ADVERTISEMENT

രാഷ്ട്രീയ പാർട്ടികളോടു ചേർന്നു നിൽക്കാത്തതിനാൽ തനിക്ക് പല നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി. കേരള സാഹിത്യ അക്കാദമി പുരസ്കാരം നഷ്ടപ്പെട്ടത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. താൻ ഇടതുപക്ഷ അനുഭാവിയാണെങ്കിലും പാർട്ടിയുടെ വക്താവായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ തന്റെ രചനകളിൽ അത്തരം ആശയങ്ങൾ ഉൾപ്പെടുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീകുമാരൻ തമ്പി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. 

 

ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ

 

‘ഞാൻ ഇടതുപക്ഷ അനുഭാവിയാണ്. ഇടതുപക്ഷം ഇല്ലെങ്കിൽ ഒരു മുന്നേറ്റം ഉണ്ടാവുകയില്ല എന്നു വിശ്വസിക്കുന്നു. മതത്തിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലുമെല്ലാം ഇടതുപക്ഷം ആവശ്യമാണ്. സ്ഥിരമായി ചന്ദനക്കുറി അണിയുന്നതു കൊണ്ട് ഞാൻ ആർഎസ്എസുകാരനാണെന്നു വിശ്വസിക്കുന്നവരുണ്ട്. കേരളത്തിൽ വർഗീയത വളർത്തിയത് രാഷ്ട്രീയ പാർട്ടികളാണ് എന്നത് ഉറപ്പാണ്. കാരണം രാജഭരണകാലത്ത് ഈ വർഗീയത ഇല്ലായിരുന്നു. എന്റെ കുട്ടിക്കാലത്ത് രാജഭരണമായിരുന്നു. പ്രൈമറി സ്കൂളിൽ അയിഷ എന്ന ടീച്ചറാണ് എന്നെ പഠിപ്പിച്ചത്. അവർ ഒരിക്കലും പർദ്ദ ധരിക്കുകയോ തല മറയ്ക്കുകയോ ചെയ്തിട്ടില്ല. മറ്റു സ്ത്രീകളെ പോലെ തന്നെയായിരുന്നു ടീച്ചർ.

 

മതത്തിന്റെ പേരിൽ യാതൊരു വേർതിരിവും അന്ന് ഇല്ലായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഹരിപ്പാട് ക്ഷേത്രത്തിൽ സ്വർണക്കൊടിമരം ഇല്ലായിരുന്നു. വലിയ അടയ്ക്കാമരം വെട്ടിയായിരുന്നു കൊടിമരമായി ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലേക്ക് കൊടിമരം കൊണ്ടുവരുന്നത് ഒരു മുസ്‌‌ലിം കുടുംബത്തിലെ അംഗമായിരുന്നു. അദ്ദേഹത്തിനായിരുന്നു അതിനുള്ള അവകാശം. അതായിരുന്നു അന്നത്തെ മഹാരാജാവിന്റെ ബുദ്ധി. 

 

ഞാൻ ഇടതുപക്ഷ അനുഭാവിയാണെങ്കിലും രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു. പാർട്ടിക്കുവേണ്ടി പ്രസംഗങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും എന്റെ രചനകളിൽ ആ ആശയങ്ങൾ ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ധർമടത്ത് പിണറായി വിജയനു വേണ്ടി പ്രസംഗിക്കാൻ ക്ഷണിച്ചിട്ട് ഞാൻ പോയില്ല. അത് പിണറായി വിജയനെ ഇഷ്ടമല്ലാത്തതു കൊണ്ടല്ല. ഒരു പാർട്ടിയുടെ വക്താവായി സംസാരിക്കേണ്ട എന്നു തീരുമാനിച്ചതു കൊണ്ടാണ്.  

 

പാർട്ടി അനുഭാവി ആയാൽ പോരാ. പാർട്ടിയോടു ചേർന്നു നിന്നാലേ എന്തെങ്കിലും സ്ഥാനത്ത് എത്താൻ സാധിക്കൂ. അങ്ങനെ ചേർന്നു നിൽക്കാത്തതു കൊണ്ടുതന്നെ എനിക്ക് പല നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് കെ.ആർ. ടോണിക്കും എസ്. ജോസഫിനും കിട്ടിയ കേരള സാഹിത്യ അക്കാദമി പുരസ്കാരം എനിക്കു കിട്ടാത്തത്. കേരള സാഹിത്യ അക്കാദമിയുടെ കാഴ്ചപ്പാടിൽ ഇന്നും ഞാനൊരു കവിയല്ല.

 

എനിക്ക് 31 വയസ്സ് ഉള്ളപ്പോൾ എന്റെ ‘എഞ്ചിനീയറുടെ വീണ’ എന്ന പുസ്തകം സാഹിത്യ അക്കാദമി പുരസ്കാര നിർണയത്തിലെ അവസാന മൂന്ന് പുസ്കതത്തിൽ വരികയും പുരസ്കാരം ആ പുസ്തകത്തിനാണെന്നു തീരുമാനിക്കുകയും ചെയ്തു. എന്നാൽ അന്ന് പുരസ്കാര നിർണയസമിതി അംഗമായി വന്ന കവി എന്റെ പേര് വെട്ടിക്കളഞ്ഞു. മറ്റു ജൂറി അംഗങ്ങളെല്ലാം എന്റെ പേരു തന്നെ പറഞ്ഞപ്പോഴും ‘അവൻ ആദ്യം മലയാളത്തിലെ അക്ഷരങ്ങൾ ശരിക്കും പഠിക്കട്ടെ, അതിനു ശേഷം പുരസ്കാരം കൊടുക്കാം’ എന്നു പറഞ്ഞു. അന്നത്തെ ആ സംഭവത്തെക്കുറിച്ച് എന്നോടു പറഞ്ഞത് തകഴി ശിവശങ്കരപ്പിള്ളയാണ്. കഴിഞ്ഞ മാസം തകഴി പുരസ്കാരം എനിക്കു കിട്ടി. ആ പുരസ്കാരം ഏറ്റു വാങ്ങിയപ്പോൾ ഞാൻ ഓർത്തതും തകഴി ചേട്ടൻ അന്നു പറഞ്ഞ കാര്യമാണ്. ഞാൻ വളർന്നാൽ സ്വന്തം വളർച്ചയെ ബാധിക്കും എന്നു ഭയന്നവരാണ് എനിക്കു പുരസ്കാരം നിഷേധിച്ചതിനു പിന്നിൽ’.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com