എന്നെയാണോ ശ്രേഷ്ഠയെ ആണോ കൂടുതൽ ഇഷ്ടം? സുജാതയെ ഉത്തരം മുട്ടിച്ച് ശ്വേതയുടെ ചോദ്യം

sujatha-shweta-new
SHARE

മലയാളികൾക്ക് ഏറെ പ്രിയമുള്ള സംഗീതകുടുംബമാണ് സുജാത മോഹന്റേത്. കഴിഞ്ഞ നാൽപത്തിയഞ്ചു വർഷമായി പാദസരകിലുക്കം പോലുള്ള നാദത്തിൽ സുജാത പാടിത്തീർത്ത ഗാനങ്ങളെല്ലാം പതിഞ്ഞത് ആസ്വാദകരുടെ ഹൃദയങ്ങളിലാണ്. മകൾ ശ്വേതയും സംഗീതലോകത്ത് പുതിയ ഉയരങ്ങളിലേക്കുള്ള യാത്രയിലാണ്. മധു പൊഴിയും ആലാപനത്തിലൂടെ സംഗീതലോകത്ത് പ്രഭ ചൊരിഞ്ഞു നിൽക്കുന്ന സുജാതയുെട ‘ലോകം’ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് മകൾ ശ്വേത മോഹൻ. 

മാതൃദിനത്തോടനുബന്ധിച്ച് മനോരമ ന്യൂസിനു വേണ്ടി ഗായിക സു‍ജാതയെ ശ്വേത ഇന്റർവ്യു ചെയ്തപ്പോൾ പിറന്നത് രസകരമായ നിമിഷങ്ങളായിരുന്നു. ചെന്നൈയിലെ വീട്ടിലിൽ അമ്മയും മകളും കുറച്ചു നേരത്തേക്ക് അതിഥിയും അവതാരകയുമായി. സംഗീത വിശേഷങ്ങൾക്കിടയിൽ ശ്വേതയുടെ കുഴപ്പിക്കുന്ന ചോദ്യമെത്തി. 'അമ്മയ്ക്ക് ഇഷ്ടം മകളെയാണോ അതോ കൊച്ചുമകൾ ശ്രേഷ്ഠയെയോ?' ചോദ്യം കേട്ട് ആദ്യം കണ്ണു മിഴിച്ചെങ്കിലും ചിരിച്ചുകൊണ്ട് സുജാത മറുപടി പറയാൻ തുടങ്ങി. ഇത് കുഴയ്ക്കുന്ന ചോദ്യമാണെന്നാണ് സുജാത ആദ്യം ശ്വേതയോടു പറഞ്ഞത്. താൻ സത്യം പറയുമെന്ന് ശ്വേതയുടെ മുഖത്തു നോക്കി പറഞ്ഞപ്പോൾ തീർച്ചയായും അമ്മയ്ക്കു കൊച്ചുമോളെയാണ് ഇഷ്ടമെന്ന് തനിക്കറിയാമെന്നായി ശ്വേത.

ശ്വേതയുടെ മറുപടിയെ പൂർണമായി ശരി വയ്ക്കുന്നതായിരുന്നു സുജാതയുടെ പ്രതികരണം. ‘ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ ഒരു കുഞ്ഞു മജീഷ്യനുണ്ട്. അവളെയാണ് എനിക്കേറ്റവുമിഷ്ടം. അവളാണ് ഇപ്പോൾ എന്റെ ലോകം. പക്ഷേ, ആ മജീഷ്യനെ നൽകിയത് ശ്വേതയാണല്ലോ അപ്പോൾ അവളോടും ഒരുപാട് സ്നേഹം’.– സുജാത പറഞ്ഞു. 

ശ്വേതയുടെ മകൾ രണ്ടരവയസുകാരി ശ്രേഷ്ഠയുടെ വിശേഷങ്ങളെല്ലാം ഇരുവരും ആരാധകരെ അറിയിക്കാറുണ്ട്. ശ്രേഷ്ഠയുടെ ക്യൂട്ട് ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സുജാതയുടെ പിറന്നാൾ ആഘോഷത്തിനിടയിൽ കേക്ക് മുറിച്ച് ആദ്യ കഷ്ണം വായിൽ വച്ചു നൽകിയതും ശ്രേഷ്ഠയായിരുന്നു. 

ലോക്ഡൗൺ ആയതിനാൽ ഒരുപാട് നാളുകൾക്കു ശേഷം അമ്മയെയും അമ്മമ്മയെയും അടുത്തു കിട്ടിയതിന്റെ സന്തോഷത്തിലാണ് ശ്രേഷ്ഠക്കുട്ടിയെന്ന് സുജാത തന്നെ പറഞ്ഞിട്ടുണ്ട്. മോളുടെ കുറുമ്പും കുസൃതിയും കളിചിരികളും നിറഞ്ഞ വിഡിയോകൾ ശ്വേത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA