ADVERTISEMENT

കോവിഡ് മുൻനിര പോരാളികൾക്ക് ആദരമർപ്പിച്ച് തിരുവനന്തപുരം സംഗീത കോളജിലെ പൂർവ വിദ്യാർഥികൾ ചേർന്നൊരുക്കിയ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. 1995– 1999 കാലയളവിൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ പഠിച്ചവരാണ് ഇരുപത് വർഷങ്ങൾക്കു ശേഷം ഗാനാർച്ചനയിലൂടെ ഒരുമിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് ഈ വിദ്യാർഥിസംഘം ഒരുമിച്ചു പുറത്തിറക്കിയ അയ്യപ്പഭക്തിഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോവിഡിനെ തുരത്താൻ മുൻനിരയിൽ നിന്നു പോരാടുന്നവരോടുള്ള ആദരസൂചകമായാണ് പാട്ട് പുറത്തിറക്കിയത്.

 

ഡോ.ദിനേശ് കൈപ്പിള്ളി രചിച്ച വരികൾക്ക് സംഗീതസംവിധായകൻ ഒ.കെ.രവിശങ്കർ ഈണം പകർന്നിരിക്കുന്നു. ജി.ഹരികുമാർ, സഹൃദയലാൽ, വരുൺ നാരായണൻ, ബിജു മാധവൻ, രാജൻ പെരിങ്ങനാട്, സുരേഷ് വാസുദേവ്, അനിൽകുമാർ, മനു രംഗനാഥ്, പുല്ലാട് മനോജ് , മനോജ് കട്ടപ്പന എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. ശ്രീരാജ് വയലിനിലും പ്രമോദ് രാമചന്ദ്രൻ മൃദംഗത്തിലും ശ്രുതി ചേർത്തു. സുനീഷ് ബെൻസൺ ഓഡിയോ മിക്സിങ്ങും അമൽജിത്ത് വിഡിയോ മിക്സിങ്ങും നിർവഹിച്ചു.

 

പഠനം പൂർത്തിയാക്കിയ ശേഷം പല വഴിക്കു പിരിഞ്ഞ ഈ കലാകാരന്മാർ രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം സമൂഹമാധ്യമങ്ങളിലൂടെയാണ് സൗഹൃദം പുതുക്കിയത്. പിന്നീട് പൂർവവിദ്യാർഥി സംഗമത്തിലൂടെ സൗഹൃദം ദൃഢമാക്കി. ആ കൂടിച്ചരലിൽ നിന്നുമാണ് ആദ്യ ഗാനം പിറന്നത്. പാട്ട് പൂർത്തിയായപ്പോൾ അത് ആസ്വദിക്കാന്‍ സ്വാതി തിരുനാൾ കോളജിലെ നിലവിലെ പ്രിൻസിപ്പൽ ഹരികൃഷ്ണനും വിദ്യാര്‍ഥി സംഘത്തിനൊപ്പം ചേർന്നു. 

 

സംഗീതമേഖലയിൽ പുതിയ ചില പദ്ധതികളിട്ടു യാത്രപറഞ്ഞ സംഘത്തിനു പക്ഷേ, അപ്രതീക്ഷിതമായ വന്ന കോവിഡ് തിരച്ചടിയായി. പലരുടെയും ജീവിതമാർഗമായിരുന്നു സംഗീത ട്യൂഷൻ പോലും നിലച്ചു. എങ്കിലും പ്രതിസന്ധിഘട്ടത്തെയും പാട്ടിലാക്കിയിരിക്കുകയാണ് ഈ കലാകാരന്മാർ. ലോക്ഡൗണിൽ പരസ്പരം കാണാനോ സൗഹൃദം പുതുക്കാനോ സാധിക്കാത്ത ഇവർ അകലങ്ങളിലിരുന്നുകൊണ്ടാണ് ഈ പാട്ടൊരുക്കിയത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നിരവധി പേർ കണ്ട ഗാനത്തിനു മികച്ച മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com