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ ‘ഈ ജാതിക്കാ തോട്ടം’. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലെ ഗാനങ്ങൾക്കു ശേഷം തൊട്ടപ്പനിലെ പശ്ചാത്തല സംഗീതവും ഒരുക്കിയ ജസ്റ്റിൻ വർഗീസ് ആണ് ഈ ചിത്രത്തിനു വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തിയത്. സംവിധായകൻ ആവശ്യപ്പെട്ട പ്രകാരം ഹാസ്യ ഭാവത്തിലുള്ള പാട്ടുകളാണ് തയാറാക്കിയത്. പ്രണയ ഗാനമായാലും വിരഹ ഗാനമായാലും സാധാരണ പോലെ ഒരു പ്രണയവും ദുഃഖവും തോന്നാതെ ‌എല്ലാത്തിലും ഒരു സരസമായ ഭാവം ഉണ്ടാകണം എന്ന് സംവിധായകന് നിർബന്ധമുണ്ടായിരുന്നു. ആ ആവശ്യപ്രകാരം ജസ്റ്റിൻ പാട്ടുകൾ ചെയ്തു. ഹിറ്റാകുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചപ്പോൾ ഈ ചിത്രത്തിനു വേണ്ടി പാട്ടുകൾ ചെയ്താൽ മതിയെന്നും ഹിറ്റ് ആകണമെന്ന് നിർബന്ധമില്ലെന്നും സംവിധായകൻ പറഞ്ഞു. നവാഗതനായ ഷുഹെയിൽ കോയ ആണ് ജാതിക്കാത്തോട്ടത്തിന് വരികളൊരുക്കിയത്. വ്യത്യസ്തമായ ആലാപനശൈലിയിലൂടെ സൗമ്യ രാമകൃഷ്ണൻ ആസ്വാദകരെ ആകർഷിച്ചു. ഗായകനും സംഗീതസംവിധായകനുമായ ബിജിബാലിന്റെ മകൻ ദേവദത്തും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്.

 

‘നീ മുകിലോ പുതുമഴ മണിയോ

തൂ വെയിലോ ഇരുളല നിഴലോ

അറിയില്ലെന്നു നീയെന്ന ചാരുതാ

അറിയാമിന്നിതാണെന്റെ ചേതനാ...’

 

മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രത്തലെ ഈ സൂപ്പർഹിറ്റ് ഗാനത്തിന് റഫീഖ് അഹമ്മദ് ആണ് വരികൾ എഴുതിയത്. ഗോപി സുന്ദർ ഈണം പകർന്ന ഗാനം സിത്താര കൃഷ്ണകുമാറും വിജയ് യേശുദാസും ചേർന്ന് ആലപിച്ചിരിക്കുന്നു. പാട്ട് ചിട്ടപ്പെടുത്തിയപ്പോൾത്തന്നെ സംഗീതസംവിധായകന് മനസ്സിൽ തോന്നിയ പേരുകളാണ് സിത്താര കൃഷ്ണകുമാറും വിജയ് യേശുദാസും. അധികം ആലോചിക്കാതെ തന്നെ ആലാപനം അവരെ ഏൽപിച്ചു. ഇരുവരും അതി മനോഹരമായി ഗാനം ആലപിച്ചു. ചിത്രത്തിൽ ആദ്യം നായകനായും പിന്നീട് വില്ലനായും പ്രത്യക്ഷപ്പെടുന്ന ആസിഫ് അലിയാണ് ഗാനത്തില്‍ ഉള്ളത്. ‘നീ മുകിലോ പുതുമഴ മണിയോ’ എന്ന വരികളിലൂടെ കാമുകനെക്കുറിച്ച് ഒരു കൺഫ്യൂഷൻ റഫീഖ് അഹമ്മദ് വരികളിൽ കുറിച്ചിട്ടിട്ടുണ്ട്.

 

‘ഉയിരിൽ തൊടും തളിർ

വിരലാവണേ നീ

അരികേ നടക്കണേ അലയും

ചുടുകാറ്റിനു കൂട്ടിണയായ്

നാമൊരു നാൾ കിനാക്കുടിലിൽ

ചെന്നണയുമിരുനിലാവലയായ്...’

 

മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ‘ഉയിരിൽ തൊടും’ എന്ന ഗാനം ആസ്വാദകരുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടിരുന്നു. സുഷിൻ ശ്യാമിന്റെ ഈണത്തിൽ പിറന്ന ഗാനം സൂരജ് സന്തോഷും ആൻ ആമിയും ചേർന്ന് പാടി അതി മനോഹരമാക്കി. അൻവർ അലി ആണ് ഗാനത്തിന് വരികൾ ഒരുക്കിയത്. ഗാനാസ്വാദകർ ആവർത്തിച്ചു കേൾക്കുന്ന പാട്ടുകളിലൊന്നായി അതു മാറി. ചിത്രത്തിനു വേണ്ടി മറ്റൊരു പാട്ടെഴുതിയ വിനായക് ശശികുമാർ, താൻ എഴുതിയ പാട്ടിനേക്കാൾ കൂടുതലായി ഈ ഗാനമാണ് കേൾക്കാറുള്ളതെന്ന് പറയുന്നു. അത്രമാത്രം സംഗീതപ്രേമികളുടെ മനസ്സിനെ തൊട്ടു തഴുകിപ്പോയ ഗാനമാണിത്.  

 

‘ഒരു നിലാ മഴ പോലെ 

അരികിലണയുകയായ് നീ

പുലരിയേക്കാളേറെ

തെളിമ പകരുകയായ് നീ...’

 

രാജേഷ് മോഹനന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായെത്തിയ ‘തൃശൂർ പൂരം’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് ഈണം പകർന്നത് രതീഷ് വേഗയാണ്. ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും തന്റെ പാട്ട് ഇത്ര ഹിറ്റായതോർത്ത് രതീഷ് വേഗ പോലും കണ്ണു മിഴിച്ചു. ഈ പാട്ടിനൊപ്പം രതീഷ് മറ്റൊരെണ്ണം കൂടി ചെയ്തിരുന്നു. ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന കൺഫ്യൂഷൻ മാറ്റിയത് സംവിധായകൻ രാജേഷ് മോഹനൻ ആണ്. ഈ പാട്ട് വിജയിക്കും എന്ന ആത്മ വിശ്വാസം നൽകിയെങ്കിലും പാട്ടിന്റെ വിജയം തികച്ചും അപ്രതീക്ഷിതം ആയിരുന്നുവെന്ന് അണിയറക്കാർ വ്യക്തമാക്കുന്നു. വളരാനും തളരാനും ഒരു കാലമുണ്ടെന്ന് വിശ്വസിക്കുന്ന രതീഷ് വേഗയ്ക്ക് ഈ വിജയം അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകം കൂടിയാണ്. ബി.കെ.ഹരിനാരായണൻ ആണ് ഗാനത്തിന് വരികളൊകളൊരുക്കിയത്. ഹരിചരണിന്റെ ആലാപന മികവിൽ തിളങ്ങിയ ഗാനത്തിന് ആസ്വാദകഹൃദയം വളരെ എളുപ്പത്തിൽ കീഴടക്കാൻ സാധിച്ചു. 

 

‘ദൂരെ ഒരു മഴവില്ലിൻ ഏഴാം യാമം പോൽ

തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം

ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം

നീയാം സ്വരജതിയിൽ എൻ മൗനം വാചാലം....’

 

പി.എസ്. ജയഹരി ആദ്യമായി സംഗീതം പകർന്ന ചിത്രമാണ് അതിരൻ. ആദ്യ ചിത്രത്തിലെ ഗാനങ്ങൾത്തന്നെ ഹിറ്റ് ആയി എന്നു മാത്രമല്ല ഇന്നും ഈ ഗാനം യുവക്കള്‍ നെഞ്ചിലേറ്റി ആരാധിക്കുന്നു. കെ.എസ്.ഹരിശങ്കറിന്റെ ആലാപന മികവ് എടുത്തു പറയണം. വിനായക് ശശികുമാറിന്റെ വർണനാതീതമായ വരികൾ ഗാനത്തിന്റെ മാറ്റ് വർധിപ്പിക്കുന്നു. ദൃശ്യങ്ങൾ കൊണ്ടും പ്രേക്ഷകർക്ക് വിരുന്നൊരുക്കിയ ഗാനമാണിത്. ഫഹദ് ഫാസിലും സായ് പല്ലവിയും താരജോഡികളായെത്തിയ ചിത്രമാണ് അതിരൻ. 

 

‘പറയുവാൻ ഇതാദ്യമായി വരികൾ മായയെ

മിഴികളിൽ ഒരാരായിരം മഴവിൽ പോലെ

ശലഭമായി പറന്നൊരാൾ അരികിൽ ചേരും

പതിയെ ഞാൻ തൊടുന്നതും അവളോ മായും....’

 

ഷെയ്ൻ നിഗത്തിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘ഇഷ്ക്’ എന്ന ചിത്രത്തിലെ ഗാനമാണിത്. ജോപോൾ രചിച്ച വരികൾക്ക് ഈണം പകർന്നത് ജേക്സ് ബിജോയ്. സിദ് ശ്രീരാം മലയാളത്തിൽ ആദ്യമായി പാടിയ ഗാനമാണിത്. സിദ് ശ്രീരാമിനൊപ്പം നേഹ അയ്യരും ആലാപനത്തിൽ പങ്കു ചേർന്നു. ആലാപന മികവു കൊണ്ട് ഹിറ്റ് ചാർട്ടിൽ ഇടം നേടാൻ ഈ ഗാനത്തിന് സാധിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com