ADVERTISEMENT

കൊറോണ കാലം കലാകാരന്മാരുടെ ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഗായികയും സംഗീതസംവിധായകുമായ സയനോര. കൊറോണ കാലം കഴിഞ്ഞാലും അടുപ്പിൽ തീ പുകയുവാൻ "ഇനിയെന്ത്?" എന്ന് ചിന്തിക്കുന്ന  ഒരു വിഭാഗത്തിൽപെടുന്നവരാണ് കലാകാരന്മാരും അതിലെ ടെക്നീഷ്യൻസുമെന്ന് സയനോര ഓർമപ്പെടുത്തുന്നു.

 

സയനോരയുടെ കുറിപ്പ് വായിക്കാം:

 

"ഈ ഒരു കാലവും കടന്നു പോകും".

 

എന്നോട് കൊറോണ കാലത്തെ വിഷമങ്ങൾ പങ്കുവയ്ക്കുന്ന ബാൻഡിലെ കൂട്ടുകാരോട് ഞാൻ എപ്പോഴും പറയുന്ന വാചകം ആണിത്. പക്ഷേ എത്ര കാലം എടുക്കും ഇത് ശരിക്കും കടന്നു പോകുവാൻ? അറിയില്ല. മറ്റേതു ജോലിയും ചെയ്യുന്ന ആളുകൾക്ക് ഇത് ചെലപ്പോ മെല്ലെ മെല്ലെ ആണെങ്കിലും കടന്നു പോകുമായിരിയ്ക്കും. എന്നാൽ കൊറോണ കാലം കഴിഞ്ഞാലും അടുപ്പിൽ തീ പുകയുവാൻ "ഇനിയെന്ത്?" എന്ന് ചിന്തിക്കുന്ന  ഒരു വിഭാഗം ഉണ്ട്. കലാകാരന്മാർ, ടെക്‌നീഷ്യൻസ്. 

 

സിനിമ മേഖലയിൽ ഉള്ളവർ മാത്രം അല്ല. ഗാനമേളകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഗായകർ, വാദ്യോപകരണ കലാകാരന്മാർ, മിമിക്രി കലാകാരന്മാർ, ലൈറ്റ് ആൻഡ് സൗണ്ട് വിഭാഗത്തിലെ ജീവനക്കാർ, കർണാടക സംഗീതജ്ഞർ, നാടക കലാകാരന്മാർ, നാടൻ കലാരൂപങ്ങൾ നില നിർത്തി പോരുന്ന ഫോക്‌ലോർ കലാകാരന്മാർ. ഇങ്ങനെ നിരവധി പേരാണ് നമ്മുടെ നാട്ടിൽ കൊറോണ കാലം കഴിഞ്ഞാലും പട്ടിണിയിൽ ആവാൻ പോവുന്നത്. 

 

ഏപ്രിൽ മെയ് മാസങ്ങൾ കഴിഞ്ഞാൽ പിന്നെ മഴക്കാലം ആണ്, ഏതൊരു ആർട്ടിസ്റ്റും തെല്ലൊരു ഭയത്തോടെ ഉറ്റു നോക്കുന്ന കാലം. സാധാരണ ഗതിയിൽ ഈ സമയത്താണ് ഒട്ടു മിക്ക ഗൾഫ്, അമേരിക്കൻ പരിപാടികളും ഉണ്ടാവാറ്. എന്നാൽ ഇനി അങ്ങോട്ട് അതായിരിക്കില്ല സ്ഥിതിഗതികൾ. ഗൾഫിലും മറ്റും കൊറോണ കടുത്ത സാഹചര്യത്തിൽ ഇനി അങ്ങോട്ട് പരിപാടികൾ ചെയ്യുന്നതിനെ കുറിച്ച് കുറേ നാളത്തേക്ക് ചിന്തിക്കാൻ പോലും പറ്റില്ല . ഇവിടെ ആണെങ്കിൽ കൊറോണ ഭീതി നിലനിൽക്കുന്നത് കൊണ്ട് ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനായി കുറേ നാളത്തേക്ക് എങ്കിലും ഗാനമേളകളും, സ്റ്റേജ് ഷോകളും ഇനി കുറച്ചു കാലത്തേക്ക് നോക്കേണ്ടി വരില്ല.ഒട്ടേറെ കലാകാരന്മാർ ഇപ്പോ തന്നെ ഇതാലോചിച്ചു വേവലാതിപ്പെട്ടു തുടങ്ങിക്കാണും. 

 

ഓരോ മാസവും ബാങ്ക് ലോണും EMI യും അടക്കാൻ കഷ്ടപ്പെടുന്നവരാണ് മിക്ക കലാകാരന്മാരും . എല്ലാ മാസവും കൃത്യമായി ശമ്പളം ഇല്ലാത്തവർ. അടുത്ത മാസം പരിപാടി ഇല്ലെങ്കിൽ പൊന്നു പണയം വെച്ച് ലോൺ അടക്കുന്നവർ ആണ് കൂടുതൽ പേരും. ഒരു തവണ എങ്കിലും ഈ പണിക്ക് പോകേണ്ടായിരുന്നു, വേറെ വല്ല സ്ഥിര വരുമാനവും ഉള്ള ജോലിക്കു പോയാൽ മതി ആയിരുന്നു എന്ന് വിചാരിക്കാത്ത ആർട്ടിസ്റ്റുകൾ കുറവാണ്. വിഷാദ രോഗം പിടിപെടാത്തവരും. ഞാൻ പറയുന്ന ഈ  കാര്യങ്ങൾ  തന്റെ കലാവിദ്യ കൊണ്ട് വയറ്റിൽ പെഴപ്പ് നടത്തുന്ന ഏതൊരു കലാകാരനും മനസിലാവും . കാരണം ഇവർ എല്ലാവരും ഈ പറഞ്ഞ എല്ലാ തലങ്ങളും അനുഭവിച്ചവരായിരിക്കും. പട്ടിണി, ദുരിതം ,ഉത്ക്കണ്ഠ ഇതെല്ലാം കലാകാരന്മാരുടെ കൂടെപ്പിറപ്പുകളാണ്.  ഏറ്റവും കൂടുതൽ ചൂഷണങ്ങൾക്ക് വിധേയർ ആവേണ്ടി വരുന്നതും ഈ വിഭാഗത്തിനാണ്. ഒരിടക്ക് ഒരു നല്ല കാലഘട്ടം ഉണ്ടായിരുന്നിരിക്കാം. പക്ഷെ രണ്ടു പ്രളയങ്ങളും അതിജീവിച്ചു നടു നിവർന്നു വരുമ്പോഴേക്കും കൊറോണ ലോക്ക് ഡൗൺ എന്ന നിശ്ചലാവസ്ഥ ആണ് ഇപ്പോ. 

 

എന്റെ സുഹൃത്തായ ഒരു മ്യുസിഷ്യൻ പറഞ്ഞത് ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല. സ്റ്റുഡിയോ ഉപകരണങ്ങൾ വായ്‌പ എടുത്തു വാങ്ങിയത് അതാത് കടയിലെ ആളുകളിൽ നിന്ന് നേരിട്ട് ആണ്, അതിൽ ഒരു മൊറൊട്ടോറിയവും ബാധകം അല്ല.(മൊറൊട്ടോറിയത്തിന്റെ ചർച്ച, അത്  എന്തായാലും പിന്നീടാവാം) അപ്പോ പൈസ എന്തായാലും അടച്ചേ മതി ആവൂ. "കയ്യിൽ ഉള്ളത് കൂട്ടിയാൽ ഈ മാസം തന്നെ അടക്കാൻ പാടാണ്. ഇനി അങ്ങോട്ട് എങ്ങനെ? കോവിഡ് വന്ന് ഒന്ന് മരിച്ചാ മതി ആയിരുന്നു...."കോവിഡ് വന്നാ അങ്ങനെ എല്ലാരും ഒന്നും മരിക്കൂല്ലേടോ" എന്ന് പറഞ്ഞു തമാശ ആക്കി അത് തള്ളിക്കളഞ്ഞെങ്കിലും  അവൻ പറഞ്ഞതിന്റെ ആഴം എത്രത്തോളം ആണെന്ന് ഊഹിക്കുവാൻ കഴിയും. കയ്യിൽ ഉള്ളത് കൊറച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഇട്ടു സഹായിച്ചാലും ഈ ഒരു അവസ്ഥയിൽ ,ഇങ്ങനെ ചിന്തിക്കുന്നവർ ,എത്ര പേർ ഉണ്ടാവും? 

 

ഇതിങ്ങനെ ഒരു പോസ്റ്റ് ആയിട്ട് എഴുതി ഇട്ടാൽ എന്തെങ്കിലും കാര്യം ഉണ്ടാവോ എന്നറിയില്ല . എല്ലാവരും ഒരേ തോണിയിൽ ആണെന്നറിയാം. ലോകം മുഴുവൻ കര കേറുവാൻ വേണ്ടിയുള്ള പരക്കം പാച്ചലിൽ ആണ് .എങ്കിലും കലാകാരന്മാരുടെ തോണി കരക്ക് അടിയാൻ ഇനിയും കാലങ്ങൾ എടുക്കും എന്നതിൽ യാതൊരു സംശയവും ഇല്ല . അതിനാൽ അവർക്കായി എന്തെങ്കിലും ഒരു അടിയന്തിര സുരക്ഷാ പദ്ധതി നടപ്പിലാക്കേണ്ടതായി ഇല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com