ADVERTISEMENT

ലോക്ഡൗൺ തുടരുന്നതിനാൽ ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി വീട്ടിൽ കഴിയുകയാണ് ഗായിക രാജലക്ഷ്മി. സംഗീതപരിപാടികളുമായി എപ്പോഴും തിരക്കിലായിരുന്ന ഗായികയ്ക്ക് ഇത്രയും നീണ്ട ഒഴിവുകാലം പുതിയ അനുഭവമാണ്. സംഗീത പരിപാടികൾക്കു വേണ്ടിയുള്ള തയാറെടുപ്പുകളും തിരക്കുകളും ഒരുപാട് മിസ് ചെയ്യുന്നു എന്നു പറയുകയാണ് രാജലക്ഷ്മി. സമൂഹം ഈ ഘട്ടം തരണം ചെയ്താലും കലാകാരൻമാരുടെ പ്രതിസന്ധി മാറാൻ ഒരുപാടു സമയമെടുക്കും എന്ന ആശങ്കയുമുണ്ട് ഗായികയ്ക്ക്. എങ്കിലും സംഗീതം തനിക്ക് വളരെ ശാന്തതയും സമാധാനവും നൽകുന്നു എന്ന് രാജലക്ഷ്മി പറയുന്നു. അപ്രതീക്ഷിതമായി കിട്ടിയ ദിവസങ്ങളിൽ കൂടുതൽ സമയവും മകൻ ആര്യനൊപ്പം ചിലവഴിക്കുകയാണ് ഗായിക. ഒപ്പം ഇഷ്ട വിനോദങ്ങളിൽ ഏര്‍പ്പെടുകയും ചെയ്യുന്നു. ലോക്ഡൗൺ ദിനങ്ങളിലെ വിശേഷങ്ങളുമായി രാജലക്ഷ്മി മനോരമ ഓൺലൈനിനൊപ്പം

 

‘ലോക്ഡൗൺ ദിനങ്ങളെ കുറിച്ചോർത്തപ്പോൾ ആദ്യം മനസ്സിൽ ആകെ ശൂന്യതയായിരുന്നു. കാരണം ജീവിതത്തിലാദ്യമായാണ് ഇതുപോലൊരു നീണ്ട ഒഴിവുകാലം കിട്ടുന്നത്. കുട്ടിക്കാലം മുതൽ ഞാന്‍ സംഗീത പരിപാടികളിൽ സജീവമായിരുന്നു. അതുകൊണ്ടു തന്നെ ഇങ്ങനെ വീട്ടിലിരുന്നു ശീലമില്ല. എപ്പോഴും പരിപാടികൾക്കു പോകണം, പാടാണം എന്ന ചിന്ത മാത്രമായിരുന്നു. അന്നു മുതൽ സംഗീതത്തിനായിരുന്നു ജീവിതത്തിൽ പ്രഥമസ്ഥാനം. അതു കഴിഞ്ഞാണ് ഞാൻ പഠനത്തിനു പോലും പ്രധാന്യം കൊടുത്തത്. ഇപ്പോൾ പെട്ടെന്ന് അതിനെല്ലാം ഒരു തടസ്സം വന്നപ്പോൾ ശരിക്കും സങ്കടം തോന്നി. കാരണം ഈ പ്രതിസന്ധികളൊക്കെ അതിജീവിച്ചാലും വിനോദമേഖല പഴയ രീതിയിലേക്കെത്താൻ ഒരുപാട് സമയമെടുക്കും. 

 

ഞങ്ങൾ ഗായകരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ഇതു തന്നെയാണ് ചർച്ച. ഇനിയെന്നാണ് ഓരോരുത്തരെയും നേരിൽ കാണുന്നതെന്നോ പരിപാടികൾക്കു പോകുന്നതെന്നോ ആർക്കും അറിയില്ല. ഇത് ഉത്സവകാലമായതിനാൽ ധാരാളം പരിപാടികൾ കിട്ടേണ്ടതായിരുന്നു. ഉണ്ടായിരുന്ന പരിപാടികളൊക്കെ ക്യാൻസൽ ആയി. ഞാൻ പിന്നണി ഗായകരുടെ സംഘടനാ ഭാരവാഹിയാണ്. ഇപ്പോൾ കലാകാരൻമാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയും ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു നിവേദനം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യങ്ങളിലൊക്കെ സന്തോഷവും സമാധാനവും നൽകുന്നത് സംഗീതമാണ്. പിന്നെ കല സമൂഹത്തിനു മാറ്റി നിർത്താൻ സാധിക്കാത്ത ഒന്നാണല്ലോ. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ. സാഹചര്യങ്ങളുടെ തീവ്രത നാം മനസിലാക്കണമല്ലോ.  

 

പ്രയാസങ്ങൾ തോന്നിയെങ്കിലും പിന്നെ മനസ്സ് സാഹചര്യവുമായി പൊരുത്തപ്പെട്ടു. അപ്രതീക്ഷിതമായി കിട്ടിയ ഈ ഒഴിവുസമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. എല്ലാ കാര്യങ്ങളും ചെയ്യാൻ ധാരാളം സമയം കിട്ടുന്നുണ്ട്. മകന്റെയൊപ്പമാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. എത്ര തിരക്കുണ്ടെങ്കിലും ഞാൻ അവനു വേണ്ടി പരമാവധി സമയം മാറ്റി വയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ മുഴുവൻ സമയവും അവനൊപ്പമാണ്. അവനെക്കൊണ്ട് പാട്ടുകൾ പാടിപ്പിക്കും. അവൻ കൊറോണയെക്കുറിച്ച് ചില കവിതകൾ എഴുതിയിട്ടുണ്ട്. അതൊക്കെ നോക്കും.

 

പാചകം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞങ്ങൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് വളരെ വിരളമാണ്. വീട്ടിൽ തന്നെ പാകം ചെയ്യുന്നതാണ് എനിക്ക് തൃപ്തി. ഇപ്പോൾ പുതിയ വിഭവങ്ങൾ പരീക്ഷിക്കാൻ ധാരാളം സമയം ലഭിക്കുന്നുണ്ട്. ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ഞാൻ വീടിന്റെ പുറത്ത് വിറകു കത്തിച്ച് മൺ കലത്തിലും ചട്ടിയിലുമൊക്കെയായിരുന്നു ഭക്ഷണം തയാറാക്കിയത്. അതൊക്കെ വളരെ രസകരമായിട്ടു തോന്നി. പുറത്തെ പാചകത്തിന് ആവശ്യമായ വിറകും മറ്റു സാധനങ്ങളുമൊക്കെ ഞാൻ സംഭരിച്ചു വച്ചിട്ടുണ്ട്. അങ്ങനെ പാചകം ചെയ്യേണ്ട ഒരു അവസ്ഥ വന്നാലും നമ്മൾ ജീവിക്കണമല്ലോ. ഈ ദിവസങ്ങളിലെ വളരെ വ്യത്യസ്തവും രസകരവുമായ ഒരു അനുഭവമായിരുന്നു അത്.

 

ദിവസവും പാട്ട് പരിശീലനം നടത്തുന്നു, വ്യായാമം ചെയ്യുന്നു. അങ്ങനെ ഓരോ കാര്യങ്ങളിലും ഏർപ്പെടുന്നതുകൊണ്ട് സമയം പെട്ടെന്നു പോകുന്നുണ്ട്. ഒട്ടും വിരസത തോന്നുന്നില്ല. സംഗീത പരിപാടികള്‍ക്കു പോകുന്നതിനു ദിവസങ്ങള്‍ക്കു മുൻപു തന്നെ ഞാൻ തയാറെടുപ്പുകൾ നടത്തിത്തുടങ്ങുമായിരുന്നു. അപ്പോഴൊക്കെ ആ പരിപാടിയെക്കുറിച്ചു മാത്രമായിരുന്നു ചിന്ത. ഇപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ആ ദിവസങ്ങളും തയാറെടുപ്പുകളുമാണ്’. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com