ADVERTISEMENT

ലോക്ഡൗൺ കാലത്ത് പാട്ടൊരുക്കി സിത്താര കൃഷ്ണകുമാറും ടീം പ്രൊജക്ട് മലബാറിക്കസും. സംഗീതപരിപാടിയ്ക്കായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്നപ്പോഴാണ് കോവിഡ് വ്യാപനം തുടങ്ങിയതെന്നും ആ സാഹചര്യത്തിൽ പരിപാടികളിൽ നിന്നും മാറി നിൽക്കേണ്ടി വന്നുവെന്നും സിത്താര പറയുന്നു. എന്നാൽ ഒരുപാട് നാളുകൾ പാട്ടുകളുണ്ടാക്കാതിരിക്കാൻ തങ്ങൾക്കു സാധിക്കാത്തതിനാലാണ് പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും പുതിയ പാട്ട് ചിട്ടപ്പെടുത്താൻ തീരുമാനിച്ചതെന്നു സിത്താര കൃഷ്ണകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

 

സിത്താരയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

 

‘ലോകത്തിന്റെ പല ഇടങ്ങളിലായി നടക്കാനിരുന്ന സംഗീത ടൂറുകൾക്കായുള്ള കഠിനമായ തയ്യാറെടുപ്പിൽ ആയിരുന്നു ഞങ്ങൾ മലബാറിക്കസ്. കഴിഞ്ഞ മാസം അങ്ങനെ ഒരു പ്രാക്ടീസ് ദിവസമാണ് കോവിഡ് വാർത്തകൾ ഞങ്ങൾ കേൾക്കുന്നതും. അന്ന് പിരിഞ്ഞ ഞങ്ങൾ പലയിടങ്ങളിലായി ഇനി പരസ്പരം എന്നാണ് കാണുന്നതെന്ന് അറിഞ്ഞൂടാ, ഒരു വേദിയിൽ കയറുന്നത് എന്നാണെന്ന് അറിയില്ല. പക്ഷെ, അത്രനാൾ ഒരുമിച്ച് പാട്ടുണ്ടാക്കാതിരിക്കാൻ ഞങ്ങൾക്ക് ആവില്ലെന്ന് ഉറപ്പാണ്. അങ്ങനെ ഉണ്ടായതാണ് ഈ പാട്ട്. 

 

എന്റെ കയ്യിൽ മൈക്ക് ഇല്ല, ഒരാൾക്ക് സോഫ്റ്റ്‌വെയർ ഇല്ല, മറ്റൊരാൾക്കു വിഡിയോ എടുക്കാൻ ആളില്ല അങ്ങനെ സാങ്കേതികമായ ഒരുപാട് പരിമിതികളിൽ നിന്നുകൊണ്ട് ഫോൺ ആപ്പുകളുടെയും സെൽഫി സ്റ്റിക്കുകളുടെയും വീട്ടുകാരുടെയും ഒക്കെ സഹായത്തോടെ ഉണ്ടാക്കിയ കുഞ്ഞു പാട്ട്. നാടിനായി വീട്ടിലിരിക്കാൻ ഉറച്ച വീരന്മാർക്കായി, മറ്റുള്ളവരുടെ രക്ഷക്കായി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാർക്ക്ക് ആരോഗ്യപ്രവർത്തകർക്ക്, പോലീസുകാർക്ക്, സർക്കാർ സംവിധാനങ്ങൾക്ക് എല്ലാവർക്കും വേണ്ടി ഒരു കുഞ്ഞു പാട്ട്’.

 

ആലാപനത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മനു മഞ്ജിത്തിന്റെ വരികൾ ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുകയാണ് സിത്താര കൃഷ്ണകുമാർ. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിലൂടെയാണ് ഗാനരംഗം ആരംഭിക്കുന്നത്. പാട്ടിന്റെ ആശയവും സംവിധാനവും സിത്താരയുടേതാണ്. വിജോ ജോബ്, ലിബോയ് പ്രെയ്സ്‌ലി, ശ്രീനാഥ് നായർ, മിഥുൻ പോൾ, അജയ് കൃഷ്ണൻ, അശ്വിൻ കൃഷ്ണ എന്നിവർ സംഗീതോപകരണങ്ങളുമായി സിത്താരയ്ക്കൊപ്പം ചേർന്നു. എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ടു തന്നെയാണ് ‘പ്രതിരോധമാണ് പ്രതിവിധി’ എന്ന പാട്ടിന്റെ ഭാഗമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com