ADVERTISEMENT

 

ബ്രിട്ടൻസ് ഗോട്ട് ടാലന്റിൽ അഭിമാനമായി മലയാളി പെൺകുട്ടി. അസാമാന്യമായ പ്രകടനത്തിലൂടെ റിയാലിറ്റി ഷോയുടെ വിധികർത്താക്കളെയും ആയിരക്കണക്കിനു കാഴ്ചക്കാരെയും അമ്പരപ്പിച്ച സൗപർണിക എന്ന പത്തു വയസ്സുകാരിയാണ് വേദിയിൽ താരമായത്. സൈമൺ കോവെൽ, അമൻഡ ഹോൾഡൻ, അലേഷ ഡിക്സൺ, ഡേവിഡ് വാല്യംസ് എന്നിവരായിരുന്നു പരിപാടിയുടെ വിധികർത്താക്കൾ. 

 

വേദിയിൽ വിധികർത്താക്കളുടെ ചോദ്യങ്ങൾക്കു തികഞ്ഞ ആത്മവിശ്വാസത്തോടെയും ഊർജത്തോടെയുമാണ് സൗപർണിക മറുപടി നൽകിയത്. പ്രകടനത്തിനിടയിൽ സൈമൺ കോവെൽ പാട്ടു നിർത്താനാവശ്യപ്പെടുകയും പകരം മറ്റൊരു ഗാനം പാടാൻ പറയുകയുമുണ്ടായി. അപ്രതീക്ഷിതമായുണ്ടായ ആ ഇടപെടലിലും ആശങ്കയോ ഭീതിയോ ഇല്ലാതെ സൗപർണിക വിസമയാവഹമായ പ്രകടനം കാഴ്ചവച്ചു. 

 

‘ദ് ഗ്രേറ്റസ്റ്റ് ഷോമാൻ’ എന്ന വിശ്വവിഖ്യാത ചിത്രത്തിലെ ‘നെവർ ഇനഫ്’ എന്ന ഗാനമാണ് സൗപർണിക രണ്ടാമത് പാടിയത്. അസാമാന്യമാം വിധത്തിലുള്ള അവതരണം കണ്ട്  സൈമൺ കോവെൽ ഉൾപ്പെടെ എല്ലാ വിധികർത്താക്കളും വേദിയിലും സദസ്സിലുമുള്ള ആയിരക്കണക്കിന് ആസ്വാദകരും എഴുന്നേറ്റു നിന്നു കരഘോഷത്തോടെ കുട്ടിത്താരത്തെ അഭിനന്ദിച്ചു. സൗപർണികയുടെ ഈ അപൂർവ പ്രകടനം ബ്രിട്ടനിലെ മുൻനിര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

 

മകളുടെ ‌‌‌‌‌‌‌‌‌പ്രകടനം തത്സമയം കണ്ടുകൊണ്ട് മാതാപിതാക്കളായ ഡോ.ബിനുവും രഞ്ജിതയും വേദിക്കു പിന്നിൽ ഉണ്ടായിരുന്നു. ബിബിസി ചാനലിലെ മൈക്കൽ മക്കന്റൈയേഴ്സ് ബിഗ് ഷോയിൽ ഈ കൊച്ചു മിടുക്കിക്ക് അവസരം ലഭിച്ചിരുന്നു. ഈ ഷോയുടെ ഭാഗമായി വർഷത്തിൽ ഒരിക്കൽ കൊച്ചു കലാകാരന്മാർക്കായി നടത്തുന്ന ‘അൺഎക്സ്പെക്റ്റ‍‍ഡ് സ്റ്റാർ’ എന്ന പ്രത്യേക പരിപാടിയിലാണ് സൗപർണിക പങ്കെടുത്തത്. 

 

യുകെ യിൽ നിരവധി സംഗീത പരിപാടികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സൗപർണിക കഴിവു തെളിയിച്ചു കഴിഞ്ഞു. സൗപർണിക നായർ എന്ന യുട്യൂബ് ചാനലും ഈ കൊച്ചുമിടുക്കിക്കുണ്ട്. രണ്ടര ദശലക്ഷം കാഴ്ചക്കാരും ഏഴായിരത്തോളം സബ്സ്ക്രൈബേഴ്സുമാണ് ഈ ചാനലിനുളളത്. ബറിയിലെ സീബർട് വുഡ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് സൗപർണിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com