ADVERTISEMENT

അഭിനയത്തിൽ മാത്രമല്ല ആലാപനത്തിലും പ്രതിഭയാണ് മോഹൻലാൽ. നിരവധി ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം പിന്നണിയിൽ സ്വരമായിട്ടുണ്ട്. സംഗീതലോകത്തെ മഹാരഥന്മാർക്കൊപ്പം മഹാനടന്റെ ആലാപനം കൂടി ചേർന്നാൽ പിന്നെ ആരാധകർക്ക് അതിലും മധുരമായി മറ്റെന്തു വേണം. എൺപതുകളിൽ തുടങ്ങി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിലെ ഗാനം വരെ എത്തി നിൽക്കുന്നു മോഹൻലാലിന്റെ സംഗീത സപര്യ. മോഹൻലാൽ സ്വരമായ ചില ഗാനങ്ങളിലൂടെ......

 

1985–ൽ ‌പുറത്തിറങ്ങിയ ‘കണ്ടു കണ്ടറിഞ്ഞു’ എന്ന ചിത്രത്തില്‍ മോഹൻലാലും മാള അരവിന്ദനും ചേർന്നു പാടിയ ‘നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന ഗാനം ഇന്നും ഹിറ്റ്ചാർട്ടിൽ മുൻ നിരയിലാണ്. ചുനക്കര രാമൻകുട്ടിയുടെ രചനയിൽ പിറന്ന വരികൾക്ക് ശ്യാമിന്റെ സംഗീതം. എൺപതുകളിൽ പടയണി, പാദമുദ്ര, ചിത്രം എന്നീ സിനിമകൾക്കു വേണ്ടിയും താരം പിന്നണി പാടി. രവീന്ദ്രൻ മാസ്റ്റർ, വിദ്യാധരൻ മാസ്റ്റർ, കണ്ണൂർ രാജൻ തുടങ്ങി മഹാരഥന്മാരുടെ ഈണത്തിനൊപ്പമായിരുന്നു മോഹൻലാലിന്റെ പാട്ട്. 

 

തൊണ്ണൂറുകളിലെ സംഗീതസപര്യയുടെ തുടക്കം ‘ഏയ് ഓട്ടോ’  എന്ന ചിത്രത്തിലെ ‘എ ഈ ഐ ഒ യു’ എന്ന ഗാനത്തിലൂടെയായിരുന്നു. വിഷ്ണുലോകം, ഗാന്ധർവ്വം എന്നീ ഹിറ്റ് ചിത്രങ്ങൾക്കു വേണ്ടിയും പാടി. കെ.എസ്.ചിത്ര, സുജാത മോഹന്‍ എന്നീ മുൻനിരാ ഗായകർക്കൊപ്പം പല തവണ താരം ആലാപനത്തിൽ പങ്കു ചേർന്നു. 

 

സ്ഫടികത്തിൽ തലമുറയെ ആകെ കയ്യിലെടുത്ത് ആസ്വാദകഹൃദയങ്ങളിൽ ലഹരി പകർന്ന ഏഴിമല പൂഞ്ചോലയിലും മോഹൻലാലിന്റെ സ്വരം ചേർന്നു. കെ.എസ്.ചിത്രയുടെ അതുവരെ അറിയാതിരുന്ന ആ ആലാപനശൈലിക്കൊപ്പം മോഹൻലാലിന്റെ ശബ്ദം കൂടി ചേർന്നപ്പോൾ ദശാബ്ദങ്ങൾക്കിപ്പുറവും പാട്ടിന് അതേ ലഹരി തന്നെ. മോഹൻലാൽ എന്ന അഭിനയ കുലപതി സ്വയം മറന്നഭിനയിച്ച ഒളിമ്പ്യൻ അന്തോണി ആദം, കണ്ണെഴുതി പൊട്ടും തൊട്ട്, ഉസ്താദ്, ബാലേട്ടൻ തുടങ്ങിയ ചിത്രത്തിലും പിന്നണിയിൽ നിറസാന്നിധ്യമായിരുന്നു. അതിൽ കൈതപ്പൂവിൻ, കറു കറെ കറുത്തൊരു പെണ്ണാണ് എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 

 

2009–ൽ പുറത്തിറങ്ങിയ ഭ്രമരത്തിൽ അനിൽ പനച്ചൂരാന്റെ വരികൾക്ക് മോഹൻ സിത്താര സംഗീതം പകർന്ന ‘അണ്ണാറക്കണ്ണാ വാ’ എന്ന ഗാനം മലയാളചലച്ചിത്ര ഗാനശാഖിലെ ഹിറ്റുകളുടെ പട്ടികയെ സമ്പന്നമാക്കി. ‘ഒരുനാൾ വരും’ എന്ന ചിത്രത്തിൽ റിമി ടോമിക്കൊപ്പം ‘നാത്തൂനേ നാത്തൂനേ...’ എന്ന ഗാനം പാടിത്തകർത്ത് താരം വീണ്ടും ആരാധകര അമ്പരപ്പിച്ചു. 

 

വ്യത്യസ്തമായ വേഷപ്പകർച്ചയിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രങ്ങളാണ് റൺ ബേബി റണ്‍, പ്രണയം, നീരാളി, ഡ്രാമ, ഒടിയൻ തുടങ്ങിയവ. അവയിൽ പിന്നണിയിലും സ്വരം ചേർന്നപ്പോൾ ആരാധകർക്ക് തിയറ്റർ അനുഭവം ഇരട്ടി മധുരം സമ്മാനിച്ചു. അതിൽ റൺ ബേബി റണ്ണില്‍ അമല പോളിനൊപ്പമുള്ള പ്രണയഗാനമായ ‘ആറ്റു മണൽ പായയിൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറ്റവുമൊടുവിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിൽ വൈക്കം വിജയലക്ഷ്മിക്കൊപ്പം പാടിയ ‘കണ്ടോ കണ്ടോ’ എന്ന ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com