ദൂരെ മാമരക്കൊമ്പിൽ പാടി രഞ്ജിനി ജോസ്; പ്രണയദിനത്തിനു പകിട്ടേകാൻ ഈ കവർ ഗാനം

ranjini-jose-still
SHARE

പ്രണയദിനത്തിന് പകിട്ടേകാൻ കവർ ഗാനവുമായി രഞ്ജിനി ജോസ്. മലയാളത്തിലെ നിത്യഹരിത ഗാനങ്ങളുടെ പട്ടികയിൽ എന്നും മുന്‍പന്തിയിൽ നിൽക്കുന്ന ദൂരെ മാമരക്കൊമ്പിൽ എന്ന പാട്ടിനാണ് രഞ്ജിനി കവർ പതിപ്പ് ഒരുക്കിയത്. രഞ്ജിനിയുടെ മധുരനാദം ആസ്വാദകഹൃദയങ്ങൾ കീഴടക്കുകയാണ്. ആരാധ്യ ഗായിക കെ.എസ്.ചിത്രയോടുള്ള ആദരമായാണ് രഞ്ജിനി കവർ ഗാനം ഒരുക്കിയത്. 

ചിത്രയാണ് തന്റെ പ്രിയ ഗായികയെന്നും ചിത്രയുടെ സ്നേഹം തുളുമ്പുന്ന പാട്ടുകൾ കേട്ട് ആസ്വദിച്ചു കൊണ്ടാണ് താൻ ഈ പ്രണയദിനം ആഘോഷിക്കുന്നതെന്നും പാട്ടു പങ്കുവച്ചു കൊണ്ട് രഞ്ജിനി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഈ പാട്ടിലൂടെ തന്റെ പ്രിയ ഗായികയോടുള്ള സ്നേഹവും ആദരവും പ്രകടമാക്കുകയാണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. 

ചാൾസ് നസറത്ത് ആണ് കവർ പതിപ്പിനു സംഗീതം പകർന്നത്. ആലാപനം കൊണ്ടും ദൃശ്യാവിഷ്കാരം കൊണ്ടും മുന്നിട്ടു നിൽക്കുന്ന പാട്ടിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. രഞ്ജിനിയുടെ ആലാപനത്തെ പ്രശംസിച്ച് നിരവധി പേർ കമന്റുകളിട്ടു. പ്രണയദിനത്തിൽ ഇത്തരമൊരു സംഗീതസമ്മാനം ലഭിച്ചതിന്റെ സന്തോഷവും ആരാധകർ പ്രകടമാക്കി. 

മോഹൻലാലിനെ നാകനാക്കി ഐ.വി.ശശി സംവിധാനം ചെയ്ത് 1997–ൽ പുറത്തിറങ്ങിയ വർണപ്പകിട്ട് എന്ന ചിത്രത്തിലെ ഗാനമാണിത്. ഗിരീഷ് പുത്തഞ്ചേരി–വിദ്യാസാഗർ കൂട്ടുകെട്ടിൽ പിറന്ന പാട്ട് ഇന്നും സൂപ്പർഹിറ്റുകളുടെ പട്ടികയിലാണ്. ദശാബ്ദങ്ങൾക്കിപ്പുറവും പുതുമ നഷ്ടപ്പെടാതെ നിൽക്കുന്ന പാട്ടിന് ഇന്നും ആരാധകർ ഏറെയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA