ADVERTISEMENT

ഈണങ്ങളുടെ തമ്പുരാൻ അർജുനൻമാസ്റ്റർ ഏറ്റവുമധികം പാട്ടുകളൊരുക്കിയത് ശ്രീകുമാരൻ തമ്പിക്കൊപ്പമായിരുന്നു. ഇരുവരുടെ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ മലയാള ചലച്ചിത്ര ഗാനശാഖയിൽ നിത്യഹരിതങ്ങളായി നിലകൊള്ളുന്നു. 

 

അർജുനാ’ എന്നാണു ശ്രീകുമാരൻ തമ്പി വിളിക്കുക. ഇമ്പമുള്ളൊരു ഈണം പോലെ എം.കെ.അർജുനൻ വിളി കേൾക്കും: ‘തമ്പി സാർ’! 

 

ഈ സ്നേഹബിന്ദുക്കൾക്കിടയിൽ അപ്പോഴൊരു നിശ്ശബ്ദ പെൻഡുലം കമ്പനം ചെയ്യുന്നുണ്ടാകും. ഓരോ മാത്രയിലും കാലത്തിന്റെ ഘടികാരസൂചി ഇവരെ അത്രയേറെ ചേർത്തുവച്ചിട്ടുണ്ട്. ആ യാദൃച്ഛികത ഈ മാർച്ചിൽ രണ്ടു ചരിത്രരേഖകൾ കുറിക്കുന്നു–ഇന്ന് എം.കെ. അർജുനന് 84 വയസ്സ്, 16നു ശ്രീകുമാരൻ തമ്പിക്ക് 80 വയസ്സ്! 

 

അർജുനന്റെ കൊച്ചി പള്ളുരുത്തിയിലെ ‘പാർവതി മന്ദിര’ത്തിൽ ഈ പാട്ടുകൂട്ടുകാർ ഈയിടെ ഏറെ നേരം ഒരുമിച്ചിരുന്നപ്പോൾ ഓർമകൾ അക്ഷരങ്ങളായി, ഈണമായി, ഗാനമായി, മുത്തിലും മുത്തായ മണിമുത്തുകളായി... അറുപതിലേറെ സിനിമകളിൽ നാനൂറിലധികം ഗാനങ്ങളൊരുക്കിയ കൂട്ട് ഇപ്പോഴിതാ ഒരു ഈണം സൃഷ്ടിക്കുമെന്നു തോന്നിപ്പോകും, ഈ പാട്ടുവർത്തമാനം കേട്ടിരുന്നാൽ.

 

 

നന്ത്യാർവട്ടപ്പൂ ചിരിച്ചു... 

 

കൂട്ടുകാരനു കുറച്ചു മധുരനാരങ്ങ വാങ്ങാൻ പള്ളുരുത്തിക്കവലയിലെ പഴക്കടയ്ക്കു മുന്നിൽ ശ്രീകുമാരൻ തമ്പി കാർ നിർത്തി. ഓറഞ്ചിലും മധുരമുള്ളൊരു ചിരിയോടെ കടക്കാരൻ ചോദിച്ചു: ‘തമ്പി സാറേ, അർജുനൻ മാഷുടെ വീട്ടിലേക്കല്ലേ?’. നന്ത്യാർവട്ടപ്പൂ വിടർന്നപോലൊരു ചിരിയോടെ ശ്രീകുമാരൻ തമ്പി: ‘കണ്ടോ, ഇപ്പോഴും അർജുനന്റെ പേരിനൊപ്പം എന്നെ ചേർത്തുവയ്ക്കുന്നു. അതാണു ഞങ്ങളുടെ ബന്ധം’.

 

 

തമ്പി പൂമുഖം കടന്നെത്തിയപ്പോൾ, അർജുനന്റെ മുഖമൊരു ചെമ്പകപ്പൂവായി. 

 

 

‘എന്താ മുന്നറിയിപ്പില്ലാതെ?’ 

 

arjunan-master-sreekumaran-thampi
ശ്രീകുമാരൻ തമ്പിയുടെ ചെന്നൈയിലെ വീട്ടിലിരുന്ന് ‘തിരുവോണം’ എന്ന ചിത്രത്തിന്റെ കംപോസിങ് നിർവഹിക്കുന്ന എം.കെ.അർജുനൻ. പിന്നിൽ ശ്രീകുമാരൻ തമ്പിയും മകൻ രാജകുമാരൻ തമ്പിയും.

 

‘ഒന്നുമില്ല, അർജുനൻ ഉടനെ ആയിരം പൂർണചന്ദ്രൻമാരെ കാണാൻ പോവുകയല്ലേ?’ എന്നു തമ്പി. 

 

 

മുകളിലേക്കു നോക്കി തൊഴുതുകൊണ്ട് അർജുനൻ പുഞ്ചിരിച്ചു. ‘ആയിരം പൂർണചന്ദ്രൻമാരെ കാണുമ്പോൾ ആയിരം അമാവാസികളും നമ്മൾ കാണുന്നുണ്ട്. അതു പക്ഷേ, നമ്മൾ പറയാറില്ല’–വെളിച്ചത്തിനു നിഴലും ആശയ്ക്കു നിരാശയും കൂട്ടുണ്ടെന്നെഴുതിയ കവി ചേർത്തു. 

 

 

ശിൽപികൾ നമ്മൾ... 

 

തമ്പി പറഞ്ഞതിനു തുടർച്ചയായി, ആദ്യ ചിത്രമായ ‘കറുത്ത പൗർണമി’യെക്കുറിച്ചാണ് അർജുനൻ സംസാരിച്ചു തുടങ്ങിയത്. ‘ആ സിനിമയിലെ പാട്ടുകൾ കേട്ട് ‘റെസ്റ്റ് ഹൗസി’ന്റെ പ്രൊഡ്യൂസറോട് എന്നെ ശുപാർശ ചെയ്ത മഹാമനുഷ്യസ്നേഹിയാണ് തമ്പി സാർ. അതുപോലെ എവിടെയൊക്കെ പറഞ്ഞിട്ടുണ്ടാവും? ഞാൻ കൈക്കൂലിയൊന്നും കൊടുത്തിട്ടില്ല. എന്നെക്കുറിച്ചു പറയാൻ ഒരിക്കലും പറഞ്ഞിട്ടുമില്ല’. 

 

 

‘എന്റെ മനസ്സിലുള്ള സംഗീത സങ്കൽപം ദേവരാജൻ മാഷോടു ചർച്ച ചെയ്യാൻ പറ്റിയിട്ടില്ല. ദക്ഷിണാമൂർത്തി സ്വാമിയോട് അൽപമൊക്കെ സാധിച്ചിട്ടുണ്ട്. പക്ഷേ, ഞാനും അർജുനനും പാട്ടൊരുക്കാനിരിക്കുമ്പോഴേ എന്റെ മനസ്സിലുള്ളത് അദ്ദേഹം ഇങ്ങോട്ടു ചോദിക്കും. കവിതയെ അത്രയേറെ പൂജിക്കുന്ന സംഗീതജ്ഞനാണ് അർജുനൻ. ഞങ്ങൾക്കു രണ്ടുപേർക്കും ഇഷ്ടപ്പെടാത്ത പാട്ടുകൾ ഞങ്ങളുണ്ടാക്കിയിട്ടില്ല’– ഓർമകളുടെ ആകാശമാകെ പാട്ടിന്റെ നീലക്കുടകൾ നിവർത്തി, ശ്രീകുമാരൻ തമ്പി. 

 

 

ഈ സ്നേഹബിന്ദുക്കൾക്കിടയിൽ അപ്പോഴൊരു നിശ്ശബ്ദ പെൻഡുലം കമ്പനം ചെയ്യുന്നുണ്ടാകും. ഓരോ മാത്രയിലും കാലത്തിന്റെ ഘടികാരസൂചി ഇവരെ അത്രയേറെ ചേർത്തുവച്ചിട്ടുണ്ട്. ആ യാദൃച്ഛികത ഈ മാർച്ചിൽ രണ്ടു ചരിത്രരേഖകൾ കുറിക്കുന്നു–ഇന്ന് എം.കെ. അർജുനന് 84 വയസ്സ്, 16നു ശ്രീകുമാരൻ തമ്പിക്ക് 80 വയസ്സ്! 

 

 

അർജുനന്റെ കൊച്ചി പള്ളുരുത്തിയിലെ ‘പാർവതി മന്ദിര’ത്തിൽ ഈ പാട്ടുകൂട്ടുകാർ ഈയിടെ ഏറെ നേരം ഒരുമിച്ചിരുന്നപ്പോൾ ഓർമകൾ അക്ഷരങ്ങളായി, ഈണമായി, ഗാനമായി, മുത്തിലും മുത്തായ മണിമുത്തുകളായി... അറുപതിലേറെ സിനിമകളിൽ നാനൂറിലധികം ഗാനങ്ങളൊരുക്കിയ കൂട്ട് ഇപ്പോഴിതാ ഒരു ഈണം സൃഷ്ടിക്കുമെന്നു തോന്നിപ്പോകും, ഈ പാട്ടുവർത്തമാനം കേട്ടിരുന്നാൽ. 

 

 

തേടിത്തേടി ഞാനലഞ്ഞു

 

969. കെ.പി.കൊട്ടാരക്കര നിർമിച്ച് ശശികുമാർ സംവിധാനം ചെയ്യുന്ന ‘റെസ്റ്റ് ഹൗസ്’ എന്ന സിനിമ വരുന്നു. ജി.ദേവരാജനെന്ന മഹാമേരുവിനോടു പിണങ്ങി ശ്രീകുമാരൻ തമ്പി പുതിയ സംഗീതക്കൂട്ടു തേടുന്ന കാലം. ‘നിങ്ങളുടെ ഹാർമോണിസ്റ്റ് സംഗീതം ചെയ്താലും എന്റെ പാട്ടുകൾ നന്നാവും’ എന്നായിരുന്നു ദേവരാജനോടു തമ്പിയുടെ വെല്ലുവിളി. സാന്ദർഭികമായി അങ്ങനെ പറഞ്ഞു എന്നല്ലാതെ, ഏതെങ്കിലും ഹാർമോണിസ്റ്റ് തമ്പിയുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. 

 

 

‘കറുത്ത പൗർണമി’യിലെ ‘മാനത്തിൻ മുറ്റത്ത്...’ കേട്ട് തമ്പി ആർ.കെ.ശേഖറിനോട് (എ.ആർ.റഹ്മാന്റെ പിതാവും സംഗീത സംവിധായകനും) ചോദിച്ചു: ‘ദേവരാജൻ മാഷുടെ ഏതു സിനിമയിലെ പാട്ടാണിത്?’ ‘ഇതു മാഷുടെ ഹാർമോണിസ്റ്റ് എം.കെ.അർജുനൻ ചെയ്തതാണ്’ എന്നു ശേഖർ. 

 

 

‘ഹാർമോണിസ്റ്റ്’ എന്ന വാക്ക് തമ്പിയുടെ ഉള്ളിലൊന്ന് ആഞ്ഞു വലിച്ചു. ‘ശേഖറേ, നമുക്ക് അയാളോടൊപ്പം ഒരു പടം ചെയ്യണം’–തമ്പി ഉടനെ തീരുമാനമെടുത്തു. കെ.പി.കൊട്ടാരക്കരയെ വിളിച്ച് അർജുനനെ ശുപാർശ ചെയ്തു. രണ്ടു ദിവസത്തിനകം അർജുനനെ മദ്രാസിലേക്കു വരുത്തി, റിക്കാർഡിങ് നടത്തി. പൗർണമിച്ചന്ദ്രിക തൊട്ടുവിളിച്ചു..., പാടാത്ത വീണയും പാടും..., യമുനേ പ്രേമയമുനേ..., മുത്തിലും മുത്തായ മണിമുത്ത്... പാട്ടിന്റെ സിന്ദൂരപ്പൊട്ടു തൊട്ടു, ആദ്യ സിനിമതന്നെ. 

 

 

നിലവിളക്കിൻ തിരിനാളമായ്...

 

 

‘പൗർണമിച്ചന്ദ്രിക’യായിരുന്നു ആദ്യം ഈണമിട്ടതെന്ന്, ആയിരം പൗർണമികളിലെത്തുന്ന വേളയിൽ പറയുമ്പോൾ അർജുനന്റെ മുഖം ചന്ദന നദിയിലെ ചന്ദ്രരശ്മിയായി. ‘എന്താ സാറിന്റെ മനസ്സിൽ...?’ അർജുനൻ ആദ്യമേ ചോദിച്ചു. മോഹനരാഗത്തിൽ ഈണമിടാമെന്ന താൽപര്യം തമ്പി പങ്കുവച്ചു. പാട്ടിൽ പത്മരാഗം പുഞ്ചിരിച്ചു. കെ.പി.കൊട്ടാരക്കര പറഞ്ഞു: ‘ഞാനൊന്നു തമ്പിയെ കെട്ടിപ്പിടിക്കട്ടെ, ഇയാളെ കണ്ടുപിടിച്ചതിന്’. 

 

 

രണ്ടാമത് ഒരുക്കിയത് ‘മുത്തിലും മുത്തായ മണിമുത്ത്...’. മൂന്നാമത് ഈണമിട്ട ‘പാടാത്ത വീണയും പാടും...’ മൂന്നു തരത്തിൽ ട്യൂണിട്ടു. നിർമാതാവിനും സംവിധായകനും ഇഷ്ടമാകുന്നില്ല. അർജുനൻ തമ്പിയോടു രഹസ്യമായി പറഞ്ഞു: ‘ഞാൻ ചെയ്ത നല്ലൊരു നാടകഗാനമുണ്ട്. അതൊന്നു പിടിച്ചുനോക്കട്ടേ?’. ‘ദേവാലയമണികൾ മുഴങ്ങി...’ എന്ന നാടകഗാനം കേട്ടപ്പോൾ തമ്പിക്കു നന്നായിത്തോന്നി. ‘നാടകഗാനത്തിന്റെ ട്യൂണാണെന്നൊന്നും പറയാൻ പോകണ്ട. ചെറിയ മാറ്റം വരുത്തി ചെയ്തോ’ എന്നു തമ്പി. ആ ഈണം സെൻസേഷനൽ ഹിറ്റായി!

 

 

ആദ്യ സിനിമയിൽത്തന്നെ ഇവർക്കിടയിലൊരു രസവും തന്ത്രവും രൂപപ്പെടുകയായിരുന്നു. ‘നീലമലർമിഴിത്തൂലിക കൊണ്ടെത്ര നിർമലമന്ത്രങ്ങൾ നീയെഴുതി, നീയെഴുതി...’ എന്നാണു അനുപല്ലവിയുടെ അവസാനവരി തമ്പി എഴുതിയിരുന്നത്. ഈണമിട്ടപ്പോൾ ഒരു ഹമ്മിങ് കൂടി പിറന്നു. അതിന്റെ വാലിൽ പിടിച്ച് അർജുനൻ തമ്പിയോടു ചോദിച്ചു: ‘അങ്ങനെ പാടിക്കഴിയുമ്പോൾ ചേർക്കാൻ എനിക്കു രണ്ടു വാക്കു തരുമോ?’. ‘മറക്കുകില്ല, മറക്കുകില്ല, ഈ ഗാനം നമ്മൾ മറക്കുകില്ല...’ എന്ന വരികളായത് ആ വാക്കുകളാണ്!

 

 

പൂവിനു കോപം വന്നാൽ... 

 

 

‘പിക്നിക്കി’ലെ തന്നെ ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി...’ എന്ന പാട്ടിനെ അതിന്റെ പാട്ടിനു വിട്ട് വേറെ പണി നോക്കിയാലോ എന്നുപോലും അർജുനൻ ചിന്തിച്ചിട്ടുണ്ട്! എംഎസ് പ്രൊഡക്‌ഷൻസിന്റെ മദ്രാസ് മഹാലിംഗപുരത്തെ ഓഫിസിലാണ് കംപോസിങ്. ആർക്കും ട്യൂൺ ഇഷ്ടപ്പെടുന്നില്ല. അർജുനൻ മുട്ടുമടക്കി. ‘ഇതിൽ കൂടുതൽ ചെയ്യാനുള്ള കഴിവ് എനിക്കില്ല. ഞാനങ്ങു പോകുവാ’– അർജുനൻ ഹാർമോണിയം അടച്ചു. 

 

 

‘ഒരൊറ്റ ട്യൂൺ കൂടി’ എന്നു തമ്പി പറഞ്ഞുനോക്കി. ‘അതും ഇഷ്ടമായില്ലെങ്കിലോ?’ എന്നു ചോദിച്ച് അർജുനൻ ഹോട്ടലിലേക്കു മടങ്ങി. കാറിലിരിക്കുമ്പോഴും കയ്യിൽ വരികളുണ്ട്. ചെട്പെട്ട് ഫ്ലൈ ഓവർ കടന്നപ്പോൾ അർജുനമനസ്സിന്റെ വാൽക്കണ്ണാടിയിലൊരു പാട്ടു തെളിഞ്ഞു. ഹോട്ടലിലെത്തിയ ഉടനെ തമ്പിയെ വിളിച്ചു കേൾപ്പിച്ചു. ‘ഈ ട്യൂൺ അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനും ഈ സിനിമ വിടും’ എന്നു തമ്പി ധൈര്യം കൊടുത്തു. ആ ഈണമാണ് യേശുദാസിന്റെയും വാണി ജയറാമിന്റെയും ശബ്ദത്തിൽ അനശ്വരമായത്! ‘ഞാൻ പെട്ടെന്നു പൊട്ടിത്തെറിക്കും. പക്ഷേ, അർജുനന്റെ പരമാവധി പൊട്ടിത്തെറി ഹാർമോണിയം അടച്ചുവയ്ക്കലാണ്. അർജുനനെ സംരക്ഷിക്കാൻ എത്രയോ നിർമാതാക്കളോടു മോശമായി സംസാരിക്കേണ്ടി വന്നിട്ടുണ്ട്’–തമ്പി ഇതു പറയുമ്പോൾ അർജുനന്റെ മുഖത്തു മന്ദസ്മിതം കൊണ്ടൊരു വസന്തം.

 

 

ജയിക്കാനായ് ജനിച്ചവൻ...

 

 

‘യദുകുലരതിദേവനെവിടെ...’ എന്ന ‘റെസ്റ്റ് ഹൗസി’ലെ ഗാനവും അർജുനനെ വട്ടംകറക്കിയിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങും മുൻപു റിക്കാർഡിങ് നടക്കാത്തതുകൊണ്ട്, സുഹൃത്തും നിർമാതാവുമായ ടി.ഇ.വാസുദേവനെ റിക്കാർഡിങ് ചുമതല ഏൽപിച്ച് കെ.പി.കൊട്ടാരക്കര ഷൂട്ടിങ് തുടങ്ങി. പാട്ട് ഇഴകീറി പരിശോധിക്കുന്നയാളാണു ടി.ഇ.വാസുദേവൻ. കേട്ടപ്പോഴേ ‘ഇതു കൊള്ളില്ല’ എന്നു പറഞ്ഞ് അദ്ദേഹം മടക്കി. ‘അവരൊക്കെ കേട്ട് ഇഷ്ടപ്പെട്ടതാ’ എന്ന് അർജുനൻ പറഞ്ഞെങ്കിലും ‘ഇതു ഡാൻസിനു പറ്റിയ ട്യൂണല്ല’ എന്നു തറപ്പിച്ചു പറഞ്ഞ വാസുദേവനെ തമ്പി വീട്ടിൽച്ചെന്നു കണ്ടു: ‘സർ, ആ ട്യൂൺ മാറ്റരുത്. അതു കാപ്പി രാഗത്തിലാണ്. ആ രാഗം ഫാസ്റ്റ് ആയാൽ ഭംഗിയുണ്ടാവില്ല’. ഏറെ സംസാരിച്ച് ഒരുവിധം സമ്മതിപ്പിച്ചു. അതേ ട്യൂണിൽ പാട്ടൊരുങ്ങി. ഗാനയമുനയായി അതിന്നും പാടിയൊഴുകുന്നു. 

 

 

ആശയെവിടെ, നിരാശയെവിടെ.

 

 

അർജുനനെ സിനിമാലോകം ഏറെ കരയിപ്പിച്ച ഗാനമാണ് ‘ദുഃഖമേ നിനക്കു പുലർകാല വന്ദനം...’ ചിത്രം: പുഷ്പാഞ്ജലി. അതുവരെ ആ ബാനറിന്റെ സിനിമകളിൽ പാട്ടൊരുക്കിയതു ജി.ദേവരാജനാണ്. സംവിധായകൻ ശശികുമാർ പറഞ്ഞു: ‘എനിക്കു തമ്പിയും അർജുനനും വേണം’. എന്നിട്ടും, അർജുനനെക്കുറിച്ചു നിർമാതാവിനു സംശയം. ‘അർജുനനു പാട്ടു ചെയ്യാനൊന്നും അറിയില്ല. അതൊക്കെ ദേവരാജൻ മാഷ് ചെയ്യുന്നതാണ്. കൂടിയ തുകയ്ക്കു ദേവരാജൻ ചെയ്യുന്ന പടങ്ങളിൽ സ്വന്തം പേരു വയ്ക്കും. കുറഞ്ഞ തുകയ്ക്കു ചെയ്യുമ്പോൾ അർജുനന്റെ പേരിടും’ എന്ന് ആരോ നിർമാതാവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. 

 

 

അർജുനനു താമസിക്കാൻ ഹോട്ടൽ കൊടുത്തില്ല. നിർമാണക്കമ്പനിയുടെ ഓഫിസിൽ താമസിച്ചുകൊള്ളാൻ പറഞ്ഞു. കംപോസിങ്ങിനു തമ്പി വന്നപ്പോൾ അർജുനൻ ആകെ തകർന്ന നിലയിൽ. ‘ഞാൻ നിൽക്കണോ? പട്ടിണി കിടന്നാലും എനിക്കിങ്ങനെ ജോലി ചെയ്യണമെന്നില്ല’– അർജുനൻ പരിഭവപ്പെട്ടു. തമ്പി വീണ്ടും അർജുനനുവേണ്ടി ‘വെളിച്ചപ്പാടായി’: ‘ഞാൻ ഈ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ്. നാളെത്തന്നെ അദ്ദേഹത്തിനു മുറി കൊടുക്കണം’. 

 

 

കംപോസിങ്ങിനിരുന്നപ്പോ‍ൾ തമ്പി അർജുനനോടു പറഞ്ഞു: ‘ദർബാരി കാനഡ രാഗത്തിൽ വേണം. ആയിരം പാദസരങ്ങളോടു പിടിച്ചുനിൽക്കുന്ന പാട്ടാവണം’. അതു സംഭവിച്ചു, ‘കാലത്തിന്റെ അഭിനന്ദനങ്ങൾ’ ഏറ്റുവാങ്ങി ഇന്നും ഓർമകളിൽ മധുരഗന്ധമാകുന്നു, ഈ പാട്ട്!

 

 

ആയിരം അജന്താചിത്രങ്ങളിൽ... 

 

 

ആയിരക്കണക്കിനു ഗാനങ്ങൾ ഒരുക്കിയിട്ടും എം.കെ.അർജുനനു ലഭിക്കാതിരുന്ന സംസ്ഥാന അവാർഡ് രണ്ടു വർഷം മുൻപു തേടിയെത്തിയത് ശ്രീകുമാരൻ തമ്പി എഴുതിയ ഗാനത്തിനായിരുന്നു! (ചിത്രം: ഭയാനകം). ‘ഇത്രകാലം വൈകിയിട്ടും എന്റെ വരികളിൽ പിറന്ന പാട്ടിലൂടെതന്നെ അദ്ദേഹം ആദരിക്കപ്പെട്ടതാണ് ആനന്ദം?’ എന്നു തമ്പി. 

 

 

കൂട്ടായ്മയിലെ ഇഷ്ടപ്പാട്ടേതെന്നു തമ്പി കുറെ ആലോചിച്ചു. ‘കാലഭേദമില്ലാതെ സ്വീകരിക്കപ്പെട്ടൊരു പാട്ടാണ് കസ്തൂരി മണക്കുന്നല്ലോ...’ എന്ന് ഓർത്തുപറഞ്ഞു. ആസ്വാദകർ അനുഗ്രഹിച്ച ‘ചെമ്പകത്തൈകൾ പൂത്ത മാനത്തു പൊന്നമ്പിളി...’ യാണ് അർജുനൻ എടുത്തുപറഞ്ഞത്. ‘ഗസൽ രീതിയിലാണാ പാട്ട്. എനിക്കു ഗസൽ ചെയ്യാനറിയില്ല. തമ്പിസാറാണ് ഒന്നു ചെയ്തു നോക്കാൻ ധൈര്യം തന്നത്’–പാട്ടുകൂട്ടങ്ങളിൽ ഇന്നും ‘അത്തറിൻ സുഗന്ധവും പൂശി’ വിടർന്നുനിൽക്കുന്ന ഗാനത്തെക്കുറിച്ച് അർജുനൻ.

 

 

‘പാർവതി മന്ദിര’ത്തിൽ നിന്നു ശ്രീകുമാരൻ തമ്പി ഇറങ്ങാൻ തുടങ്ങുമ്പോൾ മാനത്തു ചെമ്പകത്തൈകൾ പൂത്തുതുടങ്ങിയിരുന്നു. അർജുനൻ മാഷ് ചക്രക്കസേര ഉരുട്ടി വാതിൽക്കലോളം വന്നു. ‘അർജുനൻ മാസ്റ്ററേ, അപ്പോൾ പിന്നെ കാണാം’ എന്നു പറഞ്ഞു മടങ്ങുമ്പോൾ തമ്പി പറഞ്ഞു: ‘ഞാനിപ്പോൾ അർജുനാ എന്ന വിളി മെല്ലെ മാറ്റിത്തുടങ്ങിയിരിക്കുന്നു! എന്തോ എനിക്കിപ്പോൾ മാസ്റ്റർ എന്നു വിളിക്കാൻ തോന്നുന്നു’.

 

‘മാസ്റ്റേഴ്സ്’ കൈകൂപ്പി പിരിയുമ്പോൾ കാലം അവരെ തൊഴുതുനിൽക്കുന്നു!

 

 

ശ്രീകുമാരൻ തമ്പി–  എം.കെ.അർജുനൻ  ക്ലാസിക്കുകൾ

 

 

∙ നീലനിശീഥിനീ... 

 

∙ നിൻമണിയറയിലെ... 

 

∙ തിരുവോണപ്പുലരി തൻ...

 

∙ വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി...

 

∙ മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു... 

 

∙ ചെട്ടികുളങ്ങര ഭരണിനാളിൽ...

 

∙ തേടിത്തേടി ഞാനലഞ്ഞു... 

 

∙ കസ്തൂരി മണക്കുന്നല്ലോ  കാറ്റേ... 

 

∙ യമുനേ പ്രേമയമുനേ... 

 

∙ മുത്തിലും മുത്തായ മണിമുത്തു കിട്ടി...

 

∙ പാടാത്ത വീണയും പാടും...

 

∙ സിന്ദൂരപ്പൊട്ടു തൊട്ട്... 

 

∙ നീലക്കുട നിവർത്തി മാനം...

 

∙ ദുഃഖമേ നിനക്കു പുലർകാല വന്ദനം...

 

∙ നക്ഷത്രക്കിന്നരൻമാർ വിരുന്നു വന്നു..

 

∙ മുത്തു കിലുങ്ങി മണിമുത്തു കിലുങ്ങി...

 

∙ സുഖമൊരു ബിന്ദു... 

 

∙ കുയിലിന്റെ മണിനാദം കേട്ടു...

 

∙ പാലരുവിക്കരയിൽ... 

 

∙ നന്ത്യാർവട്ടപ്പൂ ചിരിച്ചു... 

 

∙ മല്ലികപ്പൂവിൻ മധുരഗന്ധം...

 

∙ ചന്ദ്രക്കല മാനത്ത്... 

 

∙ ശിൽപികൾ നമ്മൾ... 

 

∙ പൂവിനു കോപം വന്നാൽ... 

 

∙ ജയിക്കാനായ് ജനിച്ചവൻ ഞാൻ... 

 

∙ എത്ര സുന്ദരി, എത്ര പ്രിയങ്കരി... 

 

∙ ചെമ്പകത്തൈകൾ പൂത്ത... 

 

∙ ഉറങ്ങാൻ കിടന്നാൽ...

 

∙ ആയിരം അജന്താ ചിത്രങ്ങളിൽ... 

 

∙ പൗർണമിച്ചന്ദ്രിക തൊട്ടുവിളിച്ചു... 

 

∙ ചന്ദ്രരശ്മിതൻ ചന്ദനനദിയിൽ...

 

∙ രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി... 

 

∙ നിലവിളക്കിൻ തിരിനാളമായ്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com