ADVERTISEMENT

പ്രണയഗാനവും വിരഹഗാനവും യുഗ്മഗാനവും മാത്രമല്ല അടിച്ചു പൊളിക്കാനുള്ള ഒന്നാംതരം പാട്ടുകളും സമ്മാനിച്ച ശേഷമാണ് 2019 പടിയിറങ്ങുന്നത്. ആഘോഷപ്പാട്ടുകൾ ആസ്വാദകരിൽ ജനിപ്പിക്കുന്ന ആവേശം ചെറുതൊന്നുമല്ല. ഏതു സാഹചര്യവും ആഘോഷഭരിതമാക്കാൻ പതിവായി തിരഞ്ഞെടുക്കുന്ന ചില പാട്ടുകളുണ്ട്. പ്രായ ഭേദമില്ലാതെ എല്ലാവരും അവ ആസ്വദിക്കുകയും ചെയ്യും. പുറത്തിറങ്ങിയ അന്നു മുതൽ ശ്രോതാക്കളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച പാട്ടുകൾ എന്നും പ്രേക്ഷകരെ ആനന്ദ ലഹരിയിൽ ആറാടിക്കാറുണ്ട്; പ്രത്യേകിച്ച് യുവാക്കളെ. അത്തരത്തിൽ ഈണം കൊണ്ടും താളം കൊണ്ടും ഈ വർഷം സംഗീതലോകത്ത് തരംഗമായി മാറിയ പാട്ടുകളിലൂടെ ഒരു കടന്നു പോക്ക്. 

 

‘മോഹമുന്തിരി വാറ്റിയ രാവ്

സ്നേഹരതിയുടെ രാസനിലാവ്

ഹൃദയരാഗം ചിറകിൽ വിരിയും

മധുരവീഞ്ഞിൽ ശലഭം വരവായ്...’

 

മമ്മൂട്ടി നായകനായെത്തിയ ‘മധുരരാജ’ എന്ന ചിത്രത്തിലെ ഈ ഗാനം കേട്ടാൽ ഇരിക്കുന്നിടത്തുനിന്ന് അറിയാതെ എഴുന്നേറ്റ് ചുവടു വച്ചു പോകുന്ന സംഗീതപ്രേമികളുണ്ട്. കാരണം ഈ പാട്ട് ആസ്വാദകരിൽ സൃഷ്ടിച്ച ആവേശവും ആഹ്ലാദവും ചെറുതല്ല. സണ്ണി ലിയോൺ തകർത്താടിയ ഈ പാട്ട് റിലീസ് ചെയ്ത അന്നു മുതൽ സമൂഹമാധ്യമങ്ങളിലും ആരാധകരുടെ നെഞ്ചിലും തരംഗം സൃഷ്ടിക്കുകയാണ്. ഒരു അടിപൊളി ഗാനത്തിനു വേണ്ട എല്ലാ ചേരുവകളും ചേർത്താണ് പാട്ട് പ്രേക്ഷകരിലേക്ക് എത്തിയത്. ബി.കെ.ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. സിത്താരയുടെ ശബ്ദവും ആലാപനശൈലിയും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പല ഗായകരും പലപ്പോഴായി നിരവധി സ്റ്റേജ് പരിപാടികളിൽ ഈ ഗാനം പാടി ആസ്വാദകരെ ആവേശത്തിലാറാടിച്ചിട്ടുണ്ട്. ബസ് യാത്രയ്ക്കിടയിൽ ഒരു സ്ത്രീ സ്വയം മറന്ന് ഈ ഗാനത്തിനു ചുവടു വച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രായഭേദമില്ലാതെ എല്ലാവരും തന്റെ ഗാനം ഏറ്റെടുത്തതിലുള്ള സന്തോഷം അന്ന് ഗോപിസുന്ദർ പങ്കു വച്ചു. 

 

‘വാഴയ്ക്ക വെള്ളരിക്ക കത്തിരിക്ക കൂട്ട്

രാവത് തപ്പടിച്ച് പോരട്ടെ നിൻ പാട്ട്

മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ

മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ

എന്തിനെന്റെ ബാബു ബാബു ബാബ്വേട്ടാ....’

 

ദിലീപ് നായകനായെത്തിയ ‘കോടതി സമക്ഷം ബാലൻ വക്കീൽ’ എന്ന ചിത്രത്തിൽ നേഹ അയ്യരുടെ ഐറ്റം ഡാൻസുമായെത്തി ആരാധകഹൃദയങ്ങളിൽ കയറിക്കൂടിയ ഗാനമാണ് ‘ബാബ്വേട്ടാ’. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നു. സിത്താര കൃഷ്ണകുമാറിന്റെ ആലാപനശൈലിയിൽ തിളങ്ങിയ ഗാനം ടിക് ടോക്കിലും തരംഗമായിരുന്നു. പാട്ടിന്റെ ഓഡിയോ എത്തിയപ്പോൾത്തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ ഈ ഐറ്റം ഡാൻസ് ഗാനം മലയാളത്തിലായതിനെ വിമർശിച്ച് പലരും രംഗത്ത് വന്നിരുന്നു. ഇത്രയും മോശമായ രീതിയിൽ ഈ പാട്ട് വേണ്ടിയിരുന്നില്ല എന്നുള്ള തരത്തിൽ പല അഭിപ്രായങ്ങൾ ഉയർന്നു. എന്നാൽ ഇത്തരം ഗാനങ്ങൾ തമിഴിലോ തെലുങ്കിലോ വന്നാൽ ഗംഭീരമാകുമെന്ന് പറയുന്നവർ തന്നെയാണ് മലയാളത്തിൽ വരുമ്പോൾ വിമർശിക്കുന്നതെന്ന് പറഞ്ഞ് ആരാധകർ ശക്തമായ ഭാഷയിൽ മറുപടി കൊടുത്തു. വിമർശനങ്ങളെയൊന്നും വകവയ്ക്കാതെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഈ ആഘോഷപ്പാട്ട് ആസ്വാദകരിൽ സൃഷ്ടിച്ച ആവേശം ചെറുതല്ല.  

 

‘കുടുക്ക് പൊട്ടിയ കുപ്പായം

ഉടുത്തു മണ്ടണ കാലത്തേ

മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ

നടുക്കിരുന്നവളാണേ നീ....’

 

ഹാസ്യം തുളുമ്പുന്ന വരികളും ആലാപനവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് നിവിൻ പോളി നായകനായെത്തിയ ‘ലവ് ആക്‌ഷൻ ഡ്രാമ’ എന്ന ചിത്രത്തിലെ ഈ പാട്ട്. ഷാൻ റഹ്മാൻ ഈണം പകർന്ന ഗാനം വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്നു. മനു മഞ്ജിത്തിന്റേതാണ് വരികൾ. ഇത്തരത്തിലുള്ള തമാശപ്പാട്ടുകൾ എഴുതുന്നത് യഥാർഥത്തിൽ ഒരു പരീക്ഷണമാണെന്ന് മനു മഞ്ജിത്ത് തന്നെ പറയുന്നു. സിനിമയിലെ ഹാസ്യാത്മക രംഗങ്ങളുമായി ചേർന്നു നിൽക്കുമ്പോഴേ അത്തരം ഗാനങ്ങൾ ശ്രദ്ധിക്കപ്പെടുകയുള്ളു. വളരെ റിസ്ക് എടുത്താണ് ഇത്തരം തമാശപ്പാട്ടുകൾ ചെയ്യുന്നതെന്നും അവ സ്വീകരിക്കപ്പെടാനും തള്ളിക്കളയാനും സാധ്യതയുണ്ടെന്നും അദ്ദേഹം മനേരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുടുക്ക് പാട്ട് ഹിറ്റ് ആയി എന്നു മാത്രമല്ല യുവാക്കളുടെ ഹരമായി മാറുകയും ചെയ്തു. പുരസ്കാര വേദിയിൽ ഈ പാട്ടിനൊപ്പം നിവിൻ പോളി ചുവടു വച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

‘ഞാൻ ജാക്സണല്ലെടാ

ന്യൂട്ടൺ അല്ലെടാ 

ജോക്കറല്ലെടാ

മൂൺവാക്കുമില്ലെടാ

സ്റ്റാറുമില്ലെടാ

ഒന്നുമില്ലെടാ....’

 

സൗബിൻ സാഹിറിനെ നായകനാക്കി ജോൺ പോൾ സംവിധാനം ചെയ്ത ‘അമ്പിളി’ എന്ന ചിത്രത്തിലെ ഈ പാട്ട് ആരാധകർ നെഞ്ചോടു ചേർത്തു. ആന്റണി ദാസന്റെ വ്യത്യസ്തമായ ആലാപനത്തിൽ തിളങ്ങിയ പാട്ടിന് സൗബിന്റെ ചടുലമായ നൃത്തച്ചുവടുകൾ മാറ്റു കൂട്ടി.  വിനായക് ശശികുമാറിന്റേതാണ് വരികൾ. വിഷ്ണു വിജയ് ആണ് പാട്ടിന് ഈണം പകർന്നത്. ജോൺ പോളും വിഷ്ണുവും തിരുവനന്തപുരം സംഗീതകോളജിൽ സഹപാഠികളാണ്. പഠിക്കുന്ന കാലം മുതൽ ജോണിന്റെയും വിഷ്ണുവിന്റെയും സംഗീത അഭിരുചികളിൽ ഏറെ സാമ്യം ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രമായ ഗപ്പിയിലെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്പിളിയുടെ ഓഡിയോ ലോഞ്ച് വേദിയിൽ കുഞ്ചാക്കോബോബനും നസ്രിയയും സൗബിനൊപ്പം ഈ പാട്ടിനു ചുവടു വച്ചത് സമൂഹമാധ്യമലോകം ഏറ്റെടുത്തിരുന്നു. 

 

‘എന്നാ ഉണ്ട്ര ഉവ്വേ കേട്ടോ

സ്ലീവാച്ചൻ ഈ നാളിൽ 

പെണ്ണും പൊന്നും 

ചേരുന്ന കല്യാണമാ....’

 

ആസിഫ് അലിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലെ ഗാനമാണിത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് വില്യം ഫ്രാൻസിസ് ഈണം പകർന്ന് ആലപിച്ചിരിക്കുന്നു. ആലാപനശൈലിയിലും താളത്തിലും വ്യത്യസ്തത പുലർത്തുന്ന ഗാനം ആരാധകർക്ക് പുത്തനനുഭവം തന്നെ സമ്മാനിച്ചു. പതിനഞ്ച് വർഷത്തോളമായി ചലച്ചിത്ര മേഖലയിലുള്ള വില്യം ഫ്രാൻസിസ് മുന്നൂറോളം സിനിമകളിൽ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സംഗീത സംവിധാന സംരംഭമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ചിത്രത്തിലെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യ ഗാനങ്ങൾ തന്നെ ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടിയതിന്റെ സന്തോഷം വില്യം മനോരമ ഓൺലൈനിനോടു പങ്കു വച്ചിരുന്നു. ഈ ചിത്രത്തിനു ശേഷം തനിക്ക് ഒരുപാട് സിനിമകളിൽ സംഗീതമൊരുക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com