ADVERTISEMENT

ആലപ്പുഴ ∙ ‘മലർക്കൊടി പോലെ... വർണത്തുടി പോലെ...മയങ്ങൂ നീയെൻ മടിമേലേ’ വീടിന്റെ വരാന്തയിലിരുന്നു സൂനമ്മ പാട‍ുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ആ ഗാനം പ്രചരിച്ചുകൊണ്ടേയിരിക്കുന്നു. അകമ്പടിവാദ്യങ്ങളൊന്നുമില്ലാതെ തന്നെ ആസ്വാദ്യമായി പാട്ടുപാടുന്നത് മത്സ്യത്തൊഴിലാളി കുടുംബാംഗമായ ആലപ്പുഴ ഓമനപ്പുഴ കാക്കരിയിൽ സൂനമ്മ ആന്റണി (57) ആണ്.

 

കുട്ടിക്കാലം മുതൽ സൂനമ്മയ്ക്കു പാട്ടായിരുന്നു ജീവൻ. സ്കൂളിൽ പഠിക്കുമ്പോൾ മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. അന്നു സമ്മാനമായി കിട്ടുന്നത് സ്റ്റീൽ ഗ്ലാസും പാത്രങ്ങളും. പാട്ടു പഠിപ്പിക്കാനുള്ള സൗകര്യം അന്നു കുടുംബത്തിലില്ലായിരുന്നു. എങ്കിലും കേട്ട് ഇഷ്ടമായ പാട്ടുകൾ താളം തെറ്റാതെ പാടിപ്പഠിച്ചു. ചെറുപ്പത്തിൽ നാട്ടിലെ ഗാനമേള സംഘത്തിനൊപ്പം പാടാൻ പോയിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായിരുന്ന ആന്റണിയാണു ഭർത്താവ്.ഇപ്പോൾ ആന്റണിക്ക് കടലിൽ പോകാൻ കഴിയുന്നില്ല. 

 

മക്കളായ രമ്യയ്ക്കും സൗമ്യയ്ക്കും സൂനമ്മ പാട്ടു പഠിപ്പിച്ചുകൊടുത്തു. ഇരുവരും പള്ളിയിലെ ഗായകസംഘത്തിലെ പാട്ടുകാരാണ്.

മുൻനിരയിലെ ഒരു പല്ലു മാത്രമേ സൂനമ്മയ്ക്കുള്ളൂ. പല്ലില്ലെങ്കിലും സ്വരത്തിന് ഇടർച്ചയൊന്നുമില്ലെന്നു പറഞ്ഞ്, സൂനമ്മ ചിരിക്കുന്നു. വീടിനടുത്തുള്ള രശ്മി വായനശാലയിൽ ക്രിസ്മസിന് പാട്ടു മത്സരം നടക്കും. കഴിഞ്ഞ നാലു വർഷമായി ഒന്നാം സമ്മാനം മാത്രമേ സൂനമ്മ അവിടെ നിന്നു വാങ്ങിയിട്ടുള്ളൂ. 

സൂനമ്മയുടെ പാട്ട് ഒരു ബന്ധുവാണ് ഫോണിൽ പകർത്തിയത്. കുടുംബസുഹൃത്ത് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷാജിമോൻ ദേവസ്യയുടെ ഫെയ്സ്ബുക് പേജിൽ പാട്ട് പോസ്റ്റ് ചെയ്തതോടെ വൈറലായി മാറി. പാട്ടിന് ആരാധകരേറെയുണ്ട്. പക്ഷേ, സൂനമ്മയ്ക്കു സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഇല്ലാത്തതിനാൽ ആരാധകരോട് പ്രതികരിക്കാൻ കഴിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com