ADVERTISEMENT

കവിതയുടെ വീട്ടിൽനിന്ന് ഒഎൻവി ഇടയ്ക്കിടെ ചലച്ചിത്രഗാന സത്രത്തിൽ വന്നുപാർത്തില്ലായിരുന്നെങ്കിൽ മലയാളിയുടെ പ്രണയവും വേർപിരിയലും വേദനകളും സ്വപ്നങ്ങളും പ്രതീക്ഷകളും വേറൊന്നാകുമായിരുന്നു. വീടുപോലെ മലയാളിയെ തിരിച്ചുവിളിക്കുന്ന ഒരിടമാണ് ഒഎൻവിയുടെ പാട്ടുകൾ. 

‘ഒരു നറുപുഷ്പമായെൻ നേർക്ക് നീളുന്ന മിഴിമുനയാരുടേതാവാം?’ എക്കാലത്തെയും പ്രണയികളുടെ ഉദ്വേഗമാണ്. ‘തരളകപോലങ്ങൾ നുള്ളി നോവിക്കാതെ, തഴുകാതെ ഞാൻ നോക്കി നിന്നു’ സൗമ്യകാമുകരുടെ ശീലവുമാണ്. ‘നിൻ കൺകളിൽ നോക്കിനിൽക്കാൻ ഇന്നെന്തൊരാവേശം, പിന്നെ നിൻ നിശ്വാസമേറ്റു നിൽക്കെ ഇന്നെന്തൊരുന്മാദം’ എന്ന് ഒഎൻവി മനസ്സിന്റെ തിരശ്ശീലയെ പ്രണയനിശ്വാസത്താൽ തഴുകി. ‘ശരദിന്ദുമലർദീപനാളം നീട്ടി, സുരഭിലയാമങ്ങൾ ശ്രുതി മീട്ടി’യെത്തിയ കാമനങ്ങൾ ഇതുവരെ കാണാത്ത കരയിലേക്കോ ഇനിയൊരു ജന്മത്തിൻ കടവിലേക്കോ കേൾവിക്കാരെ കൂട്ടിക്കൊണ്ടുപോയി. ‘കാട്ടുപൂക്കൾ’ എന്ന ചിത്രത്തിനു വേണ്ടി ജി.ദേവരാജന്റെ സംഗീതസംവിധാനത്തിൽ ശങ്കരാഭരണം രാഗത്തിൽ ഒരുക്കിയ ഗാനം അനശ്വരതയുടെ ആൽബത്തിലാണ് കാലം ചേർത്തുവച്ചത്:

‘മാണിക്യവീണയുമായെൻ

മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ

പാടുകില്ലേ വീണ മീട്ടുകില്ലേ

നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ

ഒന്നും മ‍ിണ്ടുകില്ലേ’

 

‘മാരിവില്ല‍ിൻ തേൻമലരേ, മാഞ്ഞുപോകയോ’ 

എന്ന നാടകഗാനം കെ.എസ്. ജോർജിന്റെ അസാധാരണശബ്ദത്തിൽ ഇപ്പോൾ യുട്യൂബിൽ കേൾക്കുമ്പോഴും അതിലെ ഒഎൻവി ടച്ചിനെ നാം നമിക്കും. കേരളത്തെ കമ്യൂണിസ്റ്റാക്കിയത് പി.കൃഷ്ണപിള്ളയും എകെജിയും ഇഎംഎസും മാത്രം ചേർന്നായിരുന്നില്ല. ഒഎൻവിയും വയലാറും പി.ഭാസ്കരനും കൂടിച്ചേർന്നായിരുന്നു. കെപിഎസിയുടെ നാടകഗാനങ്ങൾ ഒരു കാലത്തിന്റെ മധുരിക്കും ഓർമകളാണ്. ‘നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’എന്ന സ്വപ്നമായിരുന്നു അത്. ഇന്നു വയലെല്ലാം നികത്തപ്പെടുന്ന കാലത്തും മലയാളി ഗൃഹാതുരതയോടെ അതു കേൾക്കുന്നു. 

 

‘എന്തിനു പാഴ്ശ്രുതി മീട്ടുവതിന‍ിയും 

തന്ത്രികൾ പൊട്ടിയ തംബുരുവിൽ ഈ തംബുരുവിൽ’ 

എന്നു സി.ഒ. ആന്റോ തപ്തനിശ്വാസത്തോടെ പാടുന്നതും ഒഎൻവി അനശ്വരമാക്കിയ വരികളെയാണ്. 

 

ഹിന്ദുസ്ഥാനി, കർണാട്ടിക്, നാടോടിപ്പാട്ടു വഴികളെല്ലാം പരിചിതമായിരുന്ന ഒഎൻവി ജി.ദേവരാജൻ മുതൽ രാഘവൻ മാഷും ബാബുരാജും എം.ബി. ശ്രീനിവാസനും ബോംബെ രവിയും ഇളയരാജയും ദക്ഷിണാമൂർത്തിയും സലിൽ ദായും മോഹൻ സിത്താരയും ജെറി അമൽദേവും തൊട്ട് അലക്സ് പോൾ വരെയുള്ള സംഗീതസംവിധായകർക്കൊപ്പം അവിസ്മരണീയമായ ഒട്ടേറെ ഗാനങ്ങൾ സൃഷ്ടിച്ചു. കെ.രാഘവനും എം.എസ്. ബാബുരാജിനും ദക്ഷിണാമൂർത്തിക്കുമൊപ്പം അധികം ഗാനങ്ങളിൽ ഒഎൻവി ഒരുമിച്ചില്ലെന്നത് മലയാളത്തിന്റെ മഹാനഷ്ടം. ‘ശ്യാമസുന്ദരപുഷ്പമേ’ എന്ന അവിസ്മരണീയ ഗാനം വിരിഞ്ഞത് ഒഎൻവി–രാഘവൻ കൂട്ടുകെട്ടിൽ നിന്നാണെന്ന് ഓർക്കുമ്പോഴാണ് ആ നഷ്ടത്തിന്റെ തീവ്രത ബോധ്യമാകുക.

 

‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി

ഒരു കുടന്ന നിലാവിന്റെ കുളിരു കോരി

നെറുകയിൽ അരുമയായ് കുടഞ്ഞതാരോ

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി’

 

മിതവാക്കായിരുന്നു ഒഎൻവി. ബിംബകൽപനകളിലെ അച്ചടക്കം ചലച്ചിത്രഗാനങ്ങളുടെ പൊതുരീതികളിൽനിന്നു തീർത്തും വ്യത്യസ്തമായിരുന്നു. 

കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിൽ ‘പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ’ എഴുതിയാണ് ഒഎൻവി ഗാനരംഗത്തേക്ക് എത്തിയത്. ജനങ്ങൾ ഏറ്റുപാടിയ ഗാനമായിരുന്നു അത്. ദേവരാജനായിരുന്നു സംഗീതസംവിധാനം.

 

എംഎ പരീക്ഷയുടെ അവസാന ദിവസമാണ് ഒഎൻവിയുടെ ചലച്ചിത്രഗാന ജീവിതം തുടങ്ങിയത്. ‘കാലം മാറുന്നു’ എന്ന സിനിമയിൽ ദേവരാജൻ മാഷിനു വേണ്ടിത്തന്നെയാണ് ഗാനങ്ങൾ ഒരുക്കിയത്. ആ മലർ പൊയ്കയിൽ, ഏലയിലേ പുഞ്ചവയൽ, ഓഹോയ് താതിനന്തനം, അമ്പിളി മുത്തച്ഛൻ, പോവണോ പോവണോ തുടങ്ങിയ ഗാനങ്ങളായിരുന്നു ആദ്യ ചിത്രത്തിൽ ഉണ്ടായിരുന്നത്. അധ്യാപകജോലിയിൽ പ്രവേശിച്ചിരുന്നതിനാൽ അനുമതിയുടെയും മറ്റും പ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഇടക്കാലത്ത് ബാലമുരളി എന്ന പേരിലും അദ്ദേഹം ഗാനരചന നടത്തിയിരുന്നു.

 

പണ്ടു പാതിരയ്ക്കു നാടകം കഴിഞ്ഞും ഓലക്കൊട്ടകകളിലെ സിനിമ കഴി‍ഞ്ഞും ചൂട്ടുവെളിച്ചത്തിൽ മടങ്ങുമ്പോൾ ആളുകളുടെ ചുണ്ടിൽ പൊന്നരിവാളമ്പിളിയും മധുരിക്കും ഓർമകളും മാരിവില്ലിൻ തേൻമലരും നിറയുമായിരുന്നു. ഇന്നു പുതിയ മടക്കയാത്രകളിലാണ് മലയാളി; ഭൗതികമായും മാനസികമായും. അപ്പോഴും ആ പാട്ടിലെ തേൻകണം പാറിപ്പറന്നു വരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com