ADVERTISEMENT

ഷഷ്ഠിപൂർത്തിയുടെ നിറവിലെത്തിയ പ്രിയ നടൻ മോഹൻലാലിന്  സംസ്കൃതത്തിൽ വ്യത്യസ്തമായ സംഗീതാദരമൊരുക്കി സ്റ്റീഫൻ ദേവസി. മോഹൻലാലിന്റെ  60-ാം ജൻമദിനമായ ഇന്ന് രാവിലെ പുറത്തിറക്കിയ ഗാനം സാമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു. നടനും സംവിധായകനുമായ  രമേഷ് പിഷാരടിക്കൊപ്പം ചേർന്നാണു സ്റ്റീഫൻ ഈ സംഗീത സമർപ്പണം തയ്യാറാക്കിയത്. ‘സുഖമോ ജയതേ...’ എന്നു തുടങ്ങുന്ന സംസ്കൃത ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത് സ്റ്റീഫൻ തന്നെ. 

 

ലോക്ഡൗണിൽ മുംബൈയിലെ  ഫ്ലാറ്റിൽ കഴിയുന്ന സ്റ്റീഫൻ വീട്ടിലെ സ്റ്റുഡിയോയിലാണു പാട്ടും പശ്ചാത്തല സംഗീതവുമെല്ലാം റെക്കോർഡ് ചെയ്തത്. പശ്ചാത്തല സംഗീതം പുർണമായും ഒരുക്കിയതു കീബോർഡിൽ . ധനേഷ് നമ്പൂതിരിയാണു സംസ്കൃതം വരികൾ എഴുതിയത്. ഗാനത്തിന്റെ തുടക്കത്തിൽ മോഹൻലാലിന്റെ  ജീവിതം വരച്ചിടുന്ന ശബ്ദ വിവരണം രമേഷ് പിഷാരടിയുടെ  ശബ്ദത്തിലാണ്. പിഷാരടി ഇതു വീട്ടിൽ നിന്നു ഫോണിൽ റെക്കോർഡ് ചെയ്ത് അയക്കുകയായിരുന്നു. നിർമ്മൽ ജിൽസണാണു  എഡിറ്റിങ് നിർവഹിച്ചത്.

 

‘ലാലേട്ടാ... ഞാൻ ഒരു കടുംകൈ ചെയ്യുകയാണ്. എനിക്കറിയാവുന്ന ഒരു ഭാഷയിലെയും  വാക്കുകൾ പോരാതെ വരുന്നു മോഹൻലാൽ എന്ന മഹാനടനെ വിശേഷിപ്പിക്കാൻ. അതുകൊണ്ട് പിറന്നാൾ ആശംസിക്കാൻ ഞാൻ കുറച്ചു സംസ്കൃതം  കടം വാങ്ങിച്ചു’- ഗാനം അവതരിപ്പിച്ചുതൊണ്ട്  സ്റ്റീഫൻ കുറിച്ചതിങ്ങനെ. ഗാനം ആസ്വദിച്ച മോഹൻലാലും സ്റ്റീഫനെ അഭിനന്ദനം അറിയിച്ചു.

 

‘ലാലേട്ടന് ആശംസകളുമായി  പലരും പാട്ടുകളൊക്കെ പുറത്തിറക്കുമെന്നറിയാം. വ്യത്യസ്തമായ ഒന്നായിരിക്കണം  എന്ന നിലയിലാണ് സംസ്കൃതത്തിൽ ഒരു സംഗീത സമർപ്പണം  ഒരുക്കാൻ തീരുമാനിച്ചത്’- സ്റ്റീഫൻ വ്യക്തമാക്കി. നേരത്തെ സംസ്കൃത വേദമന്ത്രങ്ങൾ ഉൾക്കൊള്ളിച്ചുള്ള  ആൽബങ്ങൾ ചെയ്തിട്ടുള്ള  സ്റ്റീഫൻ പുതിയതായി പുറത്തിറക്കുന്ന ആൽബത്തിലും സംസ്കൃത ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com