ADVERTISEMENT

ലോക്ഡൗൺ കാലമായതിനാൽ ഒൗദ്യോഗിക പരിപാടികളിൽ നിന്നും മാറി എറണാകുളത്തെ വീട്ടിൽ കുടംബാംഗങ്ങളോടൊപ്പം കഴിയുകയാണ്  സംഗീതസംവിധായകൻ കൈലാസ് മേനോൻ. അപ്രതീക്ഷിതമായി കിട്ടിയ ഈ ഒഴിവു കാലം പുതിയ കാര്യങ്ങൾ പഠിക്കാനും പരീക്ഷിക്കാനുമായി പരമാവധി പ്രയോജനപ്പെടുത്തുകയാണ് അദ്ദേഹം. അതോടൊപ്പം ഒരു ചിത്രത്തിനു വേണ്ടി പശ്ചാത്തലസംഗീതവും ഒരുക്കുന്നു. ലോക്ഡൗൺ ദിനങ്ങളിലെ അനുഭവങ്ങൾ കൈലാസ് മേനോൻ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

 

‌‘ലോക്ഡൗൺ ദിനങ്ങളിൽ വീട്ടിൽ തന്നെ കഴിയുകയാണ്. തിരക്കുകളിൽ നിന്നും മാറി നിൽക്കുന്നതിനാൽ വീട്ടുകാർക്കൊപ്പം പതിവിലും കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ചിന്തിക്കാനും പഠിക്കാനും പരീക്ഷിക്കാനുമായി ഈ ദിവസങ്ങളെ പ്രയോജനപ്പെടുത്തുകയാണ് ഞാൻ. അതോടൊപ്പം ഒരു ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഒരുക്കുന്നുണ്ട്. സിനിമ കാണാനും പാട്ടു കേൾക്കാനും ഈ ദിവസങ്ങളിൽ സമയം കണ്ടെത്തുന്നു. സിനിമയും സംഗീതവും ഇടകലർന്നതാണ് എന്റെ ഈ ദിവസങ്ങൾ. 

 

അതിലുമുപരി മറ്റുള്ളവരോട് കുറേക്കൂടി സംസാരിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും സാധിക്കുന്നു. പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനും ചില സൗഹൃദങ്ങൾ ദൃഢമാക്കാനും ‌ഈ ദിവസങ്ങൾ അവസരം നൽകി. ലോക്ഡൗണിനു മുൻപുള്ള ജീവിതവും ഇപ്പോഴത്തെ ജീവിതവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനും പരീക്ഷിക്കാനുമായി സമയം കണ്ടെത്തുമായിരുന്നു. എന്നാൽ ജീവിതം പൂർണമായും അതിലേക്കു മാറിക്കഴിയുമ്പോൾ പുതിയ കാര്യങ്ങൾ പഠിക്കാനൊന്നും സമയം കിട്ടില്ല. എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായി കിട്ടിയ ഈ ഒഴിവു സമയം പഴയ കാലത്തേയ്ക്കു തിരിച്ചെത്തിച്ചതു പോലെ തോന്നുന്നു. കാരണം ഇപ്പോൾ പുതിയ കാര്യങ്ങൾ പഠിക്കാം. പരീക്ഷിക്കാം. 

 

മനസ് ഇപ്പോൾ വളരെ ശാന്തമാണ്. വലിയ ടെൻഷനൊന്നും ഇല്ല. ശാന്തവും സ്വസ്ഥവുമായിരുന്നു ചിന്തിക്കാനും പഠിക്കാനും സാധിക്കുന്നു. ഇപ്പോൾ അധികം ഫോൺ വിളികൾ വരാറില്ല. ധാരാളം ഒഴിവു സമയം ഉള്ളതുകൊണ്ട് വ്യക്തിപരമായ ജീവിതത്തിനു വേണ്ടി സമയം മാറ്റി വയ്ക്കാൻ സാധിക്കുന്നു. മൂന്നോ നാലോ മാസം കൂടുമ്പോൾ ഒരാഴ്ചത്തേയ്ക്കെങ്കിലും ഒരു ബ്രേക്ക് എടുക്കണം എന്നുള്ള തിരിച്ചറിവ് നൽകുകയാണ് ഈ ലോക്ഡൗൺ. കഴിഞ്ഞ ദിവസം എന്റെ സുഹൃത്തും സംഗീതസംവിധായകനുമായ അരുണ്‍ മുരളീധരൻ വിളിച്ചിരുന്നു. അദ്ദേഹവും ഇതേ ആശയമാണ് മുന്നോട്ടു വച്ചത്. കാരണം, ഇടവേളകളിൽ കൂടുതൽ കാര്യങ്ങൾ പഠിക്കാം. അത് കരിയറിൽ ഒരുപാട് ഗുണം ചെയ്യും’. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com