ADVERTISEMENT

ഒരു കാലഘട്ടം മുഴുവൻ മോഹൻലാലിനു വേണ്ടി പിന്നണിയിൽ സ്വരമായ ഗായകനാണ് എം.ജി ശ്രീകുമാർ. മോഹൻലാൽ എന്ന നടന്റെ വൈഭവത്തിനൊപ്പം അദ്ദേഹത്തിന്റെ ശബ്ദവുമായി ഏറെ സാമ്യമുള്ള എം.ജി ശ്രീകുമാറിന്റെ ശബ്ദമാധുരി കൂടി ചേർന്നപ്പോൾ പിറന്നത് ഒരു കാലഘട്ടത്തെ രസിപ്പിച്ച ഒട്ടേറെ ഗാനമുഹൂർത്തങ്ങൾ. മോഹൻലാലിനു വേണ്ടി എം.ജി ശ്രീകുമാർ പാടുമ്പോൾ അതു മോഹൻലാലിന്റെ ശബ്ദമായി തന്നെയായിരുന്നു പ്രേക്ഷകർക്ക് അനുഭവപ്പെട്ടത്. അത്രമേൽ ഒന്നായിരുന്നു ആ മുഖവും ആ ശബ്ദവും. ആ കെമിസ്ട്രിയുടെ സമവാക്യങ്ങൾ സിനിമയുണ്ടാക്കിയതായിരുന്നില്ല. സിനിമയിലേക്കെത്തുന്നതിനു മുൻപു തന്നെ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. കൗമാര പ്രായത്തിൽ തുടങ്ങിയ ആ സൗഹൃദം ഇന്നും അതേ ശോഭയോടെ നിലനിൽക്കുമ്പോൾ ആ കൂട്ടുകെട്ട് മലയാള ചലച്ചിത്ര ശാഖയ്ക്കു നൽകിയ ഹിറ്റുകളെയും വിസ്മരിക്കാനാവില്ല. 

 

ആത്മാർഥ സുഹൃത്തുക്കളുടെ ജന്മനക്ഷത്രവും ഒന്നു തന്നെ. രേവതി. ജനന തിയതികൾ തമ്മിൽ നാല് ദിവസത്തെ മാത്രം വ്യത്യാസം. ഇരുവരും പല തവണ ഒരുമിച്ച് പിറന്നാൾ ആഘോഷിച്ചിട്ടുണ്ട്. ഈ തവണത്തെ പിറന്നാൾ തനിക്ക് വളരെ സ്പെഷൽ ആണെന്നു തുറന്നു പറയുകയാണ് എം.ജി ശ്രീകുമാർ. കാരണം മോഹൻലാലിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ പിറന്നാള്‍ സമ്മാനം ഗായകന്റെ പിറന്നാളിനെ സ്പെഷലാക്കി. സുഹൃത്തിനു വേണ്ടി അതിഗംഭീര പിറന്നാൾ സദ്യ ആണ് മോഹൻലാൽ നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അത് എം.ജി.ശ്രീകുമാറിന്റെ തിരുവനന്തപുരത്തുള്ള വീട്ടിൽ എത്തിച്ചു കൊടുത്തു. മോഹൻലാലിൽ നിന്നും ലഭിച്ച സർപ്രൈസിനെക്കുറിച്ച് എം.ജി.ശ്രീകുമാർ മനോരമ ഓൺലൈനിനോടു മനസു തുറക്കുന്നു.

 

‘ഞങ്ങൾ തമ്മിൽ വളരെ വർഷങ്ങൾ നീണ്ട സൗഹൃദമാണ്. കോളജിൽ പഠിച്ച കാലത്താണ് സുഹൃത്തുക്കളാകുന്നത്. അന്ന് തൊട്ട് ഇന്ന് ഈ നിമിഷം വരെ  സുദൃഢമായ ബന്ധമാണ് ഞങ്ങൾ തമ്മിൽ. ലാൽ എന്നെ ‘അണ്ണാ’ എന്നാണ് വിളിക്കുക. ഞാൻ തിരിച്ചും അങ്ങനെ തന്നെയാണ്. എന്റെ ജന്മനാളായ ഇന്നലെ  രാവിലെ ലാൽ വിളിച്ചു. അര മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. ലോക്ഡൗൺ കാലത്തെ എന്റെ വിശേഷങ്ങൾ തിരക്കിയതിനോടൊപ്പം ഓർക്കസ്ട്രക്കാരുടെയുൾപ്പെടെ എല്ലാവരുടെയും സുഖവിവരങ്ങൾ അന്വേഷിച്ചു. വിശേഷങ്ങൾ തിരക്കുന്നതിനൊപ്പം ‘ശ്രീക്കുട്ടന് ആരെങ്കിലും എന്തെങ്കിലും പിറന്നാൾ സമ്മാനം നൽകിയോ’ എന്ന് ലാൽ ചോദിച്ചു.

 

അപ്പോൾ ഞാൻ പറഞ്ഞു എന്റെ ഭാര്യ ഇന്നലെ സമ്മാനം വാങ്ങാനായി പുറത്തു പോയെങ്കിലും കട ഒന്നും തുറക്കാത്തതിനാൽ അത് സാധിച്ചില്ല എന്ന്. ഒരാൾ എനിക്ക് ഒരു സമ്മാനം തരുന്നുണ്ടെന്നും ഞാൻ പറഞ്ഞു. അതാരാണെന്ന് ലാൽ എന്നോടു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു സുപ്രസിദ്ധ നടൻ മോഹൻലാൽ ആണെന്ന്. അപ്പോൾ ലാലിനും അദ്ഭുതമായി. ‘ഞാനോ’ എന്ന് അമ്പരപ്പോടെ ചോദിച്ചു. 

 

ജന്മനാൾ ആയതിനാൽ അടുത്ത ചില ബന്ധുക്കളുമായി ഞങ്ങൾ വീട്ടിൽ ചെറിയൊരു ഒത്തുകൂടൽ നടത്തി. ഞങ്ങൾക്കെല്ലാവർക്കുമുള്ള ഭക്ഷണം നൽകിയത് മോഹൻലാൽ ആണ്. അത് എനിക്ക് വളരെ വലിയ സർപ്രൈസ് ആയി. പിറന്നാൾ ദിനത്തിൽ തിരുവനന്തപുരത്തുള്ള കുറച്ച് സുഹൃത്തുക്കൾക്ക് ഭക്ഷണം എത്തിച്ചു നൽകണമെന്ന് ലാൽ നേരത്തെ പറഞ്ഞ് ഏർപ്പാടാക്കിയിരുന്നു. ഞങ്ങളുടെയ രണ്ടു പേരുടെയും പിറന്നാൾ ഒരുമിച്ചായതുകൊണ്ടു തന്നെ എനിക്കും പിന്നെ ‍ഞങ്ങളുടെ വളരെ അടുത്ത സുഹൃത്തുക്കളായ സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻ പിള്ള രാജു എന്നിവർക്കും ഗംഭീരമായ സദ്യ എത്തിച്ചു കൊടുക്കണമെന്നായിരുന്നു ലാൽ സുഹൃത്തുക്കളോടു പറഞ്ഞ് ഏർപ്പാടാക്കിയത്. അത് ഏകദേശം പതിനഞ്ചു ദിവസം മുൻപാണ്. ഇന്നലെ രാവിലെ ലാലിന്റെ സുഹൃത്തുക്കളിൽ ഒരാൾ എന്നെ വിളിച്ചു വീട്ടിൽ ആഹാരം ഒന്നും തയ്യാറാക്കണ്ട എന്നും ഭക്ഷണം വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. പക്ഷേ ലാൽ അക്കാര്യം മറന്നു പോയി. ഞാൻ പറഞ്ഞപ്പോഴാണ് അദ്ദേഹം അതിനെക്കുറിച്ച് ഓർക്കുന്നത്. 

 

ലാലിൽ നിന്നും ലഭിച്ച ആ അപ്രതീക്ഷിത സമ്മാനം എന്റെ പിറന്നാളിനെ വളരെ സ്പെഷൽ ആക്കി. ലാൽ എനിക്കു നൽകിയ അന്നമാണ് എന്റെ ഈ പിറന്നാളിന് കിട്ടിയ ഏറ്റവും വലിയ സർപ്രൈസും സന്തോഷവും. ഇത്രയും കാലം ജീവിച്ചതിൽ ഈ പിറന്നാൾ എന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രത്യേകതയുള്ളതാണ്. കാരണം ലാൽ സമ്മാനിച്ച ആഹാരമാണ് ഞാൻ കഴിച്ചത്. ഈ കോവിഡ് കാലത്ത് ആർക്കെങ്കിലും എന്തെങ്കിലും വാങ്ങി തരണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതു നടക്കില്ല. അങ്ങനെയിരിക്കെ ലാൽ എന്റെ പിറന്നാളിനെ ഗംഭീരമാക്കി. 

 

ഞങ്ങൾ ഒരുമിച്ച് ഒരുപാട് തവണ പിറന്നാൾ ആഘോഷിച്ചിട്ടുണ്ട്. കഴിഞ്ഞ പിറന്നാളിന് ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഞങ്ങൾ രണ്ടുപേരും ബഹ്റൈനിൽ ആയിരുന്നു. അവിടെ വച്ച് ഞങ്ങൾ ഒരുമിച്ച് കേക്ക് മുറിച്ചു പരസപരം വായിൽ വച്ചു കൊടുത്ത് ആഘോഷിച്ചു. അതിന്റെ ചിത്രങ്ങൾ ഇപ്പോഴും എന്റെ കൈവശമുണ്ട്. അന്ന് ഞങ്ങൾക്കൊപ്പം പ്രിയദർശനും ഉണ്ടായിരുന്നു. അതിനു മുൻപ് ചെന്നൈയിൽ വച്ചും ഞങ്ങൾ ഒരുമിച്ച് പിറന്നാൾ ആഘോഷിച്ചിട്ടുണ്ട്’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com