അന്നത്തെ പൊടിക്കുഞ്ഞ് പാട്ടു ചിട്ടപ്പെടുത്താൻ മാത്രം വളർന്നപ്പോൾ; വൈകാരികം പൃഥിയുടെ കുറിപ്പ്

prarthana-prithviraj
SHARE

ഇന്ദ്രജിത്ത്–പൂർണിമ ദമ്പതികളുടെ മകൾ പ്രാർത്ഥന സ്വന്തമായി വരികളെഴുതി സംഗീതം നൽകി ആലപിച്ച ആദ്യ ഗാനം വൈറലാകുന്നു. പൃഥ്വിരാജ് ആണ് പ്രാർഥനയുടെ പാട്ട് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘അന്ന്  ഒരു പച്ചത്തുണിയിൽ പൊതിഞ്ഞ് നിന്നെ എന്റെ കയ്യിൽ കിട്ടിയപ്പോൾ വെറും രണ്ടരക്കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നീ ആദ്യമായി ചിട്ടപ്പെടുത്തി പാടുന്നതിന്റെ വിഡിയോ ഞാൻ ചിത്രീകരിക്കുന്നു.’– വിഡിയോ പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. 

ഇത് തന്റെ തുടക്കമാണെന്നും പാട്ടിനെക്കുറിച്ചുള്ള അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു എന്നും മനോഹരമായ വിഡിയോ പകർത്തി തന്നെ വിസ്മയിപ്പിച്ച കൊച്ചച്ചന് നന്ദി എന്നും പാട്ട് പങ്കുവച്ചുകൊണ്ട് പ്രാർഥന കുറിച്ചു. പാട്ടിന്റെ വിഡിയോയ്ക്കു പിന്നാലെ നിരവധി പേർ കമന്റുകളുമായെത്തി. ഓരോ തവണയും പ്രാർഥന ആലാപനത്തിലൂടെ വിസ്മയിപ്പിക്കുകയാണെന്നും താരപുത്രിയുടെ മലയാളം ഗാനത്തിനായി കാത്തിരിക്കുകയാണെന്നും നിരവധി പേർ കമന്റുകളിട്ടു.  

താരപുത്രിയുെട പാട്ടിന്റെ വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ഇതിനു മുൻപും നിരവധി തവണ പ്രാർഥന പാട്ടുപാടി കയ്യടി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അമ്മ പൂർണിമയ്ക്കു വേണ്ടി പാടിയ പാട്ടിന്റെ വിഡിയോ സമൂഹമാധ്യമലോകം ഏറ്റെടുത്തിരുന്നു. താരപുത്രി ഗിറ്റാർ വായിക്കുന്നതിന്റെ വിഡിയോയും വൈറലായിരുന്നു. 

2018–ൽ പുറത്തിറങ്ങിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന പാട്ടിലൂടെയാണ് പ്രാർഥന ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ ഗായികയെ തിരയുകയായിരുന്നു.പിന്നീട് കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും പ്രാർഥന പാട്ടു പാടിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA