ADVERTISEMENT

ഗാനരംഗങ്ങളിൽ അസാമാന്യമായ വൈഭവത്തോടെ അഭിനയിക്കുന്ന പ്രതിഭയാണ് മോഹൻലാൽ. ചുണ്ടുകളനക്കുന്നതിന്റെ കൃത്യതയും ഭാവവുമെല്ലാം സമം കലരുമ്പോൾ പശ്ചാത്തലത്തിൽ മറ്റൊരു ഗായകനാണ് ഗാനം ആലപിക്കുന്നതെന്നു തോന്നുകയേ ഇല്ല. മുൻനിരാ ഗായകർ പോലും പ്രയാസപ്പെട്ടു പാടിയ പല പാട്ടുകളിലും മോഹൻലാലിന്റെ അഭിനയപാടവം എടുത്തു പറയേണ്ട കാര്യമാണ്. അവയിൽ പലതും ഒറ്റ ടേക്കിൽ തന്നെ താരം അഭിനയിച്ചു ഫലിപ്പിച്ചിട്ടുമുണ്ട്. പിന്നണിയിൽ എം.ജി.ശ്രീകുമാറും യേശുദാസും ജി വേണുഗോപാലും പി.ജയചന്ദ്രനുമൊക്കെ സ്വയം മറന്നു പാടുമ്പോൾ ഗാനരംഗത്തിൽ മോഹൻലാൽ ആത്മാവു ചേർത്ത് അഭിനയിക്കുകയായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുമ്പോൾ ചലച്ചിത്ര ശാഖ ഒന്നടങ്കം മഹാരഥന് ആശംസകൾ നേരുകയാണ്. ആലപിച്ച ഗാനങ്ങളിൽ അഭിനയിച്ചു അദ്ഭുതപ്പെടുത്തിയ നടനാണ് മോഹൻലാൽ എന്ന് ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസ് പറയുന്നു. പല പാട്ടുകളിലും താരത്തിന്റെ അഭിനയം കണ്ടാൽ പിന്നണിയിൽ മറ്റൊരാളുടെ സ്വരമാണെന്നു ആരും പറയില്ല എന്ന് രവീന്ദ്രൻ മാസ്റ്റർ പറഞ്ഞതായി യേശുദാസ് ഓർത്തെടുക്കുന്നു.

 

 

യേശുദാസിന്റെ വാക്കുകൾ: 

 

 

‘സിനിമയിൽ പ്രേംനസീറിനു വേണ്ടിയാണു ഞാൻ കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. അദ്ദേഹത്തിന് എന്റെ സ്വരം അത്രയേറെ ചേരുമെന്നു പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാൻ ആലപിച്ച ഗാനങ്ങളിൽ അഭിനയിച്ച്  അത്ഭുതപ്പെടുത്തിയ നടൻ മോഹൻലാലാണ്. അർദ്ധ ശാസ്ത്രീയ ഗാനങ്ങളിലൊക്കെ സ്വരങ്ങൾക്കൊപ്പം അദ്ദേഹം ചുണ്ടനക്കി പാടുന്നതു കേട്ടാൽ മറ്റൊരാൾ പാടിയതാണെന്നു തോന്നില്ല. രവീന്ദ്രൻ പറഞ്ഞിട്ടുണ്ട് ആറാം തമ്പുരാനിലെ ഹരി മുരളീരവമൊക്കെ പാടുന്നതു കേട്ടാൽ അത് യേശുദാസ് പാടുന്നതായല്ല, മോഹൻലാൽ തന്നെ പാടുന്നതായേ തോന്നുകയുള്ളൂവെന്ന്. സത്യമാണത്.  ഉള്ളിൽ നല്ല സംഗീത വാസനയുള്ളതിന്റെ ഗുണമാണത്. അസാമാന്യമായ അഭിയനയ സിദ്ധി പോലെ തന്നെ സംഗീത വാസനയും ലാലിന് ജൻമ സിദ്ധമായി കിട്ടിയതാവണം. പാടാനുള്ള കഴിവുമുണ്ട്‌.

 

ഒരു കാലത്തു സിനിമയിലെ പാട്ടൊക്കെ അവസാനിപ്പിച്ച് ശാസ്ത്രീയ സംഗീതത്തിലും കച്ചേരികളിലും മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ തീരുമാനിച്ചതാണ്. അന്നു  മോഹൻലാൽ സിനിമയായ ഹിസ് ഹൈനസ് അബ്ദുള്ളയിലെ പ്രമദവനം വീണ്ടും എന്ന മനോഹര ഗാനമൊരുക്കി സ്നേഹപൂർവം നിർബന്ധിച്ച് എന്നെ മടക്കിക്കൊണ്ടു വന്നത് രവീന്ദ്രനാണ്. ആ സിനിമ നിർമ്മിച്ചതും ലാലായിരുന്നു. പിന്നാലെ ലാൽ തന്നെ നിർമ്മിച്ച ഭരതത്തിലൂടെ ഞങ്ങൾ രണ്ടു പേർക്കും ദേശീയ അവാർഡും ലഭിച്ചു. തന്റെ സിനിമകളിൽ സംഗീതപ്രാധാന്യമുള്ള നല്ല പാട്ടുകൾ ഉൾപ്പെടുത്താൻ ലാൽ പ്രത്യേക താൽപര്യമെടുക്കാറുണ്ട്. ആ രീതിയിൽ മലയാള സിനിമാ സംഗീതത്തിനും ലാൽ നൽകിയ സംഭാവന വലുതാണ്.

 

പാട്ടു പാടി അഭിനയിക്കുന്നതിൽ മാത്രമല്ല, കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് നൃത്തമാകട്ടെ, കഥകളിയാവട്ടെ, കളരിയാവട്ടെ... എന്തിനെയും അതിന്റെ പൂർണതയിൽ തന്നെ അവതരിപ്പിക്കാൻ അദ്ദേഹം കാണിക്കുന്ന സമർപ്പണവും പരിശ്രമവും അസാമാന്യമാണ്‌. വ്യക്തിപരമായും ഹൃദയത്തിൽത്തൊട്ട  സ്നേഹബന്ധമാണു ഞങ്ങൾക്കുള്ളത്. ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന പ്രിയപ്പെട്ട ലാലിന് എല്ലാ ആശംസകളും. ഇനിയും അഭിനയം കൊണ്ടു വിസ്മയിപ്പിക്കാനും  ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം മുന്നോട്ടു പോകാനും ഈശ്വരാനുഗ്രഹം തുടരട്ടേ എന്നു പ്രാർഥിക്കുന്നു’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com