രാത്രി ഏറെ വൈകിയിരുന്നു. വിജനമായ വഴികൾ. പഴയൊരു സ്കൂട്ടറിൽ പ്രേമും ഭാര്യ സന്ധ്യയും. അയാളുടെ മനസ്സ് പോലെ ഇരുണ്ടതും ഇടുങ്ങിയതുമായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ, നിശബ്ദത അവർക്കിടയിൽ വീർപ്പുമുട്ടി നിന്നു. അവളുടെ പ്രണയാദ്രമായ മനസ്സ്, അവരെ കടന്നു പോയ തെരുവിളക്കിന്റെ വെളിച്ചത്തിൽ മിന്നി മായുന്നുണ്ടായിരുന്നെങ്കിലും അയാളത് അറിഞ്ഞതേയില്ല. പക്ഷെ ഹൃദയം നിറച്ച് സ്നേഹവുമായി അവൾ അയാളിലേയ്ക്ക് ചേർന്നിരുന്നു.
2015-ൽ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ ബോളിവുഡ് ചിത്രം ദം ലഗാ കെ ഹൈഷയിലെ, ‘മോഹ് മോഹ് കെ.......’ എന്ന മനോഹരഗാനത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്. ആ വർഷത്തെ മികച്ച ഗാനരചനയ്ക്കും ആലാപനത്തിനുമുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കി ഈ ഗാനം.
വരുൺ ഗ്രോവറിന്റെ വരികൾക്ക് അനു മാലിക്കിന്റെ ആർദ്ര സംഗീതം. ഗായിക മോണാലി താക്കൂറിന്റെ സ്വരമാധുരി കൂടി ചേർന്നപ്പോൾ ‘മോഹ് മോഹ് കെ ദാഗെ.......’ ആവർത്തിച്ചുകേൾക്കാൻ കൊതിപ്പിക്കുന്ന മനോഹര ഗാനങ്ങളുടെ പട്ടികയിലേയ്ക്ക് ചേക്കേറി.
ഈ സുന്ദര പ്രണയഗാനത്തിന് കവർ സോംഗ് ഒരുക്കിയിരിക്കുകയാണ് ബഹ്‌റൈൻ പ്രവാസി വിദ്യാർത്ഥിനിയും ഗായികയുമായ രോഷ്നി രജി. യഥാർത്ഥ ഗാനത്തിന്റെ ആസ്വാദന ഭംഗി ഒട്ടും ചോരാതെ എന്നാൽ വ്യത്യസ്തമായൊരു ശൈലിയിലാണ് രോഷ്നി ഗാനം ആലപിച്ചിരിക്കുന്നത്. ബഹ്‌റൈനിലെ സംഗീത അദ്ധ്യപകനായ പ്രജോദ് കൃഷ്ണയുടെ ക്രിയാത്മക പിന്തുണയോടെ ഒരുക്കിയിരിക്കുന്ന ഗാനത്തിനായി ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് ബിജു കല്ലുമ്പുറത്താണ്.ഈ സംഗീത വിഡിയോയുടെ സംവിധാനവും ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിഷ് മുണ്ടയ്ക്കൽ. ഛായാഗ്രഹണം ജേക്കബ് ക്രിയേറ്റീവ്ബീസ്സ്.