ഹരിഹരനുമായുള്ള അകൽച്ച മലയാള സിനിമയ്ക്കും ഞങ്ങൾക്കും വലിയ നഷ്ടങ്ങളുണ്ടാക്കി: ശ്രീകുമാരൻ തമ്പി

Mail This Article
സംവിധായകൻ ഹരിഹരനും താനുമായുണ്ടായ അകല്‍ച്ച മലയാളസിനിമയ്ക്കും തങ്ങള്‍ രണ്ടുപേര്‍ക്കും വലിയ നഷ്ടങ്ങള്‍ വരുത്തിയെന്ന് ശ്രീകുമാരന്‍തമ്പി. പി. ഭാസ്‌കരന്‍ പുരസ്‌കാരം ഹരിഹരനു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയ്ക്കായി താൻ ആദ്യമായി എഴുതിയ പാട്ടുകളൊക്കെ കവിതകളാണെന്നു പറഞ്ഞ് സംവിധായകർ മാറ്റി വച്ച കാലത്ത് തന്റെ പാട്ടുകൾ കൊള്ളാം എന്നു പറഞ്ഞ ആളായിരുന്നു ഹരിഹരൻ.
അന്നു തുടങ്ങിയ ആത്മബന്ധം ഇടക്കാലത്തുവച്ച് മുറിഞ്ഞു. ഹരിഹരന്റെ സിനിമയ്ക്കു വേണ്ടി താൻ പാട്ടെഴുതില്ല എന്നു തീരുമാനിച്ച കാലഘട്ടമുണ്ടായി. ആ കാലത്ത് താൻ ‘ജയിക്കാനായി ജനിച്ചവൻ’ എന്ന പേരിൽ സിനിമയെടുത്തപ്പോൾ ‘തോൽക്കാൻ എനിക്കു മനസില്ല’ എന്ന പേരിൽ സിനിമയെടുത്ത് ഹരഹരൻ തന്നെ അദ്ഭുതപ്പെടുത്തി എന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ഹരിഹരനുമായുണ്ടായ അകല്‍ച്ചയുടെ കാരണം താൻ ആണെന്ന് ഭാസ്കരൻ മാഷിന്റെ സ്മരണകൾ നിറഞ്ഞു നിൽക്കുന്ന വേദിയിൽ വച്ച് തുറന്നു പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ തിരക്കഥയും സൂക്ഷ്മതയോടെ പഠിച്ച് കൈകാര്യം ചെയ്യുന്നതും മറ്റുള്ളവരെ തിരുത്താൻ നിൽക്കാതെ സ്വയം തിരുത്തി മുന്നേറുന്നതുമാണ് ഹരിഹരന് മലയാളസിനിമയിൽ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തതെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേർത്തു.
തന്റെ ഗുരുനാഥൻ പി.ഭാസ്കരൻ മാസ്റ്ററിന്റെ സ്മൃതി ദിനത്തിൽ, പി.ഭാസ്കരൻ പുരസ്കാരം പ്രശസ്ത സംവിധായകൻ ഹരിഹരന് താൻ സമ്മാനിക്കുകയാണെന്നു കുറിച്ച് ശ്രീകുമാരൻ തമ്പി പുരസ്കാര വേദിയിലെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. .
‘ഭാസ്കരൻ മാഷിന്റെ സ്മരണകൾക്ക് മുൻപിൽ എന്റെ സാഷ്ടംഗ പ്രണാമം ..!
സമയമാം നദി പിറകോട്ടൊഴുകി
സ്മരണ തൻ പൂവണി താഴ്‌വരയിൽ
സംഭവമലരുകൾ വിരിഞ്ഞു വീണ്ടും
വിരിഞ്ഞു വീണ്ടും.....
(പി ഭാസ്കരൻ )
ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്കിൽ കുറിച്ചു.