ഈ പാട്ടു കേൾക്കുമ്പോൾ നീ കൂടെയുണ്ടാവണം...

singers-images
SHARE

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...

–ജെൻസി

‘നീ എത്ര ധന്യ’  സിനിമയിൽ ഒഎൻവിയുടെ വരികൾക്ക് ദേവരാജൻ ഈണം നൽകി യേശുദാസ് പാടിയത്. ‘ഇതിലും മനോഹരമായി നമുക്കു പ്രണയം പറയാനാവില്ല. ഇതിലും മനോഹരമായി അതു പാടാനുമാവില്ല. ഒഎൻവിയും യേശുദാസും അത്രമാത്രം പ്രണയം നൽകിയാണ് ഇത് എഴുതുകയും പാടുകയും ചെയ്തിരിക്കുന്നത്. അവർത്തിച്ചാവർത്തിച്ച് കേൾക്കാൻ തോന്നിപ്പിക്കുന്ന ഒന്നാം തരം സംഗീതംതന്നെ നൽകി ദേവരാജൻ മാസ്റ്റർ. ‘രാത്രി മഴ പെയ്തു തോർന്ന നേരം..’. എന്നു തുടങ്ങുന്ന ചരണമാണ് എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം. ‘ഒരു മാത്ര വെറുതേ നിനച്ചുപോയി..’. എന്നു ദാസേട്ടൻ പാടി കേൾക്കുമ്പോൾ ആ വരികൾ എഴുതിയ ഒഎൻവി സാറിനെ ഞാൻ നമിച്ചു പോകുന്നു. 

ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ....

–ദേവാനന്ദ്

പാടുന്ന പുഴ  സിനിമയ്ക്കു വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച് ദക്ഷിണാമൂർത്തി ഈണം നൽകി യേശുദാസ് പാടിയ ഈ ഗാനമാണ് ദേവാനന്ദിന്റെ പ്രിയ പ്രണയഗാനം. ‘പ്രണയാർദ്രമായ വരികൾ, ലളിതവും എന്നാൽ ക്ലിഷ്ടവുമല്ലാത്ത സംഗീതം. സ്റ്റേജിൽ പാടിയാൽ നല്ല ഇഫക്ടുണ്ട് എന്നതും ഈ പാട്ടിന്റെ പ്രത്യേകതയാണ്. ഒരിക്കൽ ദക്ഷിണാമൂർത്തി സ്വാമികളുടെ മുന്നിൽവച്ച് ഒരു ടിവി ഷോയിൽ ഹൃദയസരസ്സിലെ പാടാനുള്ള ഭാഗ്യം ഉണ്ടായി. കഴിഞ്ഞപ്പോൾ അവതാരകൻ അഭിപ്രായം ചോദിച്ചു. ‘സ്വാമി പറഞ്ഞു, ‘പാടിപ്പാടി അവനത് ശരിയാക്കിയെടുത്തു.’

മാണിക്യ വീണയുമായെൻ...

–കെസ്റ്റർ

‘കാട്ടുപൂക്കൾ’ എന്ന സിനിമയ്ക്കുവേണ്ടി ഒഎൻവി എഴുതി ദേവരാജൻ സംഗീതം നൽകിയ ഗാനം. ‘ഇതിന്റെ പ്രണയാർദ്രമായ ലളിത ഈണമാണ് എന്നെ ഈ ഗാനത്തിലേക്ക് ആദ്യം ആകർഷിച്ചത്. പിന്നെയാണ് അർഥം ശ്രദ്ധിക്കുന്നത്. ഏതൊരു കാമുകന്റെയും മനസ്സിൽ തോന്നുന്ന കാര്യങ്ങളൊക്കെത്തന്നെയാണ് ഒഎൻവി സാർ എഴുതിയിരിക്കുന്നത്. ഒട്ടും അതിശയോക്തിയില്ലാതെ ആ കാമുകമനസ്സ് അദ്ദേഹം നല്ല പദങ്ങളിൽ ആവിഷ്ക്കരിച്ചിരിക്കുന്നു. പാടാൻ എളുപ്പമായതുകൊണ്ട്, ഒരുപാട് വേദികളിൽ ഇതു ഞാൻ പാടിയിട്ടുമുണ്ട്.

പാതി മെയ് മറഞ്ഞതെന്തേ...

–വിജേഷ് ഗോപാൽ

‘പാവം പാവം രാജകുമാരൻ’ സിനിമയ്ക്കുവേണ്ടി കൈതപ്രത്തിന്റെ രചനയിൽ ജോൺസൺ സംഗീതം ചെയ്തഗാനം. എന്റെ പ്രിയപ്പെട്ട കല്യാണി രാഗത്തിലാണ് ഇതു ചെയ്തിരിക്കുന്നത്. വിരഹത്തിന്റെ ഛായയുള്ള പ്രണയഗാനം. എനിക്കു വേദികളിൽ പാടാൻ ഒരുപാട് ഇഷ്ടമുള്ള പാട്ടാണിത്. ജോൺസൺ ഗംഭീരമായി ചെയ്തിരിക്കുന്ന അനുപല്ലവി പാടാൻ ഒരു പ്രത്യേകസുഖമുണ്ട്. രണ്ട് ചരണത്തിന്റെയും ഒടുവിലെ ‘അമൃകണം വീണു’ എന്ന ഭാഗം പാടുമ്പോൾ വല്ലാത്ത ഒരു അനുഭൂതിയാണ്. പറഞ്ഞറിയിക്കാനാവില്ല ആ സുഖവും രസവും.

അരികത്തായാരോ പാടുന്നുണ്ടോ...

– എലിസബത്ത് രാജു

‘ബോ‍ഡിഗാർഡ്’ സിനിമയിൽ ഔസേപ്പച്ചൻ സംഗീതം നൽകി അനിൽ പനച്ചൂരാൻ എഴുതിയ ഗാനമാണിത്. ‘ഞാൻ സിനിമയിൽ ആദ്യമായി പാടിയ പാട്ടായതുകൊണ്ടുതന്നെ ഈ പ്രണയ ഗാനത്തോട് ഇഷ്ടം കൂടും. പക്ഷേ, അതുമാത്രമല്ല, തന്റെ മനസ്സിൽ തോന്നുന്ന വികാരം പ്രണയമാണോ എന്നു തിരിച്ചറിയാനാവാത്ത ഒരവസ്ഥ എല്ല‌ാ പ്രണയത്തിന്റെയും ആരംഭത്തിൽ ഉണ്ടാവും. ആ ഒരവസ്ഥയാണ് ഈ പാട്ട് വിവരിക്കുന്നത്. അത്തരം പാട്ടുകൾ  നമുക്കു കുറവാണ്. അതും ഈ പാട്ടിനോട് എനിക്കുള്ള വലിയ ഇഷ്ടത്തിനു കാരണമാണ്.’ 

ലക്ഷാർച്ചനകണ്ട്...

–പ്രദീപ് പള്ളുരുത്തി 

‘അയലത്തെ സുന്ദരി’ സിനിമയ്ക്കുവേണ്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി ശങ്കർ ഗണേഷ് ഈണം നൽകിയ ഗാനമാണിത്. ‘തമിഴ് പാട്ടുകളാണ് ഞാൻ പതിവായി ഗാനമേളകളിൽ പാടിയിരുന്നത്. ഒരിക്കൽ മങ്കൊമ്പ് സാറിന്റെ ഏതെങ്കിലും ഒരു പാട്ട് പാടണം എന്ന ആവശ്യം വന്നു. അന്നാണ് യാദൃച്ഛികമായി ഈ പാട്ട് എന്റെ ശ്രദ്ധയിൽ പെടുന്നത്. എന്തൊരു ഉഗ്രൻ വരികളാണ്. നല്ല സംഗീതവും. ശൃംഗാരവും പ്രണയവും തുളുമ്പി നിൽക്കുന്ന ആ വരികൾ ആരെയാണ് ആകർഷിക്കാത്തത്? ആ പാട്ട് കേൾക്കുമ്പോൾ ആരുടെ മനസ്സിലാണ് ഉന്മാദവിസ്മൃതിയുടെ അജ്ഞാത സൗരഭം പടർന്നു കയറാത്തത്?’ 

ശരദിന്ദു മലർദീപനാളം...

–സന്തോഷ് വർമ

‘ഉൾക്കടൽ’ചിത്രത്തിനുവേണ്ടി ഒഎൻവിയുടെ വരികൾക്ക് എം.ബി. ശ്രീനിവാസൻ സംഗീതം നൽകിയ ഗാനം. ‘ഒരുപാട്ടിന്റെ എല്ലാ ഘടകങ്ങളം നന്നായി വരിക എന്നു പറയില്ലേ? അത് എപ്പോഴും സംഭവിക്കാറില്ല. അത്തരമൊരു പാട്ടാണിത്. ഒഎൻവിയുടെ മനോഹര രചന. എം.ബിഎസിന്റെ സംഗീതം എപ്പോഴും വ്യത്യസ്തമായിരിക്കും. ഈ ഗാനത്തിലും അങ്ങനെതന്നെ. നമ്മെ എങ്ങോട്ടൊക്കെയോ കൊണ്ടുപോവുകയാണ് ആ ഈണം. ജയചന്ദ്രനും സെൽമാ ജോർജും വശ്യമായി ആലപിച്ചിരിക്കുന്നു. കേൾക്കുമ്പോഴെല്ലാം മനസ്സിൽ പ്രണയം വന്നു നിറയുന്ന ഗാനമാണിത്.’ 

അനുരാഗലോല ഗാത്രി....

–ചിത്ര അരുൺ

‘ധ്വനി’ സിനിമയ്ക്കുവേണ്ടി നൗഷാദിന്റെ സംഗീതത്തിൽ യൂസഫലി കേച്ചേരി എഴുതിയത്. ‘എന്താണ് ഈ പാട്ടിനോടുള്ള ഇഷ്ടമെന്ന് ചോദിച്ചാൽ പറയാനറിയില്ല. കോംപോസിങ്ങും രചനയുമെല്ലാം പ്രണയത്തിൽ കുളിച്ചു നിൽക്കുകയാണ്. ഇതു കേൾക്കുമ്പോൾ ശരിക്കും പ്രണയം അനുഭവിക്കാൻ പറ്റുന്നു. മനസ്സിൽ ഇപ്പോഴും പ്രണയം മരിച്ചിട്ടില്ല, എന്നു മാത്രമല്ല ഒട്ടും കുറവില്ലാതെ അതു മനസ്സിലുണ്ടെന്ന തിരിച്ചറിവു നൽകുന്ന പാട്ടാണിത്. ചില വേദികളിൽ ഇതു പാടാനും കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ഇതേ പ്രണയാനുഭവം മനസ്സിൽ ഉണ്ടാകാറുണ്ട്. ‘ശരദിന്ദു  മലർദീപം..’ പാടുമ്പോഴും ഇങ്ങനെ പ്രണയം അനുഭവിക്കാൻ പറ്റാറുണ്ട്.’ 

ഒരു പുഷ്പം മാത്രമെൻ....

–നജിം അർഷാദ്

‘പരീക്ഷ’ എന്ന ചിത്രത്തിനുവേണ്ടി പി.ഭാസ്കരൻ എഴുതി ബാബുരാജ് ഈണമിട്ട് യേശുദാസ് പാടി അനശ്വരമാക്കിയ ഗാനം. ‘ഇതിന്റെ രാഗമാണ് എന്നെ ഈ പാട്ടിലേക്ക് ആകർഷിച്ചത്. ‘ദേശ്’ എന്ന ഹിന്ദുസ്ഥാനി രാഗമാണ് ഇതിന്റെ അടിസ്ഥാനം. അന്നത്തെ കാലത്ത് ബാബുക്ക ഇത്ര മനോഹരമായി അതു ചെയ്തുവച്ചു. പൊടി പ്രണയമൊക്കെ ചെറുപ്പത്തിൽ മനസ്സിൽ തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും സഫലമാക്കാനുള്ള വൈഭവം ഇല്ലായിരുന്നു. അതുകൊണ്ട് അന്നത്തെ പുഷ്പങ്ങളൊക്കെ വാടിക്കൊഴിഞ്ഞിട്ടേയുള്ളൂ.  വേദികളിൽ ഞാൻ അവർത്തിച്ചു പാടുന്ന പാട്ടാണിത്. ഒരു പുഷ്പം.... എന്നു പാടിത്തുടങ്ങുമ്പോഴേ കയ്യടി ഉറപ്പ്. മലബാറുകാർക്ക് ഈ പാട്ടിനോട് ഒരു പ്രത്യേക പ്രിയമുണ്ടെന്ന് അനുഭവമുണ്ട്.

ശ്രീരാഗമോ...

–കൈലാസ് ജി. മേനോൻ

‘പവിത്രം’ സിനിമയിൽ‍‍ ഒഎൻവിയുടെ വരികൾക്ക് ശരത് സംഗീതം നൽകിയ ഗാനം. കാലം ചെല്ലുംതോറും മാധുര്യം ഏറി വരുന്ന പ്രണയഗാനമാണിത്. അത് ഇറങ്ങിയ കാലത്തെക്കാൾ ആരാധകർ ഇന്ന് ഈ പാട്ടിനുണ്ട്. എവർ ഗ്രീൻ സോങ് എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. അതിലെ വരികളുടെ ഭംഗിയും എടുത്തു പറയേണ്ടതാണ്. ദാസേട്ടന്റെ പ്രത്യേകതയുള്ള ആലാപനം. എല്ലാ അംശങ്ങളും ഒരുപോലെ മികച്ചതാണെങ്കിലും സംഗീത സംവിധായകൻ ശരത്തിന്റെ സംഭാവനയാണ് എടുത്തു പറയേണ്ടത്. എന്റെ തലമുറയിലുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് ശ്രീരാമഗമോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA