ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ മുന്നിട്ടിറങ്ങുന്ന പിണറായി വിജയന്റെ സമചിത്തതയോടെയുള്ള ഇടപെടലുകളെക്കുറിച്ച് ശ്രീകുമാരൻ തമ്പി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. പിണറായി വിജയനോട് തനിക്കുള്ള ബഹുമാനം വർധിച്ചിരിക്കുകയാണെന്നും ഹൃദയാഭിവാദ്യങ്ങൾ അറിയിക്കുന്നു എന്നും കോവിഡിനെ നേരിടുന്നതിൽ നാം വിജയിക്കുമെന്നും അദ്ദേഹം കുറിച്ചു. 

 

ശ്രീകുമാരൻ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

 

‘നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങൾ, അപ്രതീക്ഷിതമായി വന്ന നിപ്പ വൈറസിന്റെ തിരനോട്ടം, ഇപ്പോൾ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി നമ്മുടെ മുമ്പിൽ നിന്ന് തികഞ്ഞ സമചിത്തതയോടെ നേരിട്ടത്. ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന രീതിയും ആ ശരീരഭാഷയിൽ വന്ന മാറ്റവും എത്ര ഹൃദയഹാരിയാണ്. 

 

പ്രശ്നങ്ങൾ മുൻകൂട്ടി കാണാനും അതിന് അനുസൃതമായ കരുതൽ നടപടികൾ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളിൽ ആത്മവിശ്വാസം പകരാനും അദ്ദേഹം കാണിക്കുന്ന അന്യാദൃശമായ പാടവം വളരെയേറെ പ്രശംസനീയമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് ഭക്ഷണവും ഔഷധം ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളും അവരുടെ വീടുകളിൽ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയം തന്നെ.. ഇതുപോലെ എത്രയെത്ര സഹായങ്ങൾ.....കൈത്താങ്ങുകൾ...

 

ആദരണീയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും ഹൃദയാഭിവാദനങ്ങൾ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com