ADVERTISEMENT

"അറുപതുകളുടെ അവസാനം തൊട്ട് എഴുപതുകളുടെ അവസാനം വരെ ഏതാണ്ട് പത്തുവർഷക്കാലത്തോളം, ഒന്നുകിൽ കെ.ജെ.യേശുദാസ്, അല്ലെങ്കിൽ പി.ജയചന്ദ്രൻ, ചുരുക്കം ചില പാട്ടുകൾ കെ.പി.ബ്രഹ്മാനന്ദന്, പൊട്ടും പൊടിയും സി.ഓ.ആന്റോയ്ക്ക്, ഇതായിരുന്നു മലയാള സിനിമാഗാനശാഖയിൽ ആൺ ഗായകർക്കുള്ള മുൻഗണന. ഇത് വെറും സങ്കല്പമല്ല, തികച്ചും യഥാർത്ഥ്യമായിരുന്നു. സംഗീത സംവിധായകരുടെയും, നിർമ്മാതാക്കളുടെയും പ്രഥമ പരിഗണന യേശുദാസിനായിരുന്നു, ആളെ കിട്ടിയില്ലെങ്കിൽ മിനിമം പി ജയചന്ദ്രനെയെങ്കിലും വേണം, നിർബന്ധം. കോളേജിൽ പഠിക്കുന്ന സമയത്ത്, കൂട്ടുകാർക്കിടയിൽ ചർച്ചകൾ നടക്കുമ്പോൾ പറയുന്നൊരു രസകരമായ വാദമുണ്ടായിരുന്നു, ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഗായകൻ യേശുദാസാണെങ്കിൽ, രണ്ടു മുതൽ ഒൻപതു വരെയുള്ള സ്ഥാനങ്ങൾ  ശൂന്യമാണെന്നും, പത്താം സ്ഥാനത്തുള്ള പി ജയചന്ദ്രനു ശേഷം മാത്രമേ മറ്റുള്ള ഗായകർക്ക് സ്ഥാനമുള്ളൂ എന്നും! ദാസേട്ടനെ നമുക്ക് വിടാം, മനുഷ്യരുടെ കാര്യം സംസാരിക്കുമ്പോൾ ഗന്ധർവന്മാരെ ഇടയിൽ പെടുത്തുന്നത് ശരിയല്ലല്ലോ. ഒന്നോർത്തു നോക്കൂ, ജയേട്ടനെന്ന ആ മഹാത്ഭുതത്തിന് ഇവിടെ എത്രത്തോളം സ്ഥാനമുണ്ടായിരുന്നു എന്ന്..."

 

'ഭാവം' എന്ന വാക്കിന് സിനിമാസംഗീതത്തിലുള്ള പ്രാധാന്യം മലയാളികളെ പഠിപ്പിച്ച പി ജയചന്ദ്രൻ എന്ന സംഗീത വിസ്മയത്തെ കുറിച്ച്, മലയാളികൾ നെഞ്ചിലേറ്റി ലാളിക്കുന്ന മറ്റൊരു ഭാവഗായകനായ ജി വേണുഗോപാൽ പറയുന്ന വാക്കുകളാണ് ഇവ. പി ജയചന്ദ്രന്റെ എഴുപത്തി ആറാം പിറന്നാൾ ദിനമായ ഇന്ന്, തന്റെ പ്രിയ ഗായകനോടൊത്തുള്ള സംഗീതയാത്രയുടെ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് ജി വേണുഗോപാൽ.

 

'റേഡിയോ യുഗം' സമ്മാനിച്ച മണിമുത്തുകൾ

 

എന്റെ കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും അധികം രസകരമായ നിമിഷങ്ങൾ സമ്മാനിച്ചത് റേഡിയായിരുന്നു. അതുകൊണ്ടു തന്നെ ആ കാലഘട്ടത്തെ 'റേഡിയോ യുഗം' എന്നു വിളിക്കാനാണ് എനിക്കിഷ്ടം. വീട്ടിലെ സ്വീകരണമുറിയിൽ, ഞങ്ങൾ കുട്ടികൾക്ക് തൊടാൻ കഴിയാത്ത ഉയരത്തിൽ മനോഹരമായ ഒരു പീഠത്തിലുരുന്നു കൊണ്ട് എന്നെ നോക്കി ചിരിക്കുന്നൊരു മർഫി റേഡിയോയുണ്ടായിരുന്നു. അടുത്തുള്ള കസേരയിൽ വലിഞ്ഞു കയറി ഇരുന്ന്, തറയിൽ എത്താത്ത കുഞ്ഞിക്കാലുകൾ ആട്ടിക്കൊണ്ട് പാട്ടുകൾ കേൾക്കുന്നത് ഇന്നും കണ്മുന്നിലുണ്ട്. ഗൃഹാതുരത്വവും കാല്പനികതയും നിറഞ്ഞ സിനിമാഗാനങ്ങൾ സമ്മാനിച്ച ഗായകരോട് ദൈവതുല്യമായ ഇഷ്ടവും, ആരാധനയും തുടങ്ങുന്നത് അവിടെ നിന്നാണ്.

 

റേഡിയോ യുഗത്തിലെ എന്റെ നായകന്മാർ, അല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ട ഗായകന്മാർ അത് ദാസേട്ടനും ജയേട്ടനും തന്നെയായിരുന്നു. ഹിന്ദി ഗായകരിൽ തലത്, റാഫി, മന്നാഡേ, മുകേഷ് ഇവരോടൊക്കെ ഒരുപാട് ഇഷ്ടമുണ്ടായിരുന്നെങ്കിലും, മണിമുത്തുകളെന്ന് മനസ്സ് ഏറെ അംഗീകരിച്ച രണ്ടു പേർ അത് ദാസേട്ടനും ജയേട്ടനും മാത്രമായിരുന്നു. ഒരു ഗായകനാകണമെന്ന എന്റെ ആഗ്രഹത്തിന് ഉള്ളിൽ വിത്തിട്ടതും, വളമിട്ട് അതിനെ വളർത്തിയതും അവർ തന്നെ. മലയാളസിനിമാഗാന ശാഖയിലെ അന്നത്തെ രണ്ടാമൂഴക്കാരനായ ജയേട്ടനോട് ഒരു സ്‌പെഷ്യൽ ഇഷ്ടം മനസ്സിൽ ജനിച്ചിരുന്നു എന്നതാണ് സത്യം. 

 

സങ്കൽപ്പത്തിൽ നിന്നും യഥാർത്ഥ്യത്തിലേക്ക്

 

നായകനാണോ, ഗായകനാണോ പാടുന്നതെന്ന ഏറ്റവും 'വലിയ' സംശയം കുട്ടിക്കാലത്ത് എനിക്കുണ്ടായിരുന്നു. സിനിമയിൽ പ്രേംനസീർ പാടുന്നു, റേഡിയോയിൽ അത് യേശുദാസെന്നും ജയചന്ദ്രനെന്നും പറയുന്നു. അതെങ്ങനെയാണ്? സ്റ്റുഡിയോ, റെക്കോർഡിംഗ് എന്നൊക്കെ പറഞ്ഞ് അതിന്റെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തി തരാൻ പലരും അന്ന് ശ്രമിച്ചിട്ടുണ്ട്. എന്നാലും, തിരുവനന്തപുരം വഴുതക്കാട് ലക്കി സ്റ്റാർ റേഡിയോ ക്ലബ്ബിന്റെ ഭാഗമായി ആകാശവാണി ബാലലോകത്തിൽ പങ്കെടുക്കാനുള്ള അവസരം കിട്ടിയതു മുതലാണ് ആ സത്യം തിരിച്ചറിഞ്ഞു തുടങ്ങിയത്. അവിടെ തുടങ്ങിയതാണ് ഗായകരോടുള്ള അഗാധമായ ഇഷ്ടം.

 

ആറാം സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ, വീടിനടുത്തുള്ള ചേച്ചിമാരുടെയൊപ്പം ഒരു ഗാനമേള കാണാൻ പോയി. വിമൻസ് കോളേജിലായിരുന്നു സംഭവം. ദൂരെ സ്റ്റേജിൽ, വർണ്ണശബളമായ അരക്കയ്യൻ ഷർട്ടും പാന്റും അണിഞ്ഞ്, മനോഹരമായി ചീകിയൊതുക്കിയ മുടിയും, നീണ്ട കൃതാവും, ചെത്തിയൊതുക്കിയ ഭംഗിയുള്ള താടിയുമായി ജയേട്ടൻ പാടുന്നു! ആ കാഴ്ച ഇന്നും മനസ്സിലുണ്ട്. 'ശ്രീശബരീശാ' എന്ന ഭക്തിഗാനത്തോടെയായിരുന്നു തുടക്കം. ഇത്രയേറെ പെൺകുട്ടികൾ നിറഞ്ഞു നിന്നിട്ടും, ജയേട്ടന്റെ ശബ്ദമൊഴികെ വേറൊന്നും കേൾക്കാനില്ല, അച്ചടക്കം അതിന്റെ പരമാവധി അവസ്ഥയിലായിരുന്നു. അതൊക്കെ കണ്ട് ഞാൻ അന്തം വിട്ടു നിന്നു പോയി. റേഡിയോയിൽ കേട്ട് പുളകം കൊണ്ടിരുന്ന ആ ഗാനങ്ങൾ ഓരോന്നായി ജയേട്ടൻ പാടിക്കൊണ്ടിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി, ഹർഷബാഷ്പം തൂകി, സന്ധ്യക്കെന്തിനു സിന്ദൂരം, അങ്ങനെ ഒരുപിടി മനോഹരമായ ഗാനങ്ങളിലൂടെ പി ജയചന്ദ്രനെന്ന വിണ്ണിലെ സംഗീതതാരകം അവിടെ ഭൂമിയിൽ പെയ്തിറങ്ങി. ഞാൻ കേട്ടിട്ടില്ലാത്ത ചില തമിഴ്‌ഗാനങ്ങളും അദ്ദേഹം പാടി. തൊട്ടടുത്ത് നിൽക്കുന്ന ചേച്ചിമാർ അവരുടെ കൂട്ടുകാരികളോട് പറയുന്നത് ഞാൻ കേട്ടു, "യേശുദാസായിരിക്കും കൂടുതൽ പാട്ടുകൾ പാടുന്നത്, പക്ഷെ കാണാൻ സുന്ദരൻ ജയചന്ദ്രൻ തന്നെ". സത്യം പറഞ്ഞാൽ, ആ ഒരു കമന്റ് എന്റെ ഹൃദയത്തിലേക്കങ്ങ് ഇടിച്ചു കയറി. സിനിമാസംഗീതമെന്ന ജോലിയിൽ എന്തു വില കൊടുത്തും പ്രവേശിക്കണമെന്ന് ആദ്യമായി താൽപ്പര്യം തോന്നി. 

 

അന്നും ഇന്നും അതേ പോലെ തന്നെ

 

പിന്നീട് വർഷങ്ങൾക്കിപ്പുറം, ആഗ്രഹിച്ചതു പോലെ തന്നെ ഒരു സിനിമാപിന്നണി ഗായകാനാകാൻ കഴിഞ്ഞു. ഹൃദയത്തിൽ സ്ഥാനം നേടിയ പല ഗായകരും മണ്മറഞ്ഞു പോയി. മറ്റു ചിലർ അവരുടെ ജീവിതസായാഹ്നത്തിലെത്തി നിൽക്കുന്നു. പക്ഷെ എന്നെ കൂടുതൽ അത്ഭുതപ്പെടുത്തുന്നത് ജയേട്ടനാണ്. ഇന്നും അദ്ദേഹം ഒരു സംഗീതവിസ്മയം തന്നെയാണ്. ശബ്ദത്തിലെ യുവത്വം, അത് ജയേട്ടന്റെ കൂടെപ്പിറപ്പാണ്. ഒരു പാട്ട് കേട്ടാൽ, അത് ഏത് സിനിമയിലേതാണ്, എഴുതിയത് ആരാണ്, സംഗീതസംവിധായകൻ, ഗായകൻ തുടങ്ങി എല്ലാം തന്നെ ഒരു നിമിഷം കൊണ്ട് പറയുന്ന ആളാണ് ജയേട്ടൻ. സ്വന്തം പാട്ടുകളെന്നല്ല, ആരുടേതായാലും വരികളൊക്കെ തികച്ചും ഹൃദിസ്ഥമാണ്. മാത്രമല്ല, തലത്, റാഫി, മുകേഷ്, യേശുദാസ്, ലത മങ്കേഷ്‌കർ, ആശാ ബോൺസ്ലെ, തുടങ്ങിയ ലോകോത്തര പ്രതിഭകളുടെ പാട്ടുകൾ ചില സ്വകാര്യ സദസ്സുകളിൽ ജയേട്ടൻ പാടുന്നത് കേൾക്കണം! അത് കേട്ടിരിക്കാൻ തന്നെ ഒരു ഭാഗ്യം വേണമെന്ന് തോന്നിയിട്ടുണ്ട്. ഒട്ടും അതിശയോക്തിയില്ലാതെ തന്നെ പറയാം, അവയിൽ പലതിനും ഒറിജിനലിനെ വെല്ലുന്ന ഭാവം തോന്നിയിട്ടുണ്ട്. 

 

ജയേട്ടൻ അതിമനോഹരമായി, ആഘോഷിച്ച് പാടിയ പല വേദികളിലും സാക്ഷിയാകാൻ കഴിഞ്ഞു എന്നതിനെ ഞാൻ മഹാഭാഗ്യമായി കരുതുന്നു. ഏത് കാലഘട്ടത്തിലെ പാട്ടുകൾ പാടിയാലും, വളരെ എളുപ്പം തന്നെ നമ്മളെ ആ കാലത്തിലേക്ക് നമ്മളെയും കൂട്ടിക്കൊണ്ടു പോകുന്ന തരം മായികമായ ആലാപനശൈലി, അത് ജയേട്ടന് മാത്രമാണ് സ്വന്തം. പ്രണയപാരവശ്യം, രാഗനിബദ്ധത, ഒരിക്കലും വറ്റാത്ത നഷ്ടബോധം, ഇവയെല്ലാം മനസ്സിൽ കയറി കളി തുടങ്ങും. കടന്നു പോയ കാലത്തെ കുറിച്ച് അറിയാതെ ചിന്തിച്ചു പോകും, ഇനി ഒരിക്കലും അവ തിരിച്ചു വരില്ല എന്ന ബോധമുണ്ടെങ്കിലും മനസ്സു കൊണ്ട് ചെറിയൊരു തിരിച്ചു പോക്ക് തന്നെ തരപ്പെടും. ഗായകനും, ശ്രോതാവും ഒന്നാകുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ നിമിഷം! പലപ്പോഴും നിറകണ്ണുകളോടെ അദ്ദേഹത്തിന്റെ കാൽക്കൽ സാഷ്ടാംഗം പ്രണമിക്കാൻ തോന്നിയിട്ടുണ്ട്. പറയാതെ വയ്യ, ഇതുപോലെയുള്ള അനർഘനിമിഷങ്ങൾ സമ്മാനിക്കാൻ ജയേട്ടനെ മാത്രമേ കഴിയൂ എന്ന് ഞാൻ വിശ്വസിക്കുന്നു, അന്നും ഇന്നും. 

 

ഹൃദയരാഗങ്ങളുടെ ചൈതന്യനക്ഷത്രം 

 

അന്നും ഇന്നും, ദാസേട്ടൻ അങ്ങു ദൂരെ വിണ്ണിൻ സംഗീത നഭസ്സിൽ നമുക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഒരു താരമായി നിലകൊള്ളുന്നു. അത് അദ്ദേഹം തീരുമാനിച്ചതല്ല. ആളിലേക്ക് വന്നു ചേർന്നതാണ്. ഗന്ധർവ ജന്മത്തിന് വേറെ എന്താണ് ചെയ്യാൻ കഴിയുക? പക്ഷെ, ജയേട്ടനെന്ന ഹൃദയരാഗങ്ങളുടെ ചൈതന്യനക്ഷത്രം, പലപ്പോഴും ഭൂമിയിലേക്കിറങ്ങി വന്ന് ഒരു മുതിർന്ന സഹോദരനെപ്പോലെ തോളത്ത് കയ്യിട്ട് കുശലമന്വേഷിച്ച് പാട്ടു പാടി തരാറുള്ളതായി തോന്നിയിട്ടുണ്ട്.

 

ഈ ഫീൽഡിൽ, മറ്റുള്ളവരെ മനസ്സറിഞ്ഞ് അഭിനന്ദിക്കാൻ ജയേട്ടൻ കഴിഞ്ഞേ വേറെ ആരുമുള്ളൂ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ജയേട്ടന് ഒരു പാട്ട് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ, അത് മനസ്സിനുള്ളിൽ കയറിയാൽ, പിന്നെ അതിന്റെ ഗാനരചയിതാവിനെ, സംഗീതസംവിധായകനെ, ഗായകനെയൊക്കെ വിളിച്ച് വളരെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നത് അദ്ദേഹത്തിന്റെ ശീലമാണ്. ആ വകയിൽ എനിക്കും കിട്ടിയിട്ടുണ്ട് അനുഗ്രഹാശംസകൾ, ഒരുപാട് വട്ടം. "എടാ നീ പാട്ട് വളരെ നന്നായി പാടി. എനിക്ക് പറ്റില്ലാട്ടോ, സത്യം, എനിക്ക് പറ്റില്ല" എന്നൊക്കെ പറയുമ്പോൾ സത്യം പറഞ്ഞാൽ നമ്മൾ സ്വയം ചൂളിപ്പോകും! 'ആരാ ഈ പറയുന്നത്' എന്ന ചിന്ത തരുന്നൊരു സന്തോഷമുണ്ടല്ലോ, അതിനു പകരം വയ്ക്കാൻ വേറെ ഒന്നും ഉണ്ടാവില്ല.

 

കണ്മുന്നിൽ പ്രത്യക്ഷപ്പെട്ട ദൈവം 

 

ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സംഭവമുണ്ട്. ഏതാനും വർഷങ്ങൾക്കു മുൻപ് തൊണ്ടയ്ക്ക് സുഖമില്ലാതെ, കുറച്ചു നാളുകൾ 'വോയിസ് റെസ്റ്റ്' എടുക്കേണ്ടി വന്നു. വീട്ടിൽ നിശ്ശബ്ദനായിരിക്കുക എന്നതിലുപരി വേറെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. മനസ്സ് ഒരുപാട് വിഷമിച്ചു. ചില സമയത്ത്, നിസ്സഹായരായ മനുഷ്യരുടെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെടും എന്നൊക്കെ പറയുന്നതു പോലെ, എനിക്ക് ജയേട്ടന്റെ കോൾ വന്നു, "എടാ, നീ ഒന്നു കൊണ്ടും പേടിക്കണ്ട...നേരെ ഗുരുവായൂർക്ക് വിട്ടോ, ആരോടും പറയണ്ട...നീ പോലും അറിയണ്ട...അവിടെ പോയി ഒരു വെള്ളി ഓടക്കുഴൽ നേർച്ച കൊടുക്കൂ...തിരികെ നീ വീട്ടിലെത്തുമ്പോൾ, അവിലും കൊണ്ടു പോയി തിരികെ വന്ന കുചേലന്റെ അവസ്ഥ കാണാം...ഉറപ്പ്...പോയിട്ടു വാ". മറുത്ത് ഒന്നും പറയാതെ ഞാൻ അത് അനുസരിച്ചു. അത് സംഭവിച്ചു. ശബ്ദം പഴയപടി തിരികെ കിട്ടി. പൂർവ്വാധികം ശക്തിയോടെ എന്നിലെ ഗായകൻ ഉണർന്നു.

 

ആ ദിവസങ്ങളിലെന്നോ ഒരു രാത്രി ഞാൻ ഉറക്കത്തിൽ സ്വപ്നം കണ്ടു. കസേരയിൽ ഏന്തി വലിഞ്ഞു കയറി, കുഞ്ഞിക്കാലുകൾ പുറത്തേക്കിട്ട് ആട്ടിക്കൊണ്ട് 'മർഫി'യിലെ പാട്ട് കേൾക്കുന്ന ഞാൻ. 'മരുഭൂമിയിൽ മലർ വിരിയുകയോ...എൻ മനസ്സിൽ സ്വപ്നം വിടരുകയോ' എന്ന ജയേട്ടന്റെ പാട്ട് ആസ്വദിച്ച് കേൾക്കുകയാണ്. പെട്ടെന്ന്, 'വേണൂ' എന്ന വിളി കേൾക്കുന്നു, മധുരമൂറും ശബ്ദത്തിൽ. തിരിഞ്ഞു നോക്കിയപ്പോൾ, അതാ റേഡിയോയ്ക്കുള്ളിൽ നിന്നും പുറത്തേയ്ക്ക് വരുന്നു, വർണ്ണശബളമായ അരക്കയ്യൻ ഷർട്ടും പാന്റും അണിഞ്ഞ്, മനോഹരമായി ചീകിയൊതുക്കിയ മുടിയും, നീണ്ട കൃതാവും, ചെത്തിയൊതുക്കിയ ഭംഗിയുള്ള താടിയുമായി ആ ഗായകൻ! "സുഖമാണോ മോനേ" എന്ന് കുശലമന്വേഷിച്ചു കൊണ്ട്, എന്റെ തൊണ്ടയിൽ മെല്ലെ തടവിക്കൊണ്ട്, അതിയായ വാത്സല്യത്തോടെ കെട്ടിപ്പിടിക്കുന്നു...ഞാൻ ഉണർന്നു...സ്വപ്നം തീർന്നു...പക്ഷെ, വിദൂരത്തെവിടെയോ ആ പാട്ട് കേൾക്കുന്നതായി തോന്നി, 'മരുഭൂമിയിൽ മലർ വിരിയുകയോ...എൻ മനസ്സിൽ സ്വപ്നം വിടരുകയോ'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com