ADVERTISEMENT

 

കഴിഞ്ഞ മാസം അന്തരിച്ച പ്രശസ്‌ത മ്യൂസിക്ക് പ്രോഗ്രാമറും സംഗീത സംവിധായകനുമായ പ്രശാന്ത് ജോണിന് സ്നേഹാദരമായി വിർച്വൽ ക്വയർ ഒരുക്കി സുഹൃത്തുക്കൾ. മുണ്ടക്കയം ഹോളി ട്രിനിറ്റി സിഎസ്.ഐ ദേവാലയത്തിലെ ഗായക സംഘമാണ് പ്രശാന്തിന്റെ സ്മരണയിൽ സ്നേഹഗീതവുമായെത്തിയത്. ദേവാലയത്തിലെ നിലവിലുള്ള ഗായക സംഘത്തെ കൂടാതെ ഓസ്‌ട്രേലിയ, യു. എസ്, യു. കെ, കാനഡ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 150 കലാകാരൻമാരാണ് ക്വയറിന്റെ ഭാഗമായത്. 

 

കഴിഞ്ഞ മാസം 24–നാണ് പ്രശാന്ത് ജോൺ അന്തരിച്ചത്. കരൾ സംബന്ധമാ രോഗത്തെ തുടർന്നു ചികിത്സയിലിരിക്കെയാണ് 47–ാം വയസിൽ അദ്ദഹം വിടവാങ്ങിയത്. സംഗീതത്തെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ എക്കാലവും താല്പര്യം കാണിച്ചിരുന്ന മുണ്ടക്കയം വേലിക്കകം കുടുംബത്തിൽ വി.ജെ ജോണിന്റെ (ബേബിച്ചായൻ)യും ജോളി ജോണിന്റെയും മകനായാണ് പ്രശാന്ത് ജോൺ ജനിച്ചത്. ക്രിസ്തീയ ആരാധന സംഗീതത്തിൽ ശാസ്ത്രീയമായ അഭ്യസനം നേടിയ മാതാപിതാക്കളിൽ നിന്നും സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അദ്ദേഹം അഭ്യസിച്ചു. അക്കാലത്ത് മുണ്ടക്കയം ഹോളി ട്രിനിറ്റി സി.എസ്.ഐ ദേവാലയത്തിൽ ഗായക സംഘത്തിന് നേതൃത്വം നൽകിയിരുന്ന പിതാവ് വി.ജെ ജോണിന്റെ കൈ പിടിച്ച് ചെറു പ്രായത്തിൽ തന്നെ ഗായക സംഘത്തിൽ അംഗമായി. 

 

ഗായക സംഘത്തിനു വേണ്ടി കാരൾ ഗാനങ്ങളും മറ്റു ഭക്തിഗാനങ്ങളും എഴുതി ചിട്ടപ്പെടുത്തിയാണ് അദ്ദേഹം സംഗീത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. പ്രശാന്ത് ചിട്ടപ്പെടുത്തിയ ഗാനങ്ങൾക്ക് കൺവെൻഷൻ സെന്ററുകളിലും ദേവാലയാങ്കണങ്ങളിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ചലച്ചിത്ര ഗാനശാഖയിലെ പ്രഗത്ഭർക്കൊപ്പം പ്രവർത്തിക്കുന്നതിനിടയിലും പ്രശാന്ത് ഇടവകയിലെ ഗായക സംഘത്തിനു വേണ്ടി ഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തനൽകുമായിരുന്നു. ഗാനങ്ങളോടൊപ്പം തന്റെ പേര് പരസ്യപ്പെടുത്താൻ പ്രശാന്ത് താല്പര്യപ്പെട്ടിരുന്നില്ല. പ്രശാന്തിന്റെ അകാല വേർപാടിൽ സംഗീത ലോകത്തെ പ്രമുഖരുൾപ്പെടെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തിയിരുന്നു. 

 

ആഗ്രഹങ്ങളും സ്വപ്നങ്ങളും സംഗീതവും ബാക്കിയാക്കി അകാലത്തിൽ പൊലിഞ്ഞ പ്രശാന്തിനു വേണ്ടി മുണ്ടക്കയം ഹോളി ട്രിനിറ്റി സി.എസ്.ഐ ദേവാലയത്തിലെ ഗായക സംഘം ഒരുക്കിയ സ്നേഹാദരഗീതം ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ലോക്ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് 150 കലാകാരന്മാരും ഈ വിർച്വൽ ക്വയറിന്റെ ഭാഗമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com