ADVERTISEMENT

കോവിഡ് 19 ആശങ്കയിൽ കേരളം അതീവ ജാഗ്രതയോടെ മുന്നോട്ടു പോകുമ്പോഴും ആരോഗ്യ മന്ത്രിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ നിശിതമായി വിമർശിച്ച് സംഗീതസംവിധായകൻ ഷാൻ റഹ്മാൻ. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങളെ നിശിതമായി വിമർശിച്ചു കൊണ്ട് ഷാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്. പൊതുജന ശ്രദ്ധ നഷ്ടപ്പെടുന്നതു കൊണ്ടാണ് പ്രതിപക്ഷം ഇത്തരം കാര്യങ്ങൾ ഉന്നയിക്കുന്നതെന്നും ആരോഗ്യ മന്ത്രിയുടെ പ്രസംഗങ്ങളെ ചൂഷണം ചെയ്ത് അവർ നിലവാരമില്ലാത്ത നാടകം കളിക്കുകയാണെന്നും ഷാൻ പറഞ്ഞു.

 

ഷാൻ റഹ്മാന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:  

 

ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ലോകമെമ്പാടും വ്യാപിക്കുന്ന രോഗമായി പ്രഖ്യാപിച്ചിരിക്കുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന മാർഗങ്ങളെക്കുറിച്ച് അധികാരികളിൽ നിന്നും വിവരങ്ങൾ അറിയുവാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചു. പബ്ലിസിറ്റി നേടാൻ വേണ്ടി മന്ത്രി തുടരെ തുടരെ പ്രസ് കോൺഫറൻസ് വിളിക്കുന്നു എന്നും അദ്ദേഹം പറയുന്നു. 

 

പ്രിയപ്പെട്ട സർ, നിപ്പ വൈറസ് കാലത്ത് നിങ്ങള്‍ ഓരോരുത്തരും പലയിടങ്ങളില്‍ പോയി ഒളിച്ചപ്പോൾ ആരോഗ്യ മന്ത്രിയും സംഘവും നിപ്പ വൈറസിനെ നേരിട്ടു. അത്തരം വലിയ പ്രതിസന്ധികളിൽ പോലും നമ്മൾ വിജയിച്ചു. കാരണം വളരെ കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് കേരളത്തിന്റേത്. തന്റെ ആളുകളെ സേവിക്കാനും പരിചരിക്കാനുമായി രാപകൽ വ്യത്യാസമില്ലാതെ അവർ അധ്വാനിക്കുന്നു. ജനങ്ങൾക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നു. 

 

ലോകം മുഴുവൻ നമ്മുടെ നാടിനെ ഉറ്റു നോക്കുന്നു. ലോകം നമ്മിൽ നിന്നു പഠിക്കുന്നു. നിങ്ങൾക്കിതൊന്നും സഹിക്കില്ല എന്നെനിക്കറിയാം. കാരണം ഇവയൊക്കെ കാണുമ്പോൾ നിങ്ങൾക്ക് പൊതുജന ശ്രദ്ധ നഷ്ടപ്പെടുകയാണ്. ഒരിക്കലും ജനശ്രദ്ധ ആഗ്രഹിക്കാത്ത ഒരാളിലേക്കാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ. ഷൈലജ  മാഡം സധൈര്യം അവരുടെ കടമ ചെയ്യുന്നു. 

 

പ്രതിപക്ഷത്തെക്കുറിച്ചോർക്കുമ്പോൾ നാണക്കേട് തോന്നുന്നു. എല്ലാവരും ഒരുമിച്ചു നിൽക്കുമ്പോഴും ഷൈലജ മാഡം നടത്തുന്ന ആത്മസമർപ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങൾ  നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞതു പോലെ ‘ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്’ 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com