'ഈ ഹരിഹരൻ വല്ലാത്തൊരു ജിന്ന് തന്നെ'; വേദിയിൽ വിസ്മയമായി ഹരിഹരനും മഞ്ജരിയും

Mail This Article
റെക്കോർഡിങ് സ്റ്റുഡിയോയിൽ പാടുമ്പോൾ ഒരു പാട്ടിനു നൽകുന്ന 'ഫീൽ', വേദിയിൽ ലൈവായി പാടുമ്പോൾ നൽകാൻ കഴിയുന്നത് ഗായകർക്ക് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ, അയത്നലളിതമായി പാടുകയാണ് സംഗീതമാന്ത്രികൻ ഹരിഹരൻ. അതിനു ഉദാഹാരണമാണ് ചൈന്നൈയിൽ വച്ചു നടന്ന പരിപാടിയിൽ ഹരിഹരൻ പാടിയ പാട്ടുകൾ. 'വിശ്വാസം' എന്ന ചിത്രത്തിലെ 'വാനേ... വാനേ' എന്ന ഗാനം സമൂഹമാധ്യമത്തിൽ വൈറലാണ്.
സിനിമയിൽ ശ്രേയ ഘോഷാലാണ് ഈ ഗാനം ഹരിഹരനൊപ്പം ആലപിച്ചതെങ്കിലും വേദിയിൽ എത്തിയത് മഞ്ജരിയായിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് ഇരുവരുടെയും ആലാപനത്തെ കാണികൾ സ്വീകരിച്ചത്. 'നീ താനെ പൊൻജാതി' എന്ന വരികൾ ഹരിഹരൻ പാടിയപ്പോൾ കാണികൾ ആവേശഭരിതരായി. വികാരധീനരായാണ് പലരും പ്രിയഗായകന്റെ പാട്ടവതരണത്തിന് സാക്ഷികളായത്.
'മെലഡികളുടെ രാജാവ് ഹരിഹരൻ തന്നെ' എന്നുറപ്പിക്കുന്നതാണ് ഈ പെർഫോർമൻസ് എന്നാണ് കാണികളുടെ പക്ഷം. ആത്മാവറിഞ്ഞു പാടുന്ന പാട്ടുകാരന് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. അജിത്തും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വിശ്വാസം എന്ന ചിത്രത്തിലെ 'വാനേ... വാനേ' എന്ന ഗാനം കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു. 2020ലും ഇത്രയും മനോഹരമായ മെലഡികൾ പാടാൻ കഴിയട്ടെയെന്നും നിരവധി പേർ ആശംസിച്ചു.