ബില്ലി ഐലിഷിനോടുള്ള ആരാധന വെളിപ്പെടുത്തി ജസ്റ്റിൻ ബീബർ; ഇത് മാതൃകയെന്ന് ആരാധകർ
Mail This Article
ഗ്രാമി ജേതാവ് ബില്ലി ഐലിഷിന്റെ പേരെഴുതിയ വസ്ത്രം ധരിച്ച് പോപ് താരം ജസ്റ്റിൻ ബീബർ. ഗായകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ഇപ്പോൾ വൈറലാവുകയാണ്. വെള്ള നിറത്തിലുള്ള പുള്ളോവർ ആണ് ജസ്റ്റിൻ ധരിച്ചിരിക്കുന്നത്. അതിൽ മഞ്ഞ നിറത്തിൽ ബില്ലി ഐലിഷ് എന്ന് എഴുതിയിരിക്കുന്നു. ബില്ലിയെ അടയാളപ്പെടുത്തുന്ന സ്റ്റിക് മാൻ ലോഗോ ആലേഖനം ചെയ്ത ചുവന്ന പുള്ളോവർ ധരിച്ച് ജസ്റ്റിന്റെ ഭാര്യ ഹെയ്‌ലിയും അരികിലുണ്ട്. ‘ഞങ്ങളുടെ പ്രിയപ്പെട്ടയാൾ’ എന്ന അടിക്കുറിപ്പോടെയാണ് ഗായകൻ ചിത്രം പങ്കുവച്ചത്.
ബില്ലി ഐലിഷ് ജസ്റ്റിൻ ബീബറിന്റെ വലിയ ആരാധികയാണെന്ന് പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. ഗായകനോടുള്ള ഭ്രാന്തമായ ആരാധന പ്രകടിപ്പിച്ചു കൊണ്ട് കുട്ടിക്കാലം മുതലുള്ള പല വിഡിയോകളും ചിത്രങ്ങളും ബില്ലി പങ്കുവച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ജസ്റ്റിൻ ബീബർ തന്റെ ആരാധകനാണെന്നറിഞ്ഞപ്പോൾ അമ്പരന്നിരിക്കുകയാണ് ബില്ലി ഐലിഷ്. ആരാധ്യ ഗായകൻ പങ്കുവച്ച ചിത്രത്തിന് ഗായിക ‘ഓ എന്റെ ദൈവമേ’ എന്ന് ആശ്ചര്യം നിറഞ്ഞ കമന്റു രേഖപ്പെടുത്തി.
ജസ്റ്റിൻ ബീബർ പങ്കുവച്ച ചിത്രം ഇപ്പോൾ സമൂഹമാധ്യമ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഇതിഹാസ ഗായകൻ മറ്റൊരു സംഗീത ഇതിഹാസത്തെ പിന്തുണക്കുന്നതിൽ അഭിമാനം തോന്നുന്നു എന്നാണ് ആരാധകരിൽ ചിലർ കുറിച്ചത്. ഈ വർഷത്തെ ഗ്രാമി വേദിയിൽ അഞ്ചു പുരസ്കാരങ്ങൾ നേടിയാണ് പതിനെട്ടുകാരിയായ ബില്ലി ഐലിഷ് തിളങ്ങിയത്. റെക്കോര്‍ഡ് ഓഫ് ദി ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ആല്‍ബം, സോങ് ഓഫ് ദി ഇയര്‍ എന്നീ വിഭാഗങ്ങളിലായിരുന്നു ബില്ലിയുടെ പുരസ്കാര നേട്ടം.