'പാട്ട് ഉപേക്ഷിക്കാൻ മോഹൻ സമ്മതിച്ചില്ല; രണ്ടാം വരവിന് കാരണം പ്രിയദർശൻ': മനസു തുറന്ന് സുജാത

sujatha-and-husband-mohan
SHARE

പാട്ടു പാടുമായിരുന്നെങ്കിലും പാട്ടുകാരിയാകണമെന്ന് ആഗ്രഹിച്ചിട്ടില്ല എന്നു തുറന്നു പറഞ്ഞ് സുജാത മോഹൻ. മനോരമയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗായികയുടെ വെളിപ്പെടുത്തൽ. സുജാത സംഗീതസപര്യ ആരംഭിച്ചിട്ട് നാൽപത്തിയഞ്ചു വർഷം പിന്നിടുകയാണ്. 1975–ൽ‍ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിലെ ‘കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാർത്തി’ എന്ന ആദ്യ ഗാനം പാടുമ്പോൾ സുജാതയ്ക്കു പ്രായം പന്ത്രണ്ട്. അർജുനൻ മാസ്റ്ററുടെ സംഗതത്തിൽ പിറന്ന പാട്ടിനു വരികളൊരുക്കിയത് ഒ.എൻ.വി കുറുപ്പ് ആണ്. സംഗീത ലോകത്തെ മഹാരഥന്മാർക്കൊപ്പമുള്ള ആദ്യ ഗാനത്തിന്റെ ഓർമകൾ ഇന്നും സുജാതയുടെ മനസിൽ അതേ ശോഭയോടെ നിൽക്കുന്നു. അന്നു സുജാത, 'ബേബി സുജാത'യായിരുന്നു. 

ഗായികയായി പേരെടുത്ത കാലം മുതലിങ്ങോട്ട് തേൻ കിനിയും നാദത്തിൽ ഗാനങ്ങളുടെ നിലയ്ക്കാത്ത ഒഴുക്കായിരുന്നു. എന്നാൽ ഡോ. മോഹനുമായുള്ള വിവാഹശേഷം ഗായിക പാട്ടിൽ ഇടവേളയെടുത്തു. വിവാഹശേഷം കുടുംബിനിയായി ഒതുങ്ങാമെന്നാണു തീരുമാനിച്ചതെന്നും സംഗീത ലോകത്തേയ്ക്കു മടങ്ങിയെത്തുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നു സുജാത പറയുന്നു. എന്നാൽ ഭർത്താവിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും പരിപൂർണ പിന്തുണയോടെ മധുപൊഴിയും നാദവുമായി സുജാത വീണ്ടും സംഗീത ലോകത്ത് നിലയുറപ്പിച്ചു. പാട്ടിലെ ഇടവേളയെക്കുറിച്ച് സുജാത മനസു തുറക്കുന്നു. 

‘പാട്ടുകാരിയാകണമെന്ന ചിന്തയൊന്നും അന്നത്തെ കാലത്ത് ഇല്ലായിരുന്നു. ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ വളരെയധികം പ്രാക്ടീസ് ചെയ്യുമായിരുന്നു. ആ ഒരു കാലഘട്ടത്തിൽ പാട്ടു പാടി ജീവിക്കുക എന്നത് വളരെ പ്രയാസമായിരുന്നു. പാട്ടുകാരിയാവുക എന്നത് സമൂഹത്തിന്റെ കണ്ണിൽ അത്ര സുഖകരമായ കാര്യമല്ലായിരുന്നു. വിവാഹപ്രായമാകുമ്പോൾ നല്ലൊരു വരനെ കിട്ടില്ല എന്നതായിരുന്നു അന്ന് എല്ലാവരുടെയും ആദ്യത്തെ ചിന്ത. പാട്ടുകാരിയാകുന്നതിനെ ആരും  പ്രോത്സാഹിപ്പിച്ചില്ല. എല്ലാവരിൽ നിന്നും നെഗറ്റീവ് സമീപനമുണ്ടായപ്പോൾ പാട്ട് കുറച്ചു കാലത്തേയ്ക്കു കൂടി മാത്രം കൊണ്ടു നടക്കാമെന്നു ഞാനും ചിന്തിച്ചു. പിന്നെ വിവാഹമൊക്കെ കഴിഞ്ഞ് സന്തോഷത്തോടെ ഒരു വീട്ടമ്മ മാത്രമായിരിക്കാമെന്നു തീരുമാനിച്ചു. 

അങ്ങനെ വിവാഹാലോചന വന്നു. ആദ്യത്തെ ആലോചനയായിരുന്നു മോഹന്റേത്. ജാതകം ചേർന്നു. വിവാഹം നടന്നു. വിവാഹശേഷം പാട്ടിൽ ഇടവേളയെടുത്തു പൂർണമായും വീട്ടമ്മയായി. ഗർഭിണിയായിരുന്ന സമയത്തു തന്നെ കുഞ്ഞിനു സംഗീതമുണ്ടാകണമെന്ന ആഗ്രഹം കൊണ്ട് ഞാൻ പാട്ട് പരിശീലനം നടത്തി. ആ സമയത്താണ് ഹിന്ദുസ്ഥാനിയൊക്കെ പഠിച്ചത്. അതുകൊണ്ട് എന്റെ പാട്ട് നല്ലതു പോലെ ഇംപ്രൂവ് ചെയ്തു. ആഗ്രഹിച്ചതു പോലെ തന്നെ മകൾക്കും സംഗീതം കിട്ടി. അതിൽ ഈശ്വരനോടു നന്ദി പറയുന്നു. അങ്ങനൊരു നിമിത്തമായതിൽ ശ്വേതയ്ക്കും നന്ദി. 

ആ സമയത്തും പാട്ടിലേക്കു തിരിച്ചു വരുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നാൽ പാട്ട് ഉപേക്ഷിക്കാൻ മോഹൻ ഒരുവിധത്തിലും സമ്മതിച്ചില്ല. അങ്ങനെ വീണ്ടും പാട്ടു പാടാൻ തന്നെ തീരുമാനിച്ചു. എന്റെ രണ്ടാം വരവിനു കാരണമായത് പ്രിയേട്ടനാണ് (പ്രിയദർശൻ) അതെനിക്കൊരിക്കലും മറക്കാനാവില്ല. അദ്ദേഹം മോഹനെ വിളിച്ചു. ഇത്രയും കഴിവുള്ളയൊരാൾ വീട്ടിലിരിക്കാൻ പാടില്ല എന്നും വീണ്ടും പാടിത്തുടങ്ങണമെന്നും പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ സിനിമകളിലൂടെ വീണ്ടും സംഗീതലോകത്തേയ്ക്കു തിരിച്ചെത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA