ADVERTISEMENT

വിമർശനങ്ങളോടും നെഗറ്റീവ് കമന്റുകളോടും പ്രതികരിച്ച് ബോളിവുഡ് ഗായിക നേഹ കക്കർ. തന്നെക്കുറിച്ച് പലരും മോശമായ രീതിയിൽ സംസാരിക്കുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അറിയാമെന്നും അവർക്ക് അസൂയ ഉള്ളതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നും ഗായിക ദേശീയ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‌‌വിമർശനങ്ങളെക്കുറിച്ച് അധികം ആലോചിക്കാറില്ലെന്നും തന്നെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആളുകൾ ഉള്ളതിനാൽ സന്തോഷവതിയാണെന്നും ഗായിക കൂട്ടിച്ചേർത്തു.

 

നേഹ കക്കറിന്റെ വാക്കുകൾ:

 

‘എന്നെക്കുറിച്ച് മോശമായ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ അസ്വസ്ഥത തോന്നാറുണ്ട്. കാരണം ഞാനും ഒരു മനുഷ്യനാണ്. എന്നാൽ നെഗറ്റീവ് കമന്റുകളെയെല്ലാം ഞാൻ തള്ളിക്കളയുകയാണ്. എന്നിൽ അസൂയ തോന്നുന്നതുകൊണ്ടാണ് മറ്റുള്ളവർ എന്നെക്കുറിച്ച് മോശം അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. ഞാൻ ഒന്നാം സ്ഥാനത്തെത്തി നിൽക്കുമ്പോൾ നേഹ എന്താണ് ഇവിടെ എന്നാണ് പലരും ചിന്തിക്കുന്നത്. എനിക്കറിയാം ഞാൻ ഒന്നാമതായതുകൊണ്ടാണ് അവർ എന്നിൽ അസൂയപ്പെടുന്നതും എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നതും. പക്ഷേ ഞാൻ അവരെക്കുറിച്ച് ചിന്തിക്കാറില്ല. അസൂയാലുക്കൾ വളരെ വിരളമാണ്. എന്നാൽ എന്നെ സ്നേഹിക്കുന്നവർ കോടിക്കണണക്കിനാണ്’. 

 

നേഹയുടെ പ്രസ്താവനയെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തു വന്നത്. അഭിപ്രായങ്ങൾ‍ തുറന്നു പറയുന്ന നേഹ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ലോക്ഡൗണിൽ പില്ലോ ചലഞ്ചുമായെത്തിയ ഗായികയെ സമൂഹമാധ്യമലോകം രൂക്ഷമായി വിമർശിച്ചിരുന്നു. നേഹയെ പിൻതുണച്ച സഹോദരൻ ടോണി കക്കറിനു നേരെയും ചിലർ അസഭ്യവർഷം നടത്തിയിരുന്നു. എന്നാൽ ഇരുവരും അക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. 

 

കഴിഞ്ഞ വർഷം യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞെടുത്ത പ്രമുഖ വനിതാ താരങ്ങളുടെ പട്ടികയിൽ നേഹ രണ്ടാം സ്ഥാനം നേടിയിരുന്നു. ഗ്രാമി ജേതാവ് ബില്ലി ഐലിഷിനെയുൾപ്പെടെ പല പ്രമുഖ വനിതകളെയും പിന്നിലാക്കിയായിരുന്നു നേഹയുടെ നേട്ടം. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോകളിൽ 4.5 ബില്യൺ കാഴ്ചക്കാരെയാണ് നേഹ സ്വന്തമാക്കിയത്. 4.8 ‌ബില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയ അമേരിക്കൻ റാപ്പർ കാർഡി ബി ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com