ADVERTISEMENT

പാടാൻ മറന്നു വച്ച പാട്ടുകൾ, പിന്നീട് പാടാൻ മാറ്റിവെച്ച പാട്ടുകൾ, മറന്നു പോയ പഴയ സംഗീതം  ഇവയെല്ലാം ചിലർ പൊടിതട്ടിയെടുത്ത കാലംകൂടിയാണ് ലോക്ഡൗൺ. വീട്ടിലിരുപ്പിനെ സംഗീതം കൊണ്ട് രസകരമാക്കിയവർ ഏറെയുണ്ട് നമുക്കുചുറ്റും. ചില വിഡിയോകൾ നമ്മുടെയെല്ലാം ഹൃദയം കവർന്നു. അക്കൂട്ടത്തിൽ ഒന്നായിരുന്നു ഒരു അമ്മ–മകൾ പാട്ട് വിഡിയോ. സംഗീതാധ്യാപിക പ്രകാശിനി മാധവും മകൾ ദീപ്തിയുമാണ് മത്സരിച്ചു പാട്ടു പാടി സമൂഹമാധ്യമ ലോകത്തിന്റെ കയ്യടി നേടിയത്. 1994–ല്‍ പുറത്തിറങ്ങിയ 1942 എ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ ‘കുച്ച് നാ കഹോ...’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്. ജാവേദ് അക്തർ എഴുതിയ വരികൾക്ക് ആർ ഡി ബർമന്റേതായിരുന്നു സംഗീതം. കുമാർ സാനു ആണ് ഈ ഗാനം ചിത്രത്തിൽ ആലപിച്ചത്. 

 

ഇപ്പോൾ വൈറലായ ഈ അമ്മ–മകൾ സംഗീത വിഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. വർഷങ്ങൾ നീണ്ട സംഗീത അധ്യാപനത്തിന്റെ മികവ് അമ്മയും അമ്മയിൽ നിന്നും പകർന്നു കിട്ടിയ സ്വരമാധുരിയും പ്രതിഭയും മകളും ഒരുപോലെ പുറത്തെടുത്തപ്പോൾ ഒറിജിനൽ ഗാനം പോലെ പാട്ട് മനോഹരമായി. അമ്മയുടെ ശബ്ദത്തിന് ലതാ മങ്കേഷ്കറിന്റെ ശബ്ദവുമായി സാമ്യമുണ്ട് എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യൻ പ്രതിരോധ മേഖലയിൽ സ്റ്റാഫ് ആണ് ദീപ്തി. വൈറൽ വിഡിയോയെക്കുറിച്ച് ദീപ്തി മനോരമ ഓൺലൈനിനോടു മനസു തുറക്കുന്നു.

 

വൈറലായതിന്റെ ത്രില്ല്

 

‘ഞാനും അമ്മയും ഒരുമിച്ചു പാടിയ പാട്ട് നിരവധി പേർ കണ്ടു. അതിൽ ഒരുപാട് സന്തോഷം. അമ്മ ലോക്ഡൗൺ സമയത്ത് ഇതുപോലെ പാട്ടുപാടി വിഡിയോ ചെയ്തു ഫെയ്സ്ബുക്കിൽ ഇട്ടിരുന്നു. അത് ഹിറ്റായ ത്രില്ലിലാണ് ഞാനും അമ്മയ്ക്കൊപ്പം പാടിയത്. സ്മ്യൂൾ ആപ്ലിക്കേഷനിൽ ഓഡിയോ റെക്കോർഡ് ചെയ്തു. അതുകഴിഞ്ഞ് ഞങ്ങൾ ഇരുവരും ചേർന്ന് വിഡിയോ എടുക്കുകയായിരുന്നു. പിന്നീട് അതു കൂട്ടിച്ചേർക്കുക മാത്രമാണ് ചെയ്തത്. പാട്ടിൽ ഒരിക്കലും എഡിറ്റിംഗ് നടത്തിയിട്ടില്ല. എങ്കിലും പല തവണ എഡിറ്റിംഗ് കഴിഞ്ഞ പാട്ടാണ്, ഒറ്റത്തവണ പാടി എടുത്തതല്ല എന്നൊക്കെ പലരും കമന്റ് ചെയ്തതു കണ്ടു, അത്തരം നെഗറ്റീവ് സമീപനം കണ്ടപ്പോൾ അൽപം വിഷമം തോന്നി. 

        

അമ്മ സിനിമയിൽ പാടേണ്ടതായിരുന്നു

 

അമ്മ  കണ്ണൂർ ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ സംഗീത അധ്യാപികയായിരുന്നു. അച്ഛനും അധ്യാപകനായിരുന്നു. നമ്മുടെ പഴയകാലം അറിയാല്ലോ,  പെൺകുട്ടികൾ സംഗീതം, സിനിമ അഭിനയം എന്നിവയൊക്ക തിരഞ്ഞെടുത്ത് പോകുന്നതിനോട് കുടുംബത്തിൽ നിന്ന് വലിയ പിന്തുണ ഉണ്ടാവില്ല. സംഗീതം പഠിച്ച ആളാണ് അമ്മ. പുറത്തൊക്കെ പോയി പരിപാടി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉണ്ണിമേനോൻ ശോഭനാ എന്നിവരൊക്കെ പങ്കെടുത്ത വിദേശ സ്റ്റേജ് ഷോകളിൽ ഉൾപ്പെടെ അമ്മ പാടിയിട്ടുണ്ട്. ഒരു സിനിമയിൽ പാടാൻ അവസരം വന്നു ചെന്നൈയിൽ പോയി ട്രാക്ക് പാടിയതാണ്. പക്ഷേ എന്തുകൊണ്ടോ പിന്നീട് അത് നടന്നില്ല. അതിനു ശേഷം സിനിമയിലേക്ക് ഒരു അവസരവും വന്നില്ല. അതിനുവേണ്ടി അന്വേഷിച്ചു പോകാൻ സാധിച്ചതുമില്ല. കല്യാണം കഴിഞ്ഞു കുട്ടികളായി കുടുംബവും ജോലിയൊക്കെ ആയിട്ട് അങ്ങനെയങ്ങു പോയി. ദീപ്തി പറഞ്ഞു.

 

തിരക്കുകൾക്കിടയിലെ സംഗീതജീവിതം

 

ഞാനും ചെറുപ്പം മുതലേ സംഗീതം പഠിച്ചു വന്ന ആളാണ്. കർണാടക സംഗീതം ആണ് അഭ്യസിച്ചിരുന്നത്. അമ്മതന്നെയായിരുന്നു ഗുരു. ജോലികിട്ടി ബെംഗലുരുവിൽ എത്തിയതിനു ശേഷം രണ്ടുവർഷം ഹിന്ദുസ്ഥാനി പഠിക്കാൻ ഒരു ശ്രമം നടത്തി. പക്ഷേ, എന്തുകൊണ്ടോ എനിക്ക് ആ സംഗീതത്തോട് അത്രയ്ക്ക് ചേർന്നു പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ ഒന്നും പഠിക്കുന്നുമില്ല. പക്ഷേ അമ്മയുടെ പാട്ട് ഹിറ്റായത് കാണുമ്പോൾ എല്ലാവരും പറയുന്നുണ്ട് പാട്ടുമായി മുന്നോട്ടു പോകണം എന്ന്. പഠിത്തം കഴിഞ്ഞ് ജോലിയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം സംഗീതവുമായി ഇടപഴകാൻ സാധിച്ചിരുന്നില്ല. വർഷങ്ങൾക്കുശേഷം ഇപ്പോഴാണ് കുറച്ചു ദിവസം വീട്ടിൽ സമാധാനത്തോടെ നിൽക്കാൻ അവസരം ഉണ്ടായതും പാടിയതുമൊക്കെ. പാട്ടിനായി കുറച്ചുസമയം നീക്കിവയ്ക്കണമെന്നു ഞാൻ വിചാരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com