ADVERTISEMENT

‘വൺ ലൗ, വൺ ഹാർട്ട്...ലെറ്റ്സ് ഗെറ്റ് ടുഗെദർ ആൻഡ് ഫീൽ ഓൾറൈറ്റ്’... വൈകിട്ട് കൃത്യം 5 ന് വടുതലയിലെ കൊമരോത്ത് വീടിന്റെ ജനാലയിലൂടെ ബോബ് മാർലിയുടെ ലോക പ്രശസ്തഗാനം മുഴങ്ങി. ഗായകൻ ചാൾസ് ആന്റണി സ്വന്തം ഗിറ്റാറിൽ ഈണമിട്ടു പാടിയത് എന്നത്തെയും പോലെ ജനനിബിഡമായ വേദിക്കു മുന്നിലായിരുന്നില്ല. കേൾവിക്കാരിയായി ഭാര്യ സേതുലക്ഷ്മിയും അയൽവീടുകളിൽ നിന്നു പാട്ടു കേട്ട ഏതാനും ചിലരും മാത്രം.

 

കോവിഡ് 19ന‌െതിരായ ചെറുത്തുനിൽപ്പിൽ മുന്ന‌ണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് ‌ആദരമർപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ സംഗീതത്തിലൂട‌െ സാർത്ഥകമാക്കുകയായിരുന്നു ഗായകൻ ചാൾസ് ആന്റണി. മറഡോണയ്ക്കൊപ്പം സ്പാനിഷ് പാട്ടു പാടി ശ്രദ്ധേയനായ ചാൾസ്, ബോബ് മാർലിയുട‌െ 'വൺ ലവ് വൺ ഹാർട്ട്' എന്ന ഗാനമാണ് കോവിഡ് 19നെതിരെ ലോകമെമ്പാടും പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി ആലപിച്ചത്. ഇംഗ്ലിഷ്, സ്പാനിഷ്, ഇറ്റാലിയൻ, ജർമൻ തുടങ്ങി 16 ഭാഷകളിൽ പാടുന്ന ചാൾസ്, സംഗീതത്തിലൂടെ പിന്തുണ അർപ്പിക്കാനുള്ള ആശയത്തെക്കുറിച്ച് മനോരമ ഓൺലൈനിൽ: 

 

'ഇതെന്റെ പ്രാർത്ഥന'

 

ഞാനൊരു ഗായകനാണ്. എ​നിക്ക് അറിയാവുന്നത് സംഗീതമാണ്. പാട്ടിലൂടെ ആദരമർപ്പിക്കുക എന്നത് നല്ലൊരു ആശയമായി തോന്നി. കൊച്ചി വ‌ടുതലയിലെ എന്റെ വീട്ടിലിരുന്നു തന്നെ ബോബ് മാർലിയുടെ പാ‌ട്ട് ഞാൻ പാടി. എന്റെ മൂന്നു മക്കളും എനിക്കൊപ്പം ചേർന്നു. ഞാൻ ഗിറ്റാറും മൗത്ത് ഓർഗണും വായിച്ചപ്പോൾ, എന്റെ മകൻ ജോഷ്വാ ഡ്രംസ് വായിച്ചു. കോറസ് പാടിയത് എന്റെ പെൺമക്കളായ സഫാനിയും ട്വിങ്കിളും ചേർന്നാണ്. സ്വന്തം സുരക്ഷിതത്വക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ആരോഗ്യപ്രവർത്തകർ ഇത്രയും സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നത്. അവർക്കു വേണ്ടിയുള്ള ഒരു പ്രാർത്ഥന കൂടിയാണ് ഇത്. ഒരു പാട്ട് ആയിരം പ്രാർത്ഥനകൾക്ക് തുല്യമാണെന്നല്ലേ!

 

കാലികം... പ്രസക്തം

 

എന്റെ വീട്ടിലെ സൗണ്ട് സിസ്റ്റവും പരിമിതമായ സൗകര്യങ്ങളും വച്ചാണ് ഈ ഉദ്യമത്തിന് ഇറങ്ങിയത്. അയൽക്കാർക്കൊന്നും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. പലരും കോവിഡ് 19ന്റെ ഭീതിയിലുമായിരുന്നു. അവർക്കിടയിൽ ഒരു പോസിറ്റീവ് സന്ദേശമെത്തിക്കാനുള്ള ശ്രമമായിരുന്നു. ഇറ്റലിയിലും സ്പെയിനുമെല്ലാം ഇത്തരത്തിൽ ആളുകൾ ചെയ്തിരുന്നു. സ്നേഹത്തിലൂടെ ഒരുമിക്കാനും എല്ലാവരും സുഖമായിരിക്കാനും ആശംസിക്കുന്ന ബോബ് മാർലി ഗാനത്തിന്റെ വരികൾ ഈ കോവിഡ് കാലത്ത് ഏറെ പ്രസക്തമാണ്. ഒരുമിച്ചു നിന്നാലേ നമുക്കീ വിപത്തിനെ തുരത്താനാകൂ.

 

'ഈ സമർപ്പണം അവർക്കു വേണ്ടിയും'

 

സംഗീതം കൊണ്ടു മാത്രം ജീവിക്കുന്നവരാണ് ഞങ്ങൾ. എനിക്കറിയാവുന്ന നിരവധി ഗായകരും സംഗീതോപകരണങ്ങൾ വായിക്കുന്നവരും ഇങ്ങനെയാണ് ജീവിക്കുന്നത്. ഞങ്ങൾക്ക് മാസശമ്പളമല്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ എന്റെ എല്ലാ പരിപാടികളും റദ്ദായിപ്പോയി. സംഗീതത്തിലൂടെ മാത്രം ജീവിക്കുന്നവരുടെ അവസ്ഥ ആശങ്കയിലാണ്. കാരണം അവർക്ക് പരിപാടികളില്ല. അതിനാൽ, കോവിഡ് കാലത്തു തൊഴിലില്ലാതെയായ ആയിരക്കണക്കിനു കലാകാരൻമാർക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള അർപ്പണം കൂടിയാണ് ഈ സംഗീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com