ADVERTISEMENT

ക്വാറന്റീൻ കാലത്ത് പാട്ടു പാടിയവർക്കെതിരെ വിമർശനമുന്നയിച്ചവർക്കു മറുപടിയുമായി ഗായിക സിത്താര കൃഷ്ണകുമാർ. പാട്ടു പാടി വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു തന്റെ ചില സുഹൃത്തുക്കൾക്ക് മോശമായ കമന്റുകൾ ലഭിച്ചുവെന്നു സിത്താര പറയുന്നു. എന്നാൽ ജീവനുള്ള അത്രയും കാലം കലാകാരൻമാർ പാട്ടു പാടുമെന്നും അതു തന്നെയാണ് തങ്ങളുടെ പ്രാണനും പ്രാർഥയുമെന്ന് സിത്താര ഫെയ്സ്ബുക്കിൽ കുറിച്ചു. കലാകാരൻമാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവരുടെ ജീവിതാവസ്ഥകളെക്കുറിച്ചും സിത്താര പരാമർശിച്ചു.

 

സിത്താര കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

 

‘ഒന്നു രണ്ടു ദിവസങ്ങളായി പാട്ടു പാടി പോസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കൾക്ക് പലർക്കും ലഭിച്ച കമന്റുകളിൽ ചിലത് ഇങ്ങനെയാണ് , "ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും ", "പാട്ടുപാടാതെ പോയിരുന്നു പ്രാർത്ഥിക്കൂ ", "ലോകം മുഴുവൻ പ്രശ്‍നം നടക്കുമ്പോളാണ് അവന്റെ ഒരു പാട്ട് ". ഒന്നു പറയട്ടെ സുഹൃത്തേ, നിങ്ങൾക്ക് ഫേസ്ബുക്കിൽ കയറാമെങ്കിൽ, കമന്റ് ഇടാമെങ്കിൽ, ട്രോളുകൾ കണ്ടു ചിരിക്കാമെങ്കിൽ, സിനിമ കാണാമെങ്കിൽ, പുസ്തകം വായിക്കാമെങ്കിൽ ഞങ്ങൾ പാടുക തന്നെ ചെയ്യും. 

 

ഈ പറയുന്ന വിഷയം എത്രകണ്ട് മനസ്സിലാകും എന്നറിയില്ല. കലാകാരന്മാർ മിക്കവരും മാസശമ്പളക്കാരല്ല,ദിവസക്കൂലിക്കാരാണ്. പലരുടെയും വരുമാനവും നീക്കിയിരിപ്പും ഏറിക്കുറഞ്ഞിരിക്കും എന്നത് വാസ്തവം തന്നെ. പക്ഷെ സ്വരുക്കൂട്ടിയ ഇത്തിരിയും കഴിഞ്ഞാൽ പിന്നെ ഒരു തരി വെളിച്ചം ഇല്ല. ഒരു തിരിച്ചു കയറ്റത്തിന് ഏറ്റവും കൂടുതൽ കാത്തിരിക്കേണ്ട കൂട്ടർ കലാകാരന്മാർ തന്നെയാവും. എല്ലാവരും സൗഖ്യമായി, എല്ലാവരും ജോലികൾ തുടങ്ങി എന്നുറപ്പായ ഉറപ്പാക്കിയ ശേഷമേ കലാകാരന് തന്റെ കഴിവ് തൊഴിലാക്കാനുള്ള സാഹചര്യം ഇനിയുള്ളു. 

 

ഈ സത്യവും ഈ അനിശ്ചിതാവസ്ഥയും എല്ലാം തിരിച്ചറിയുമ്പോളും പണത്തേക്കാൾ, വരുമാനത്തേക്കാൾ പ്രധാനപ്പെട്ടതായി കലാകാരന്മാർ കരുതുന്ന ചിലതുണ്ട്. നില്ക്കാൻ ഒരു വേദി, മുന്നിൽ ഇരിക്കുന്ന ആസ്വാദകർ, ഒരു നല്ല വാക്ക്, ഒരു കയ്യടി, നന്നായി ഇനിയും നന്നാക്കാം എന്ന വേദിക്കു പുറകുവശത്തെ പ്രോത്സാഹനം. 

 

ഈ ദുരിത സമയത്ത് ലോകാരോഗ്യസംഘടനയും ഡോക്ടർമാരും ഇതാ ഇന്ന് സർക്കാരുകളും എല്ലാം ഓർമിപ്പിക്കുന്നു വരാനിരിക്കുന്ന മാനസിക പിരിമുറുക്കങ്ങളെ കുറിച്ച്. അവ അതിജീവിക്കേണ്ട മാർഗങ്ങളിൽ പ്രധാനം നിങ്ങളീ പറയുന്ന പാട്ടും കൂത്തും തന്നെയാണ്. അതിനാൽ ഞങ്ങൾ പാട്ടും കൂത്തും നടത്തും. ഞങ്ങളുടെയും നിങ്ങളുടെയും മനസ്സുകൾക്ക് വേണ്ടി. പാട്ടും കൂത്തുമല്ലാതെ മറ്റൊന്നും വശമില്ലതാനും. പ്രാർത്ഥിക്കാൻ പറയുന്നവരോട്, ഇതുതന്നെയാണ് ഞങ്ങളുടെ പ്രാണനും പ്രാർത്ഥനയും. അതിനാൽ ഉടലിൽ ഉയിരുള്ളത്രയും നാൾ പാടും, ആടും, പറയും’.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com