ADVERTISEMENT

പ്രേമിക്കാത്തവരും പ്രേമത്തിലെ പാട്ടു പാടാത്ത കാമുകി കാമുകന്‍മാരും മലയാളിക്കിടയില്‍ ഉണ്ടാകില്ല. പേരുപോലെ മലയാളിക്ക് സുഖം നിറഞ്ഞ അനുഭവമായിരുന്നു പ്രേമം സിനിമയും അതിലെ ഗാനങ്ങളും. പ്രേമ പാട്ടുപാടി കടന്നു പോകുന്ന അഞ്ചു വര്‍ഷങ്ങള്‍, പ്രേമത്തിന്റെ എല്ലാ ഭാവങ്ങളും ആവാഹിച്ചു പാട്ടാക്കിയ ആ ഗാനങ്ങള്‍ ഉള്ളിലൊരു മലരായി വിരിഞ്ഞു നില്‍ക്കുന്ന അഞ്ചു വര്‍ഷങ്ങള്‍ കടന്നു പോയത് എത്ര പെട്ടന്നായിരുന്നു. മൂന്നു കാലഘട്ടങ്ങളിലൂടെ മൂന്നു പ്രണയകഥകള്‍ പറഞ്ഞ ഈ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത് ശബരീഷ് വര്‍മ രാജേഷ് മുരുകേശന്‍ കൂട്ടുകെട്ടായിരുന്നു. 

 

പ്രണയിച്ചു നടന്നവര്‍ "ആലുവപുഴയുടെ തീരത്ത്" പാടി, പ്രേമിച്ചു കൊതിതീരാത്തവര്‍ "മലരേ" എന്നു പാടി. അവളുടെ പിന്നില്‍ നടന്നു തളരാത്ത കാമുകന്‍മാര്‍ "പതിവായി ഞാന്‍ അവളെ കാണാന്‍ പോകാറുണ്ടേ" എന്നു പാടി. നിരാശരായവര്‍ "കാലം കെട്ടു പോയ്" എന്നും വലവീശി എറിഞ്ഞിട്ടും റിപ്‌ളേ തരാത്തവളെ നോക്കി "അവളു വേണ്ട്ര" എന്നും പാടി. പിന്നെ പല്ലുരുമ്മി "കണ്ണുചുവക്കണ്" എന്ന പാട്ടിന്റെ ഭാവത്തില്‍ നിന്നു. അങ്ങനെ എല്ലാ കമിതാക്കള്‍ക്കുമുള്ള പാട്ടുകള്‍ പ്രേമത്തെ സംഗീത പ്രാധാന്യമുള്ള ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നല്‍കി. 

 

പ്രേമത്തിന്റെ ഏറ്റവും വലിയ പരസ്യം ഇതിലെ ഗാനങ്ങള്‍ തന്നെയായിരുന്നു. സംവിധായകനും ഇത് തിരിച്ചറിഞ്ഞിട്ടുണ്ടാവാം. ഗാനങ്ങളിലും ചിത്രീകരണത്തിലുമൊക്കെ നിറഞ്ഞു നിന്ന പുതുമ ആസ്വാദക മനസിലേക്കും പ്രേമം വിതറിയതോടെ തിയറ്ററുകളില്‍ കുറിച്ചത് മറ്റൊരു ചരിത്രമായിരുന്നു. 

 

കലാലയ കാലം മുതല്‍ അടുത്ത ചങ്ങാതിമാരായിരുന്നവരുടെ ഒത്തുചേരല്‍ കൂടിയായിരുന്നു പ്രേമം സിനിമ. നേരം എന്ന ചിത്രത്തിനു തുടര്‍ച്ചയായി ഇവര്‍ വീണ്ടും ഒത്തുചേര്‍ന്നു. സംഗീതത്തിലും ഇത് ആവര്‍ത്തിച്ചതോടെ ശബരീഷ് വര്‍മ രാജേഷ് മുരുകേശന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ചിത്രത്തിലെ ഗാനങ്ങളുടെ അനുഭവങ്ങള്‍ വായനക്കാരോടു പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകന്‍ രാജേഷ് മുരുകേശന്‍.

 

"അഴകേ.... അഴകില്‍ തീര്‍ത്തൊരു ശിലയഴകേ...

മലരേ..... എന്നുയിരില്‍ വിടരും പനിമലരെ....."

 

ഉളളിലൊരു മഴത്തുള്ളി ചിതറി വീണ സുഖമായിരുന്നു ഈ ഗാനത്തിന്. ആത്മാവിന്‍ ആഴത്തിനുള്ളില്‍ പതിഞ്ഞ ഈ ഗാനം പ്രണയത്തിന്‍ മഴയായ് പെയ്യാത്ത മനസുകളുണ്ടോ? മലരേ എന്ന് എത്രയോ ചുണ്ടുകള്‍ പാടിയിട്ടുണ്ടാവും. വരികളില്‍ നിറഞ്ഞ പ്രണയം സംഗീതത്തിലും നിറഞ്ഞതോടെ മലയാളിയുടെ മനസിന്റെ ആഴങ്ങളില്‍ പകര്‍ന്നത് ഓരോരോ വര്‍ണങ്ങളാണ്. തളരുന്ന എത്രയോ തനുക്കളില്‍ ഈ ഗാനം അഴകായി പെയ്തിട്ടുണ്ടാകും. വിജയ് യേശുദാസിന്റെ ശബ്ദത്തിലെ അലതല്ലുന്ന പ്രണയവും ഗാനത്തെ ഇമ്പമുള്ളതാക്കി. 

 

"അഴകേ" എന്നു പാടി ജോര്‍ജ് മലരിന്റെ മുഖത്ത് കുമിളകള്‍ പറത്തുന്നതും "മലരേ" എന്നു പാടി ഇരുകൈകളും ചുരുട്ടി പിടിച്ച് മുട്ടുകാലില്‍ ജോര്‍ജ് ഇരിക്കുന്നതും" മലരെ നിന്നെ കാണാതിരുന്നാല്‍" എന്നു പാടി മലരിന്റെ മുഖം കൈകുമ്പിളില്‍ ജോര്‍ജ് ഒതുക്കിയതുമൊക്കെ ഇന്നും മലയാളിയുടെ മനസിലുണ്ട്. ചിത്രീകരണത്തിലും അഴകു വിരിച്ചതോടെ ഈ ഗാനം കേള്‍ക്കുന്ന മലയാളിയുടെ മനസില്‍ വിരിയുന്നത് എത്രയെത്ര ചിത്രങ്ങളാണ്. അകതാരില്‍ അനുരാഗം പകര്‍ന്ന് എത്രയോ കാമുക ഹൃദയങ്ങള്‍ ഈ ഗാനം കേട്ട് ഉറങ്ങാതെ കിടന്നിട്ടുണ്ടാകും. 

 

അടക്കിവയ്ക്കാന്‍ കഴിയാതെ പ്രണയം വാര്‍ന്നൊഴുകുന്ന ഒരു ഗാനം, അത് ചിത്രശലഭങ്ങളെപോലെ പറന്ന് പറന്ന് പറന്നുയരണം... സംവിധായകന്‍ തന്റെ പ്രേമഗാനം ഇങ്ങനെ വേണമെന്ന് ആവശ്യപ്പെട്ടതോടെ സംഗീത സംവിധായകന്‍ രാജേഷ് മുരുകേശന് ആവേശമായി. പതിയെ, വളരെ പതിയെ തുടങ്ങി ഉള്ളിലെ പ്രണയം അവളുടെ ഹൃദയത്തിലേക്ക് പകര്‍ത്തി ഇടുക. രാജേഷ് മൂളി തുടങ്ങിയതോടെ സംവിധായകന്‍ അടക്കമുള്ളവര്‍ കൈയടിച്ചു. ആദ്യത്തെ നാലു വരിക്ക് ശേഷം ബാക്കി എങ്ങനെ പൂര്‍ത്തികരിക്കണമെന്ന് രാജേഷിനു തന്നെ അറിയാത്ത അവസ്ഥ. പിന്നെ സംഭവിച്ചതോ വലിയൊരു ഇടവേള. ഈ ഇടവേളയില്‍ യാത്രകളോടുള്ള പ്രേമത്തിലായി രാജേഷ്. ഉള്ളിലെ സംഗീതത്തിന് പുതിയ അനുഭവങ്ങളും പൂര്‍ത്തീകരണവും തേടി. ദിവസങ്ങള്‍ക്കു ശേഷം പ്രേമം സിനിമയുടെ ചിത്രീകരണം ആരംഭിച്ചതോടെ ഗാനങ്ങള്‍ ഒരുക്കുന്ന തിരക്കിലായി രാജേഷ്. ആദ്യം ചിത്രീകരിക്കാന്‍ തീരുമാനിച്ച മറ്റു പാട്ടുകളാണ് ഈ സമയം ഒരുക്കിയത്. ഇതിനിടയില്‍ അപ്പോഴും മലരേ എന്ന ഗാനം പൂര്‍ത്തീകരിക്കാതെ മനസില്‍ അവശേഷിച്ചു. അങ്ങനെ നീണ്ട രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് മലരേ എന്ന ഗാനത്തിന്റെ ബാക്കി ഭാഗങ്ങള്‍ രാജേഷ് മൂളി തുടങ്ങുന്നത്. അപ്പോഴാകട്ടെ ഗാനരചന നടത്തേണ്ട ശബരീഷ് വര്‍മ അഭിനയത്തിന്റെ തിരക്കിലും. 

 

ഒടുവില്‍ വരികളെത്തിയതോടെ രാജേഷ് ഉള്ളിലെ സംഗീതത്തിലേക്ക് അതിനെ പകര്‍ത്തി. കണ്ണടച്ച് കാതോര്‍ത്തിരുന്ന് ആ ഗാനം കേട്ടാല്‍ ഒരു ചിത്രശലഭമായി നമുക്കും പറന്നുയരാം. താഴെ നിന്നും അത് പറന്നുയര്‍ന്ന് ആകാശത്തേറും. അത്തരത്തിലൊരു അനുഭവത്തിനായി താഴെ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന താളങ്ങളില്‍ നിന്നാണ് ഗാനം ആരംഭിച്ചതു തന്നെ. ബീറ്റുകളില്ലാതെ പറക്കാന്‍ കൊതിപ്പിക്കുന്ന ഗാനം... ആ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാന്‍ ശ്രമിച്ച ഗാനമാണ് മലരേ എന്ന് രാജേഷും പറയുന്നു. നിറയെ ചിത്രശലഭങ്ങളുള്ള ഈ ഗാനത്തില്‍ അതിന്റെ താളം ഈ പാട്ടിലേക്കും എത്തിച്ചു. ഈ മലയില്‍ നില്‍ക്കുന്ന കാമുകന്‍ അടുത്ത മലയില്‍ നില്‍ക്കുന്ന കാമുകി കേള്‍ക്കാനായി മലരേ... എന്ന് ഉറക്കെ പാടുന്നു. സംഗീത സംവിധായകന്റെ മനസിലെ ഇത്തരമൊരു ചിത്രം വിജയ് യേശുദാസിനോടും പങ്കുവച്ചതോടെ ഗാനം ആലാപനത്തിലും ശ്രദ്ധേയമായി. ചരണത്തിന് മറ്റൊരു ഭാഗം കൂടി ഉള്‍പ്പെടുത്തി ചെയ്യാന്‍ തയാറായെങ്കിലും പിന്നീടത് വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്ന് രാജേഷ് ഓര്‍ക്കുന്നു.

 

"കാലം കെട്ടുപോയി...

കോലം കെട്ടുപോയി..."

 

രസകരമായി മലയാളി ആസ്വദിച്ചിരുന്നു കേട്ട ഈ ഗാനം കേള്‍ക്കാന്‍ തനിക്കിപ്പോള്‍ താല്‍പര്യമേയില്ലെന്നു പറയുന്നത് സംഗീത സംവിധായകനായ രാജേഷ് മുരുകേശന്‍ തന്നെയാണ്. അങ്ങനെ പറയാന്‍ ചില അനുഭവങ്ങളും പങ്കുവയ്ക്കാന്‍ രാജേഷിനുണ്ട്. തൃപ്പുണിത്തുറയിലുള്ള വീട്ടിലെ സ്റ്റുഡിയോയില്‍ പ്രേമത്തിലെ ഗാനങ്ങളുടെ പണി തകൃതിയായി നടക്കുന്ന സമയം. പുറംലോകവുമായി ഒരു ബന്ധവുമില്ല. കനത്ത മഴ കൂട്ടായി എത്തിയതോടെ കടന്നു കൂടിയ നിരാശയില്‍ നിന്നാണ് ഈ ഗാനം ജനിച്ചതെന്ന് രാജേഷ് ഓര്‍ക്കുന്നു. 

 

ഒരു വൈകുന്നേരം ഇരുന്ന് തയാറാക്കിയ താളം ശബരീഷിന് ഫോണിലൂടെ മൂളി കൊടുത്തു. അതിവേഗത്തില്‍ ശബരീഷ് പാട്ടുകള്‍ എഴുതിയതോടെ അടുത്ത ദിവസം ശബരീഷിനെക്കൊണ്ടു തന്നെ ഈ ഗാനവും പാടിച്ചു. ഗാനം അല്‍ഫോണ്‍സിനെ കേള്‍പ്പിക്കാനായി പോകുമ്പോള്‍ തോരാത്ത മഴ. എങ്ങനെയൊക്കയോ സെറ്റിലെത്തി പാട്ട് കേള്‍പ്പിച്ചതോടെ അല്‍ഫോണ്‍സ് ഹാപ്പി. എന്നാല്‍ തിരികെ വീട്ടിലെത്തുമ്പോള്‍ എങ്ങും കനത്ത അന്ധത. വീട്ടിലെ ലൈറ്റുകള്‍ മുതല്‍ സകല ഫാനും അടിച്ചു പോയിരിക്കുന്നു. സ്റ്റുഡിയോയിലും കനത്ത നഷ്ടം. പറമ്പിലേക്ക് നോക്കിയപ്പോള്‍ കാണുന്നതാകട്ടെ മുകള്‍ ഭാഗം കത്തി നില്‍ക്കുന്ന തെങ്ങ്. ഇടി മിന്നലിനെ ശപിച്ചു നില്‍ക്കുമ്പോഴാണ് യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നത്. സപീക്കറില്‍ കുടുങ്ങിപോയ കുഞ്ഞന്‍ എലിയായിരുന്നു എല്ലാ സര്‍ക്യൂട്ടുകളിലും പണി തന്നത്. എന്തായാലും ഈ ഗാനത്തിന് ശേഷം ആഴ്ചകളോളും സ്റ്റുഡിയോ തനിക്ക് അടച്ചിടേണ്ടി വന്നെന്ന് രാജേഷ് ഓര്‍ക്കുന്നു. പിന്നീടൊരിക്കല്‍ ഈ ഗാനം കേട്ടു പോയപ്പോള്‍ ചെറിയ അപകടങ്ങള്‍ സംഭവിച്ചെന്നും രാജേഷ്  പറയുന്നു. അതുകൊണ്ടുതന്നെ ഈ ഗാനം റേഡിയോയിലെങ്കിലും അറിയാതെ കേട്ടാല്‍ ഭയമാണ് രാജേഷിന്.

 

എല്ലാം ഒരാള്‍ പാടട്ടെ....

 

പ്രേമത്തിലെ എല്ലാ ഗാനങ്ങളും ഒരു ഗായകനെകൊണ്ടു പാടിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് രാജേഷ് മുരുകേശന്‍ പറയുന്നു. ഒരാളുടെ തന്നെ വ്യത്യസ്ത പ്രണയകഥ പറയുന്ന ചിത്രത്തിലെ വ്യത്യസ്തങ്ങളായ ഗാനങ്ങള്‍ ഒരു ഗായകനില്‍ നിന്നു തന്നെ കേള്‍ക്കുമ്പോള്‍ പുതുമ തോന്നും എന്നതായിരുന്നു കണക്കുകൂട്ടല്‍. ചിത്രത്തിലെ നായകനായ നിവിന്‍ പോളിയുടെ തന്നെ ശബ്ദം ഗാനങ്ങളിലും നിറഞ്ഞാല്‍ കൂടുതല്‍ നന്നാവുമെന്നു തോന്നിയതോടെ അദ്ദേഹത്തോടും സംസാരിച്ചു. എന്നാല്‍ ഇത്തരമൊരു സാഹസത്തിന് മാത്രം താനില്ലെന്ന് പറഞ്ഞ് നിവിന്‍ പിന്‍മാറുകയായിരുന്നു. അതോടെ എല്ലാ ഗാനങ്ങളിലും വ്യത്യസ്ത ഗായകരെത്തി. 

 

"കണ്ണുചുവക്കണ്

പല്ലുകടിക്കണ്

മുഷ്ടിചുരുട്ടണ്

ആകെ വിയര്‍ക്കണ്..."

 

ചടുലതാളത്തിനൊപ്പം മുഴങ്ങി കേട്ട് ഒരു മുദ്രാവാക്യംപോലെ ആസ്വാദക മനസിലേക്ക് ഇറങ്ങി ചെന്ന ഗാനം. രാക്ഷസനെപോലെ അലറി വിളിക്കുന്ന ഒരു ശബ്ദം... അങ്ങനെയൊരു ശബ്ദമായിരുന്നു രാജേഷ് മുരുകേശന്റെ മനസില്‍. അങ്ങനെ ആ അന്വേഷണം മുരളി ഗോപിയിലേക്കെത്തി. അദ്ദേഹത്തെ നേരില്‍ കണ്ട് കാര്യം പറഞ്ഞതോടെ സമ്മതം മൂളി. ആദ്യ കൂടികാഴ്ചയില്‍ തന്നെ അദ്ദേഹം പാടി നോക്കുകയും ചെയ്തു.

 

അങ്ങനെ റെക്കോര്‍ഡിങ് ദിവസമെത്തി. കൊച്ചിയിലെ റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയില്‍ എല്ലാവരും മുരളി ഗോപിയെ കാത്തിരിക്കുന്നു. എത്താമെന്ന് സമ്മതിച്ച സമയത്തിന് അഞ്ചു മിനിറ്റ് മുന്‍പ് രാജേഷിന് അദ്ദേഹത്തിന്റെ വിളിയെത്തി. സഹിക്കാന്‍ കഴിയാത്ത തൊണ്ടവേദനയും കഫകെട്ടും. വന്നാല്‍ ശരിയാകില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. കഫകെട്ടല്ലേ അങ്ങനെയൊരു ശബ്ദം ഈ ഗാനത്തിന് നല്ലതായിരിക്കും ചേട്ടന്‍ വരൂ എന്ന് രാജേഷും പറഞ്ഞതോടെ മുരളി ഗോപി എത്തി. നായക കഥാപാത്രത്തിന്റെ വികാരങ്ങള്‍ നിറഞ്ഞ ഈ ഗാനം അധികം റീടേക്കുകളില്ലാതെ മുരളി ഗോപി വേഗത്തില്‍ പാടി തീര്‍ക്കുകയും ചെയ്തു. 

 

ഗാനം പോലെ പശ്ചാത്തല സംഗീതവും

 

പ്രേമത്തിലെ ഗാനങ്ങള്‍പോലെ ശ്രദ്ധേയമായിരുന്നു രാജേഷ് മുരുകേശന്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും. കൊടൈക്കനാലിലെ വീട്ടിലെത്തി മലരിനെ കണ്ട ശേഷം നിരാശനായി ഇറങ്ങുന്ന ജോര്‍ജിനെ കാണിക്കുമ്പോഴുള്ള പശ്ചാത്തല സംഗീതത്തില്‍ ഉള്ളു പിടയക്കാത്ത കാമുകന്‍മാരുണ്ടാകില്ല. ഗോവിന്ദ് മേനോന്‍ വയലിനില്‍ വായിച്ച ഈ ഭാഗങ്ങളില്‍ പ്രണയ വേദനയുടെ തീവ്രത അത്രത്തോളം നിറഞ്ഞു നിന്നു.

 

സിനിമയുടെ ക്ലൈമാക്‌സില്‍ മലര്‍ ജോര്‍ജിന്റെ കല്യാണ റിസപ്ഷനെത്തി മടങ്ങുമ്പോഴും ഉപയോഗിച്ചിരിക്കുന്നത് ഇതേ സംഗീതമാണ്. വയലിന്റെ സ്ഥാനത്ത് മൗത്ത് ഓര്‍ഗന്‍ വിഭാഗത്തില്‍പ്പെട്ട ഹാര്‍മോണിക്ക ആയെന്നു മാത്രം. അത്രമേല്‍ ഹൃദയത്തെ ആര്‍ദ്രമാക്കാന്‍ കഴിയുന്ന ഈ സംഗീതം വീണ്ടും ഉപയോഗിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹാര്‍മോണിക്ക വായിച്ചത് കല്‍ക്കട്ട സ്വദേശിയായ ശുഭ്രനില്‍ സര്‍ക്കാര്‍ എന്ന പതിമൂന്നുകാരനായിരുന്നു. 

 

ആദ്യം ഉപയോഗിച്ച വയലിനോടു ചേര്‍ന്നു നില്‍ക്കുന്ന സംഗീത ഉപകരണം എന്ന ചിന്തയില്‍ നിന്നാണ് ഹാര്‍മോണിക്കയിലേക്ക് എത്തുന്നത്. ഇതിന്റെ അന്വേഷണങ്ങള്‍ക്കിടയിലാണ് യുട്യൂബില്‍ ശുഭ്രനില്‍ സര്‍ക്കാരിന്റെ പ്രകടനം കാണുന്നത്. വിലാസമൊക്കെ കണ്ടെത്തി ഈ കുട്ടി സംഗീതഞ്ജനെ നാട്ടിലെത്തിച്ചെങ്കിലും രാജേഷിന് കാര്യങ്ങള്‍ എളുപ്പമായില്ല. ഹിന്ദി ഒട്ടും വശമില്ലാത്ത താന്‍ സര്‍ക്കാരിനോട് എങ്ങനെയാണ് സംസാരിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്നു രാജേഷ് പറയുന്നു. അഞ്ചു ദിവസത്തോളം കേരളത്തില്‍ താമസിച്ച് വളരെ ശ്രദ്ധിച്ചും സമയമെടുത്തുമാണ് ഈ സംഗീതം ഒരുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com