ADVERTISEMENT

യുഎസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയ്‌ഡിനെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തിൽ അദ്ദേഹത്തോടുള്ള അനുശോചനം രേഖപ്പെടുത്തി പോപ് താരം മഡോണ. മകൻ ഡേവിഡ് നൃത്തം ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് താരം ജോർജ് ഫ്ലോയ്‌ഡിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. മൈക്കിൾ ജാക്സന്റെ വിശ്വ വിഖ്യാത ഗാനത്തിനാണ് മഡോണയുടെ പതിനാലുകാരൻ മകൻ ചുവടുവച്ചത്. പോസ്റ്റിനു പിന്നാലെ നിരവധി പേർ മഡോണയെ വിമർശിച്ചു രംഗത്തു വന്നു. ക്രൂരമായ ആ കൊലപാതകത്തോടു പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലെന്നും ഇരയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ നൃത്തവും സംഗീതവും അനുയോജ്യമായ മാർഗമല്ലെന്നും നിരവധിപേർ പ്രതികരിച്ചു. 

 

ജോർജ് ഫ്ലോയ്‌ഡിന്റെ മരണത്തിലുള്ള പ്രതിഷേധം മാത്രമല്ല അമേരിക്കയിൽ ദിനം പ്രതി നടക്കുന്ന വിവേചനങ്ങൾക്കെതിരെയാണ് തന്റെ ഈ പ്രതികരണമെന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് മഡോണ കുറിച്ചത്. പോലീസിന്റെ ക്രൂരതയെക്കുറിച്ചു തുറന്നു പറഞ്ഞ് ജോർജ് പോസ്റ്റു ചെയ്ത വിഡിയോയും മഡോണ പങ്കുവച്ചിട്ടുണ്ട്. ആ വിഡിയോ ഏറെ ഹൃദയഹാരിയാണെന്നും അതു കണ്ടതു മുതൽ താൻ അസ്വസ്ഥയാണെന്നും മഡോണ കുറിച്ചു. ജോർജ് ഫ്ലോയ്ഡിന്റെ ആത്മാവിനു വേണ്ടി പ്രാർഥിക്കുന്നതോടൊപ്പം അമേരിക്കയിലെ ഇത്തരം നീചമായ പ്രവർത്തികൾ അവസാനിക്കുന്ന ഒരു ദിവസത്തിനു വേണ്ടിയും പ്രാർഥിക്കുന്നവെന്നും ഗായിക കൂട്ടിച്ചേർത്തു. 

 

മഡോണയുടെ പോസ്റ്റ് വൈറലായതോടെ താരത്തിനു സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷമാണ്. ജോർജ് ഫ്ലോയ്‌ഡിന്റെ ദാരുണാന്ത്യത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുമ്പോൾ ഇത്തരത്തിൽ പ്രതികരിക്കുക എന്ന്ത ബാലിശമായ കാര്യമാണെന്നും ഇരയോടുള്ള അനീതിയാണ് മഡോണ പ്രകടിപ്പിച്ചതെന്നും പോസ്റ്റിനു താഴെ വിമർശനങ്ങളുയർന്നു. 

 

കഴിഞ്ഞ തിങ്കളാഴ്ചയാണു സൗത്ത് മിനിയപ്പലിസിൽ, ജോർജ് ഫ്ലോയ്ഡിനെ പൊലീസ് നിലത്തുകിടത്തി കഴുത്തിൽ കാൽമുട്ടമർത്തി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടു പൊലീസ് കാറിൽ നിന്നിറക്കി നിലത്തിട്ടു കഴുത്തിൽ കാൽമുട്ടൂന്നിനിന്നു ശ്വാസം മുട്ടിച്ചപ്പോഴാണു ജോർജ് ഫ്ലോയ്ഡ് മരിച്ചത്. വേദനയെടുക്കുന്നെന്നും ശ്വാസം മുട്ടുന്നെന്നും വെള്ളം വേണമെന്നും ജോർജ് കരഞ്ഞപേക്ഷിച്ചിട്ടും 5 മിനിട്ടോളം പൊലീസ് ബലം പ്രയോഗിച്ചു. ഷർട്ടഴിച്ചു വിലങ്ങണിയിച്ചിരുന്നയാളുടെ മേലായിരുന്നു അതിക്രമം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചലനമറ്റ ജോർജിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മരണം സംഭവിച്ചു. കറുത്ത വർഗക്കാരനെതിരായ അതിക്രമത്തിൽ യുഎസിലാകെ പ്രതിഷേധം ഇരമ്പുകയാണ്. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ നിലവിളി കറുത്തവർഗക്കാരുടെ പുതിയ മുദ്രാവാക്യമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com