‘ലോകം മുഴുവൻ സുഖം പകരാനായ്’; എം.ജി ശ്രീകുമാറിനൊപ്പം ഗായകരുടെ സംഗീതാർച്ചന
Mail This Article
ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോൾ ആശ്വാസ ഗാനവുമായി എം.ജി.ശ്രീകുമാറും സംഘവും. ഗായകന്റെ ഓൺലൈൻ സംഗീത സ്കൂൾ ആയ ട്യൂട്ടേഴ്സ് വാലിയിലെ അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കുമൊപ്പം പിന്നണി ഗായകരും ചേർന്നാണ് ലോക സമാധാനത്തിനായി ഗാന സമർപ്പണമൊരുക്കിയത്. കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ എല്ലാവരും നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽ സുരക്ഷിതരായി കഴിയണമെന്നും ഈ മാഹാമാരിയും നാം അതിജീവിക്കുമെന്നുള്ള മോഹൻലാലിന്റെ ശബ്ദ സന്ദേശത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്.
‘ലോകം മുഴുവൻ സുഖം പകരാനായ്’ എന്നു പാടി എം.ജി.ശ്രീകുമാർ ഗാനാർച്ചനയ്ക്കു തുടക്കം കുറിക്കുന്നു. പിന്നാലെ സംഗീത സ്കൂളിലെ അധ്യാപകരും ആലാപനത്തിൽ പങ്കു ചേർന്നു. മൈക്കിൾ ജാക്സന്റെ ‘ഹീൽ ദ് വേൾഡ്’ ഗാനവുമായാണ് വിദ്യാർഥികളെത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ ഗാനാർച്ചനയ്ക്കൊപ്പം ചേർന്നു.
പിന്നണി ഗായകരായ സുദീപ് കുമാർ, ശ്രേയ ജയദീപ്, ടീനു ടെലെൻസ് എന്നിവരും പാട്ടിന്റെ ഭാഗമായി. അനൂപ് കോവളം പുല്ലാങ്കുഴലിൽ ഈണമൊരുക്കി. കോവിഡ് മഹാമാരിക്കെതിരെ ജീവൻ പണയപ്പെടുത്തി പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ആദരമായാണ് പാട്ടൊരുക്കിയത്. വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.