ADVERTISEMENT

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഇറ്റലിയിലെ ജീവിതാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായിക ശ്വേത പണ്ഡിറ്റ്. ഇറ്റലിയിലെ വീട്ടിൽ സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തി കഴിയുന്ന ഗായിക സമൂഹമാധ്യമങ്ങളിലൂടെയാണ് അവിടുത്തെ ഭീകരമായ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇന്ത്യയിലേക്കു മടങ്ങി വരാൻ തീരുമാനിച്ചിരുന്നുവെങ്കിലും തന്നിലൂടെ ആർക്കും രോഗബാധയുണ്ടാകാതിരിക്കാൻ യാത്ര ഒഴിവാക്കുകയായിരുന്നുവെന്ന് ഗായിക പറയുന്നു. ഇറ്റലിയിലെ പോലെ ഭീകരമായ ഒരവസ്ഥ ഇന്ത്യയിൽ ഉണ്ടാകാതിരിക്കട്ടെയെന്നും എല്ലാവരും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്നും ശ്വേത കൂട്ടിച്ചേർത്തു.

 

ശ്വേതയുടെ വാക്കുകൾ:

 

‘കൊറോണ വൈറസ് എത്രത്തോളം ഭീകരമാണെന്ന് എല്ലാവർക്കുമറിയാം. ഞാൻ ഇറ്റലിയിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയിരിക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി. എല്ലാ ദിവസവും ഉണരുമ്പോൾ കേൾക്കുന്നത് ആംബുലൻസിന്റെ ശബദം മാത്രമാണ്. അത് വളരെ ദു:ഖകരമാണെങ്കിലും യഥാർഥത്തിൽ ഇതാണ് ഇറ്റലിയിലെ അവസ്ഥ. ഇറ്റലിയിൽ കോവിഡ് 19 ഇത്രത്തോളം വ്യാപിച്ചത് ‌എങ്ങനെയണെന്ന് എനിക്കറിയില്ല. വൈറസ് വ്യാപനം തിരിച്ചറിഞ്ഞപ്പോഴേക്കും അത് ഒരുപാട് ആളുകളിലേക്ക് പടർന്നു കഴിഞ്ഞിരുന്നു. 

 

അമേരിക്കയിലും ലണ്ടനിലുമൊക്കെ കോവിഡ് പടർന്നു പിടിച്ചിരിക്കുകയാണ്. എന്നാൽ വളരെ വൈകിയാണ് അത് ഇന്ത്യയിലേക്കെത്തിയത് എന്നത് ഏറെ ആശ്വാസകരമാണ്. ഇറ്റലിയിലേതു പോലെ ഭീകരമായ ഒരവസ്ഥ ഇന്ത്യയിൽ ഉണ്ടാകാൻ പാടില്ല. ഹോളിയോടനുബന്ധിച്ച് ഞാൻ ഇന്ത്യയിലേക്കു മടങ്ങി വരാൻ തീരുമാനിച്ചതായിരുന്നു. എനിക്ക് മാതാപിതാക്കളെ ഒരുപാട് മിസ് ചെയ്യുന്നു. അവരുടെയടുത്തേക്കെത്താൻ ആഗ്രഹമുണ്ടെങ്കിലും ഞാൻ അത് വേണ്ടെന്നു വച്ചു. കാരണം, എനിക്ക് വൈറസ് ബാധ ഉണ്ടാവരുത് എന്നു മാത്രമല്ല, അഥവാ എനിക്ക് രോഗം ബാധിച്ചാൽ എന്നിലൂടെ അത് മറ്റാരിലേക്കും പകരാന‍ും‍ പാടില്ല. 

 

ഇത് തമാശയല്ല. വളരെ ഗൗരവമേറിയതും ഭീകരവുമായ കാര്യമാണ്. ആഘോഷങ്ങൾക്കും ഉല്ലാസ യാത്രകൾക്കുമുള്ള സമയമല്ലിത്. കാരണം, നിലവിലെ സാഹചര്യം എത്രത്തോളം ഗുരുതരമാണെന്നതിനു ഞാൻ സാക്ഷിയാണ്. നാം കോവിഡിനോട് പടപൊരുതി അതിനെ അതിജീവിക്കണം. നിങ്ങൾ എല്ലാവരും ആരോഗ്യത്തോടെയിരിക്കുക. വീട്ടിലുള്ളവരോടു സംസാരിക്കുമ്പോൾ പോലും നിശ്ചിത അകലം പാലിക്കുക. വിഡിയോ കോളിലൂടെ സുഹൃത്തുക്കളോട് സംവദിക്കുക, സംഗീതം ആസ്വദിക്കുക, പുസ്തകങ്ങൾ വായിക്കുക. എപ്പോഴും സുരക്ഷിതരായിരിക്കുക’. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com