ADVERTISEMENT

കൊച്ചു ഗായികയുടെ പാട്ടിന്റെ വിഡിയോ പങ്കുവച്ച് ഗായകൻ ജി. വേണുഗോപാൽ. അപ്രതീക്ഷിതമായി ശ്രദ്ധയിൽപ്പെട്ട വിഡിയോയിലെ കൊച്ചു ഗായിക പാടുന്നതു കേട്ടപ്പോൾ അറിയാതെ എഴുന്നേറ്റിരുന്നു പോയി എന്നു തുറന്നുപറഞ്ഞാണ് വേണുഗോപാലിന്റെ പോസ്റ്റ്. തിരുവില്വാമല സ്വദേശി സനിഗ സന്തോഷ് ആണ് ഭാവഗായകനെ ഞെട്ടിച്ച കൊച്ചുമിടുക്കി. 

 

1977-ല്‍ പുറത്തിറങ്ങിയ ‘വിഷുക്കണി’ എന്ന ചിത്രത്തിൽ എസ്.ജാനകി പാടി അനശ്വരമാക്കിയ ‘മലർ കൊടി പോലെ വര്‍ണത്തൊടി പോലെ’ എന്ന ഗാനമാണ് ഈ കൊച്ചു കലാകാരി പാടുന്നത്. ഇരുത്തം വന്ന ഗായകർ പോലും പാടാൻ പ്രയാസപ്പെടുന്ന പാട്ട് സനിഗ അനായാസമായി പാടി എന്ന് വേണുഗോപാൽ കുറിച്ചു.

 

ജി.വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

 

‘കട്ടിലിൽ കിടന്ന് ദുബായിലെ സുഹൃത്ത് രൂപേഷ് അയച്ചു തന്ന ട്രോളുകൾ ഓരോന്നായി കാണുന്നതിനിടയിൽ ഈ പാട്ടിന്റെ തുടക്കം എന്റെ കാതുകളെ കൂർപ്പിച്ചു. ഞാനറിയാതെ എണീറ്റിരുന്നു. ഇരുത്തം വന്ന ഗായകർ പോലും എടുത്ത് പൊക്കാൻ മടിക്കുന്ന പാട്ട്. അയത്ന ലളിതമായി ഒഴുകുന്നു ആ ഇളം കണ്ഠത്തിലൂടെ. കഠിനമായ സംഗതികൾ മുഴുവൻ സ്വന്തം തൊണ്ടയ്ക്കുതകുന്നതാക്കാനുള്ള നൈസർഗ്ഗികതയും.

 

" നിറ സന്ധ്യയായ് ഞാനാരോമലേ...

വിടർന്നെന്നിൽ നീയൊരു പൊൻ താരമായ്"....

 

മേലാകെ കുളിരു പെയ്യുന്നു. സംഗതികളുടെ കൃത്യതയല്ല. ശ്രുതിയും ലയവും ശബ്ദ സൗന്ദര്യവും കൊണ്ടവൾ ആ പാട്ടവളുടേതാക്കി മാറ്റിയിരിക്കുന്നു. അവൾ പാട്ടിനപ്പുറത്തേയ്ക്കു സഞ്ചരിക്കുന്നു. കേട്ടാലറിയാം അത് പഠിച്ചുണ്ടാക്കിയ പാട്ടല്ല. അതവളുടെ ഉള്ളിന്റെയുള്ളിൽ നിന്നാണ്. പ്രാർത്ഥനകൾ’. 

 

വേണുഗോപാൽ പോസ്റ്റു ചെയ്ത വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കൊച്ചു ഗായികയെ പ്രശംസിച്ച് നിരവധി പേരാണ് പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. അനായാസേനയുള്ള ആലാപനം ഏറെ വിസ്മയിപ്പിക്കുന്നുവെന്ന് ആസ്വാദകർ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com