ADVERTISEMENT

അതിജീവന ഗാനത്തിനു വീണയിൽ ഈണമിട്ട് മഞ്ജു വാര്യർ. കോവിഡ് കാലത്ത് അതിജീവന ഗാനമായി നിരവധി പേർ ഏറ്റുപാടിയ ‘ബെല്ലാ ചാവ്’ ആണ് താരം വീണയിൽ വായിച്ചത്. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റു ചെയ്ത വിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

 

ലോകമെമ്പാടും ആരാധകരുള്ള മണി ഹെയ്സ്റ്റ് വെബ്സീരീസിലെ ഗാനമാണിത്. ഒരു മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഭീതി നിറഞ്ഞ ഈ സാഹചര്യത്തിൽ ആശ്വാസവും പ്രത്യാശയും നൽകാൻ ഇതിലും അനുയോജ്യമായ മറ്റൊരു പാട്ടില്ല എന്നാണ് ആസ്വാദകപക്ഷം. 

 

ഇറ്റലിയിലെ നെൽപ്പാടങ്ങളിൽ ജോലി ചെയ്തിരുന്ന ഒരുകൂട്ടം കർഷക സ്ത്രീകൾ അതിജീവനത്തിനായി പാടിയ ഗാനമാണ് ‘ബെല്ലാ ചാവ്’. വര്‍ഷങ്ങൾക്കിപ്പുറം ആ നാടൻപാട്ട് ലോകം മുഴുവൻ ഏറ്റു പാടുകയാണ്. എല്ലാവരും സ്വതന്ത്രരായി ജോലി ചെയ്യുന്ന ഒരു കാലം വരും എന്ന പ്രതീക്ഷ പകർന്നാണ് ഗാനം അവസാനിക്കുന്നത്. 

 

മഞ്ജു വാര്യർ പങ്കുവച്ച വിഡിയോ വൈറലായതിനു പിന്നാലെ താരത്തിന് വീണയിലുള്ള പ്രാവീണ്യം കണ്ട് അമ്പരന്ന് നിരവധി പേർ പ്രതികരണങ്ങൾ രേഖപ്പെടുത്തി. ലേഡി സൂപ്പർ സ്റ്റാർ സംഗീതത്തിലും സ്റ്റാർ ആണെന്നാണ് ആരാധകപക്ഷം. മഞ്ജു അതിമനോഹരമായി വീണ വായിച്ചുവെന്നും താരം പങ്കുവച്ച വിഡിയോ ആശ്വാസവും പ്രതീക്ഷയും പ്രചോദനവും പകരുന്നുവെന്നും ആസ്വാദകർ കുറിച്ചു. ലോക്ഡൗൺ തുടരുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുന്ന താരം ആരാധകരുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമലോകത്ത് വലിയ ചർച്ചയാകാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com