ADVERTISEMENT

മാനസവീണകൾ മൗനമാകുന്നു

 

‘‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം...’’ കറുത്ത പൗർണമി എന്ന ചിത്രത്തിനുവേണ്ടി പി.ഭാസ്കരൻ എഴുതിയ വരികൾക്ക് ഈണമിടുമ്പോൾ എന്തായിരുന്നു എം.കെ.അർജുനന്റെ മനസിൽ? കുട്ടിക്കാലത്ത് അനുഭവിച്ച പട്ടിണിയുടെ ദുരിതങ്ങളിൽനിന്ന് സംഗീതത്തിന്റെ കൈപിടിച്ച് പാട്ടിന്റെ സൗഗന്ധികൾ വിടർത്തിയ അർജുനൻമാസ്റ്റർ ആ വരികളിൽ തന്നെ സ്വയം കണ്ടെത്തിയിരിക്കാം.

 

മുറിക്കൈയ്യൻ വെള്ളഷർട്ടും, കക്ഷത്തിൽ ഒരു കോന്തലപൊക്കി ഇറുക്കിവച്ച വെള്ളമുണ്ടും, കയ്യിലൊരു കറുത്തബാഗുമായി മലയാളക്കരയിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്ത മനുഷ്യൻ. പതിഞ്ഞ ശബ്ദത്തിൽ സംസാരം. പൗർണമിചന്ദ്രിക പാലാഴി നീന്തിവരുന്നതുപോലുള്ള ചിരി. അടുപ്പമുള്ളവരോട് മതിലുകളില്ലാതെ മനസുതുറക്കുന്ന അർജുനൻ മാസ്റ്റർ.

 

പ്രണയഗാനങ്ങളിലാണ് അർജുനൻമാസ്റ്ററുടെ കയ്യൊപ്പു പതിഞ്ഞിരിക്കുന്നതെന്ന് പലരും പറയാറുണ്ട്. കസ്തൂരി മണക്കുന്ന കാറ്റിനോട് ‘കള്ളിയവൾ കഥ പറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ’ എന്നു ചോദിക്കുന്നിടത്ത് ഈണത്തിൽ ഒരിത്തിരി പ്രണയക്കുറുമ്പു ചാലിച്ചിട്ടുണ്ട്. അങ്കണത്തൈമണി മാവിന്റെ കൊമ്പത്ത് ‘നിന്റെ പെൺകുയിലാളൊത്ത് വന്നാട്ടേ’ എന്ന ഈണത്തിലെ പ്രണയം ഹൃദയത്തിലെവിടെയോ ചെന്നുതൊടും. വിഷാദാർദ്ര പ്രണയം മാത്രമല്ല, ഏതുതരം പാട്ടും തന്റെ കൈകളിൽ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. 

 

മലയാളത്തിലെ എക്കാലത്തെയും അടിപൊളിഗാനങ്ങളിൽ മുൻപന്തിയിലുള്ള ‘ചെട്ടികുളങ്ങര ഭരണി നാളിൽ’ അത്തരമൊരു പാട്ടാണ്. 1975ൽ സിന്ധു എന്ന ചിത്രത്തിൽ പ്രേംനസീർ ആടിപ്പാടിയ അതേഗാനമാണ് 2007ൽ രാഹുൽരാജ് റീമിക്സ് ചെയ്ത് ചോട്ടാ മുംബൈയിൽ അവതരിപ്പിച്ചപ്പോൾ മോഹൻലാൽ തകർത്താടിയത്. 1974ൽ ‘പിക്നിക്കി’നുവേണ്ടി ഒരുക്കിയ ‘കസ്തൂരി മണക്കുന്നല്ലോ കാറ്റേ’ 2011ൽ ‘നായിക’യിൽ വീണ്ടും വന്നപ്പോഴും ഈണത്തിലെ പുതുമ നഷ്ടപ്പെട്ടിട്ടേയില്ല.

 

ചട്ടമ്പിക്കല്യാണിയിലെ ‘ജയിക്കാനായ് ജനിച്ചവൻ ഞാൻ’ എന്ന പാട്ടിന്റെ ഈണത്തിൽ വിപ്ലവാവേശവും യുവത്വവും നിറഞ്ഞുനിൽക്കുന്നു.

ഹർഷബാഷ്ബത്തിൽ അദ്ദേഹം ഈണമിട്ട ‘ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സിൽനിൽപ്പൂ’ എന്ന ഗാനത്തേക്കാൾ മികച്ചൊരു ഇസ്‌ലാമിക ഭക്തിഗാനം വേറെയുണ്ടോ? ‘തിരുവോണപ്പുലരി തൻ തിരുമുൽകാഴ്ച വാങ്ങാൻ’ പൂക്കളമിട്ട് അണിഞ്ഞൊരുങ്ങുന്ന തിരുമുറ്റം അവതരിപ്പിച്ചപ്പോൾ ആ ഈണത്തിൽ ഓണക്കാലത്തിന്റെ എല്ലാ സന്തോഷവും അദ്ദേഹം നിറച്ചുവച്ചു. അർജുനൻമാസ്റ്റർ ഓർമയാകുമ്പോൾ ആ  ഗന്ധർവൻ വിരൽതൊട്ട മാനസവീണകൾ വീണ്ടും പാടാതാവുകയാണ്.

 

 

പ്രണയസ്മൃതികളിൽ വേദന പടര്‍ത്തിയുള്ള വേർപാട്

 

തേൻചോരും വാക്കുകളിൽ പേരു തുളുമ്പിനിൽക്കുന്ന സംഗീത സംവിധായകൻ എം.കെ.അർജുനൻ ഓർമയാവുമ്പോൾ ഒരു തലമുറയുടെ പ്രണയസ്മൃതികളിൽ വേദന പടരുകയാണ്. തട്ടുപൊളിപ്പൻ സിഐഡി പടങ്ങളിൽപ്പോലും അതിമനോഹര പ്രണയഗാനങ്ങൾ സൃഷ്ടിച്ച അർജുനൻ–തമ്പി കൂട്ടുകെട്ടാണ് മലയാളികളെ പ്രണയിക്കാൻ പഠിപ്പിച്ചത്. 

 

വീട്ടിലെ ദാരിദ്ര്യം കാരണം പഴനിയിലെ ആശ്രമത്തിലേക്ക് പറഞ്ഞയക്കപ്പെട്ട അർജുനനെന്ന ബാലൻ തിരികെ നാട്ടിലേക്കുവന്നത് പാട്ടിന്റെ ചെമ്പകത്തൈകൾ പൂക്കുന്ന മാനത്ത് പൊന്നമ്പിളി വിരിയിച്ചാണ്. ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തെ  പരിചയപ്പെട്ട കഥ ഒരിക്കൽ എം.കെ.അർജുനൻ പറഞ്ഞിട്ടുണ്ട്. പരിചയപ്പെട്ടുകഴിഞ്ഞപ്പോൾ ‘നിൻമണിയറയിലെ’ എന്ന ഗാനത്തിലെ വരികൾ എസ്പിബി പാടിക്കേൾപ്പിച്ചു. എന്തുകൊണ്ട് ഈ പാട്ട് ഓർത്തുവച്ചു എന്ന ചോദ്യത്തിന് മറുപടിയായി എസ്പിബി ഒരു കഥ പറഞ്ഞു.

 

1970 കളുടെ തുടക്കത്തിലെ കഥ. സംവിധായകൻ വേണുവിന്റെ ചെന്നൈ ഓഫീസിൽ ശ്രീകുമാരൻ തമ്പിയുമൊത്തിരുന്ന് സിഐഡി നസീറിലെ പാട്ടുകൾ ചിട്ടപ്പെടുത്തുകയാണ് അർജ്ജുനൻ. ആ ഓഫീസിനു തൊട്ടടുത്തുള്ള വീട്ടിൽ സിനിമയിൽ അവസരം തേടി വന്ന ചില ചെറുപ്പക്കാരാണ് താമസം. വളർന്നു വരുന്ന പാട്ടുകാരും നടന്മാരുമൊക്കെയുണ്ട് അക്കൂട്ടത്തിൽ. അവരിലൊരാൾ കമ്പോസിങ് കേൾക്കാൻ പതിവായി വേണുവിന്റെ ഓഫീസിന് പുറത്തു വന്നു കാത്തു നിൽക്കും. പാട്ടുകൾ കേട്ട് ഹൃദിസ്ഥമാക്കും. അത് ബാലുവായിരുന്നു. ഇന്നത്തെ എസ് പി ബാലസുബ്രഹ്മണ്യം. 

 

കുറച്ചു വർഷങ്ങൾക്കുമുൻപ് തെന്നിന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് ചെന്നൈയിൽ നടക്കുകയാണ്. പ്രായാധിക്യം മൂലമുള്ള അസ്വസ്ഥതകൾ ഉള്ളതിനാൽ പേരക്കുട്ടിയുടെ കൈപിടിച്ചാണ് എം.കെ.അർജുനൻ സദസിലെത്തിയത്. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മൂലയ്ക്കിരുന്നു. ആദരിക്കാനായി തന്റെ പേരു വിളിച്ചപ്പോൾ സഹായിയുടെ കൈപിടിച്ച് വേദിയിലേക്ക് നടന്നുവരവെ പശ്ചാത്തലത്തിൽ ഒരു ഗാനമുയർന്നു.. വേദിയിലുണ്ടായിരുന്ന സൂപ്പർതാരം കമൽഹാസൻ മൈക്കു കയ്യിലെടുത്ത് പാടുകയാണ്...‘ ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി...’

പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തന്റെ പ്രിയഗാനമായി മനസിൽ കൊണ്ടുനടക്കുയാണ് എം.കെ.അർജുനൻ ഈണമിട്ട ആ ഗാനമെന്ന് കമൽഹാസൻ പറഞ്ഞു. വാണിഗണപതിയുമായുള്ള പ്രണയം വിവാഹത്തിലേക്ക് അടുക്കുന്ന സമയത്താണത്രേ കൊച്ചി ബോൾഗാട്ടി പാലസിൽവച്ച് ആ ഗാനം ചിത്രീകരിച്ചത്.

 

എം.കെ.അർജുനന്റെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു ആർ.കെ.ശേഖർ. അദ്ദേഹത്തിന്റെ മകൻ ദിലീപ്് സ്റ്റുഡിയോയിൽ വന്നിരിക്കുന്നതും സംഗീതോപകരണങ്ങൾ എടുത്തുകളിക്കുന്നതും പലർക്കും ഇഷ്ടമായിരുന്നില്ല. എന്നാൽ ആ കുരുന്നിനെ ഹാർമോണിയം വായിക്കാൻ പഠിപ്പിച്ചതും ഓർക്കസ്ട്ര ഒരുക്കുന്നതിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചതും അർജുനനായിരുന്നു. ആദ്യമായൊരു ഹാർമോണിയം സമ്മാനിച്ചതുപോലും അദ്ദേഹമായിരുന്നു. വർഷങ്ങളേറെക്കഴിഞ്ഞു. ആ കുട്ടി എ.ആർ.റഹ്മാനായി വളർന്നു. പക്ഷേ പിന്നീടൊരിക്കലും ഒരു വേദിയിലും ഒരു അഭിമുഖത്തിലും എം.കെ.അർജുനനെക്കുറിച്ച് പറഞ്ഞില്ല. ഒരു സുപ്രഭാതത്തിൽ തന്നെ പൂർണമായും ഒഴിവാക്കിയതിന്റെ ഓർമകൾ അർജുനൻ തന്റെ ഓർമക്കുറിപ്പുകളിൽ പറഞ്ഞിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com