കേട്ടോ, നഞ്ചിയമ്മയുടെ പാട്ട് സിനിമയിൽ

nanchiyamma-still
SHARE

അഗളി∙ സിനിമ പുറത്തിറങ്ങും മുൻപേ പാട്ടും പാട്ടുകാരിയും ഹിറ്റാകുന്നതു പുതിയ വാർത്തയല്ല. പക്ഷേ അട്ടപ്പാടിയും ആദിവാസിയുമാകുമ്പോൾ വലിയ ചരിത്രമാണ്. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിൽ പാടിയും അഭിനയിച്ചുമാണ് അട്ടപ്പാടി നക്കുപ്പതി പിരിവ് ഊരിലെ നഞ്ചിയമ്മ താരമായിരിക്കുന്നത്. പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷങ്ങൾ ചെയ്ത സിനിമ റിലീസാകാനിരിക്കുന്നതേയുള്ളൂ. അതിനുമുൻപേ നഞ്ചിയമ്മയുടെ പാട്ട് ലക്ഷങ്ങൾ കണ്ടും കേട്ടും കഴിഞ്ഞു. ഉടനീളം അട്ടപ്പാടിയിൽ ചിത്രീകരിച്ച പടത്തിൽ ടൈറ്റിൽ സോങ് ഉൾപ്പെടെ ഒന്നിലധികം പാട്ടുകൾ നഞ്ചിയമ്മയുടേതാണ്. സിനിമാ നടനായ ആദിവാസി കലാകാരൻ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ. 

ആട് മാടു മേച്ചും കൃഷിപ്പണിയെടുത്തും ഉപജീവനം കഴിക്കുന്ന നഞ്ചിയമ്മയ്ക്കു കല രക്തത്തിൽ അലിഞ്ഞതാണ്.അഗളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നിർമിച്ച് അധ്യാപിക സിന്ധു സാജൻ സംവിധാനം ചെയ്ത ‘അഗ്ഗെദ് നായാഗ’ എന്ന ഹൃസ്വചിത്രമാണു നഞ്ചിയമ്മയുടെ ആദ്യ സിനിമ. 2015ൽ ഇതിനു സംസ്ഥാന ടെലിവിഷൻ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2016 ൽ സംസ്ഥാന അവാർഡ് നേടിയ റാസി മുഹമ്മദിന്റെ ‘വെളുത്ത രാത്രികൾ’എന്ന ചിത്രത്തിലെ 5 പാട്ടുകൾ പാടിയതും നഞ്ചിയമ്മയാണ്.

വാമൊഴിയായി തലമുറകളിലൂടെ കൈമാറി കിട്ടിയവയാണ് അട്ടപ്പാടിയിലെ ആദിവാസിപ്പാട്ടുകൾ. ആദിവാസി ഭാഷകൾക്കു ലിപിയില്ലാത്തതിനാൽ ചന്തം ചോരാതെ കാത്തുസൂക്ഷിക്കാൻ മറ്റുഭാഷകൾക്കാവില്ല. തലമുറകൾ ഏറ്റുപാടി മനസ്സിൽ സൂക്ഷിച്ച പാട്ടുകളാണു നഞ്ചിയമ്മ പാടുന്നത്. താരാട്ടായും കൃഷിപാട്ടായുമൊക്കെ നൂറു കണക്കിന് ഗാനങ്ങൾ. അവയുടെ സൗരഭ്യം ചുരവും മലകളുടെ അതിരും കടന്നു മലയാളമാകെ പരക്കുകയാണിപ്പോൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ