ADVERTISEMENT

കനിക കപൂറിന് അഞ്ചാം ഘട്ട പരിശോധനയിലും കോവിഡ് ഫലം പോസിറ്റീവ്. ശരീരം മരുന്നകളോട് പ്രതികരിക്കാത്തതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയിൽ കഴിയുന്നത്. അടുത്ത ഘട്ട പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കനിക ഇന്നലെ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. 

 

മക്കളെയും കുടുംബാംഗങ്ങളെയും കാണാന്‍ വേണ്ടി വീട്ടിലേക്കു പോകാൻ കാത്തിരിക്കുകയാണെന്നും അവരെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും കുറിച്ചുകൊണ്ട് ‌കനിക പങ്കുവച്ച വികാരനിർഭരമായ കുറിപ്പ് വൈറലായിരുന്നു. എന്നാൽ അഞ്ചാം ഘട്ട പരിശോധന ഫലം ഗായികയുടെ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചിരിക്കുകയാണ്. 

 

ലോക്ഡൗൺ സമയമായതിനാൽ കനികയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരിടത്തേയ്ക്കു മാറ്റാൻ സാധിക്കില്ലെന്നും രോഗമുക്തിക്കു വേണ്ടി പ്രാർഥിക്കാൻ മാത്രമേ കഴിയൂ എന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം കനികയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 20–നാണ് കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചത്. 

 

വിദേശ യാത്രയ്ക്കു ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ഗായിക രോഗവിവരം മറച്ചുവച്ച് ഉന്നതരുമായി പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. വിദേശയാത്രയ്ക്കു ശേഷം സമ്പർക്ക വിലക്ക് ലംഘിച്ചതിന് കനികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗായികയുടേത് നിരത്തരവാദപരമായ പെരുമാറ്റമാണെന്നു വിമർശിച്ച് പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തു വന്നിരുന്നു.   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com