ഇങ്ങനെയൊരു ക്ലൈമാക്സ് അപ്രതീക്ഷിതം; ആരാധകർക്ക് സ്വീറ്റ് സർപ്രൈസ് നൽകി കെ.എസ്. ചിത്ര

k-s-chithra-still
SHARE

‘ശലഭം’ സംഗീത വിഡിയോയുമായി വാനമ്പാടി കെ.എസ്.ചിത്ര. ആസ്വാദകർക്ക് എത്ര കേട്ടാലും മതിവരാത്ത ആ വിസ്മയ നാദം തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം. ഗ്രാമാന്തരീക്ഷവും ഗൃഹാതുരത്വം തുളുമ്പുന്ന കാഴ്ചകളും കോർത്തിണക്കി ഒരുക്കിയ പാട്ട് ആസ്വാദകഹൃദയങ്ങൾ കീഴടക്കുകയാണ്. 

‘പൊൻചിരാതും മേഘവും മാഞ്ഞു

പൊൻവസന്തം മൂകമായ് മറയും

സാന്ധ്യരാഗം നീളും

പുതുമഴയുടെ ചിരികളുമതിലൊരു

പുതുമണ്ണിൻ നറുമണമൊഴുകിടും

ഓർമ വീണ്ടും പീലി നീർത്തുന്നു....’

ഗ്രാമക്കാഴ്ചകളുടെ സൗന്ദര്യം വരികളിലേക്കു പകർത്തിത് അനൂപ് മുകുന്ദൻ ആണ്. അനൂപിന്റെ വരികൾക്ക് ഷൈനു ആർ.എസ് ഹൃദ്യമായ സംഗീതം പകർന്നു. ജന്മനാട്ടിലേക്കുള്ള മടങ്ങിവരവ് ആസ്വദിച്ച് ഓർകളിലേക്കു കണ്ണോടിക്കുന്ന പെൺകുട്ടിയെ ആണ് ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡയാന ഹമീദ് ആണ് പാട്ടിൽ അഭിനയിച്ചത്. 

ജന്മനാടിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച് വീട്ടിലെത്തുന്ന മകൾക്കു മുന്നിലേക്കെത്തുന്ന സ്നേഹനിധിയായ അമ്മയായി അഭിനയിച്ചിരിക്കുന്നത് സാക്ഷാൽ കെ.എസ്.ചിത്രയാണ്. അപ്രതീക്ഷിതമായി ഗായികയെ സ്ക്രീനിൽ കണ്ടതിന്റെ സന്തോഷം ആസ്വാദകർ പ്രകടമാക്കി. വാനമ്പാടിയുടെ കടന്നുവരവ് വലിയ സർപ്രൈസ് ആണെന്നു പറഞ്ഞ് പലരും കമന്റുകളിട്ടു.   

ശ്യാം സുബ്രഹ്മണ്യം ആണ് പാട്ട് അതിമനോഹരമായി ചിത്രീകരിച്ചത്. ഗ്രാമീണ സൗന്ദര്യത്തിന്റെ എല്ലാ കോണുകളിലേക്കും ശ്യാമിന്റെ ക്യാമറക്കണ്ണുകള്‍ കടന്നു ചെന്നിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. സുജിർ ബാബു എഡിറ്റിങ്ങും ജിതിൻ കളറിങ്ങും നിർവഹിച്ചു. അനന്തൻ ജി.ടി ആണ് ശലഭത്തിന്റെ സംവിധായകൻ. വീമാഗ്മ അസ്സോസിയേറ്റ്സ് നിർമിച്ചിരിക്കുന്നു. അന്യം നിന്നു പോകുന്ന കാഴ്ചകളെയെല്ലാം വശ്യതയോടു കൂടി പാട്ടിൽ ആവിഷ്കരിച്ചതിൽ ശലഭത്തിന്റെ അണിയറക്കാരെ പ്രശംസിച്ച് പലരും രംഗത്തു വന്നിരിക്കുകയാണ്.    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA