ADVERTISEMENT

പുതിയ കാലത്തെ റീമിക്സുകളോടുള്ള അതൃപ്തി വെളിപ്പെടുത്തി എ.ആർ റഹ്മാൻ. ദീപ മേത്തയുടെ സംവിധാനത്തിൽ 1998–ൽ പുറത്തിറങ്ങിയ ‘1947 എർത്ത്’ എന്ന ചിത്രത്തിനു വേണ്ടി എ.ആർ.റഹ്മാൻ സംഗീതം പകർന്ന 'ഈശ്വർ അള്ളാഹ്' എന്ന ഗാനത്തിന്റെ റീമിക്സിനെ ചൂണ്ടിക്കാണിച്ചായിരുന്നു റഹ്മാന്റെ പ്രതികരണം. 'ഗാനത്തിന്റെ റീമിക്സുകൾ തെറ്റല്ല, പക്ഷേ അവ ഒറിജിനൽ ഗാനത്തിന് പകരമാകില്ല,' റഹ്മാൻ പറഞ്ഞു. 

 

ബോളിവുഡിൽ റഹ്മാൻ നിർമിക്കുന്ന ആദ്യ സിനിമയായ '99 സോങ്സ്' എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം. വിശ്വേഷ് കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ കഥയും റഹ്മാന്റേതാണ്. ഇതാദ്യമായാണ് റഹ്മാൻ ഒരു സിനിമയ്ക്കു കഥ എഴുതുന്നതും നിർമിക്കുന്നതും. 

 

എ.ആർ.റഹ്മാന്റെ വാക്കുകൾ:

 

‘റീമിക്സുകൾ ഒരിക്കലും യഥാർഥ ഗാനത്തിനു പകരമാകില്ല. എന്നാൽ അവ തെറ്റാണെന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷേ ലക്ഷക്കണിക്കിന് ആളുകൾ തുടർച്ചയായി ഇതു തന്നെ ചെയ്യുമ്പോൾ ആവർത്തനവിരസത അനുഭവപ്പെടുന്നു. ജാവേദ് അക്തർ ആണ് ഈശ്വർ അള്ളാഹ് എന്ന ഗാനത്തിനു വരികളോരുക്കിയത്. അത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്. റീമിക്സ് ചെയ്ത് അവർ അതിന്റെ സംഗീതത്തെ കൊന്നു കളഞ്ഞു എന്നു പറയാം.

 

റീമിക്സ് ചെയ്യുമ്പോൾ പാട്ടിന്റെ യഥാർഥ അവകാശികളിൽ നിന്നും അനുവാദം വാങ്ങണം. ഓരോ സംഗീതസംവിധായകനും വലിയതോതിൽ അധ്വാനിച്ചിട്ടാണ് ഓരോ പാട്ടും പുറത്തിറക്കുന്നത്. സംഗീതസംവിധായകന്റെ മാത്രമല്ല ഗാനരചയിതാവിന്റെയും വാദ്യകലാകാരന്മാരുടെയും അഭിനേതാക്കളുടെയും അങ്ങനെ ഒരുപാട് പേരുടെ അധ്വാനമുണ്ട് ഓരോ പാട്ടിലും. ആ പരിശുദ്ധ സംഗീതത്തെയാണ് റീമിക്സുകളിലൂടെ ഇല്ലാതാക്കുന്നത്. ചിലപ്പോൾ യഥാർഥ സംഗീതസംവിധായകന്റെ പേരുപോലും അവർ ക്രെഡിറ്റ് ആയി നൽകാറില്ല. അത് ശരിയായ പ്രവണതയല്ല. 

 

ഇന്ത്യൻ സംഗീതമേഖല വലിയ മാറ്റങ്ങളെ അഭിമുഖീകരിക്കുകയാണ്. അതിന്റെ ഭാഗമായി നിരവധി റീമിക്സുകളും റാപ് മ്യൂസിക്കുകളും എല്ലാം പുറത്തിറങ്ങുന്നു. എന്നാൽ അത് പലപ്പോഴും യഥാർഥ സംഗീതത്തെ കൊല്ലുകയാണ് എന്നു തോന്നാറുണ്ട്. പഴയ കാലത്തേതു പോലെ യഥാർഥ സംഗീതം എന്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്നില്ല എന്നു പ്രേക്ഷകർ വിചാരിക്കുന്നുണ്ടാകും. യഥാർഥ സംഗീതത്തെ തേടിയുള്ള അന്വേഷണമാണ് '99 സോങ്സ്' എന്ന ചിത്രം. സംഗീതത്തിനു പ്രാധാന്യമുള്ള ഒരു പ്രണയ ചിത്രമാണിത്’.

 

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com