ADVERTISEMENT

കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയ സംഗീതസംവിധായകൻ ഇളയരാജയ്ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് കെ.എസ് ചിത്ര. ജീവിതത്തിൽ ഒരു അച്ഛന്റെ സ്ഥാനമാണ് ഇളയരാജയ്ക്കുള്ളതെന്നും പിന്നണിഗാനരംഗത്ത് നിലയുറപ്പിക്കാനുള്ള തീരുമാനത്തിനു കാരണവും അദ്ദേഹമാണെന്ന് ചിത്ര പറഞ്ഞു. പാട്ടിന്റെ കാര്യത്തിൽ വളരെ കാർക്കശ്യ സ്വഭാവമുള്ള സംഗീതസംവിധായകനാണെന്നും ചിത്ര കൂട്ടിച്ചേർത്തു. ഇളയരാജയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ട് മനോരമ ഓൺലൈൻ ഒരുക്കിയ ഗാനാർച്ചനയിലാണ് കെ.എസ് ചിത്ര മനസു തുറന്നത്. 

 

'രാജാ സർ പാടിച്ച കുട്ടി'

 

എന്റെ സംഗീതജീവിതത്തിൽ പ്രധാനപ്പെട്ട റോളാണ് രാജാ സാറിനുള്ളത്. പിന്നണിഗാനരംഗമാണ് എന്റെ പ്രൊഫഷൻ എന്നൊരു തീരുമാനം എടുക്കാൻ തന്നെ കാരണം അദ്ദേഹമാണ്. രാജാ സാറിനുവേണ്ടി പാടിത്തുടങ്ങിയതിനു ശേഷമാണ്, 'രാജാ സർ പാടിച്ച കുട്ടി' എന്ന ലേബലിൽ മറ്റുള്ള ഭാഷകളിലെ സംഗീതസംവിധായകർ എന്നെ വിളിച്ച് പാടിപ്പിക്കാനുള്ള ധൈര്യം കാണിച്ചത്. രാജാ സാറിന്റെ അടുത്തു പാടിയിട്ടുള്ള ഓരോ പാട്ടുകളും എനിക്ക് ഓരോ പരീക്ഷ പോലെയായിരുന്നു. കാരണം, പല തരം പരീക്ഷണങ്ങളായിട്ടുള്ള പാട്ടുകൾ അദ്ദേഹം എന്നെക്കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്. ഞാനിതുവരെ ചെയ്തിട്ടില്ലാത്ത സ്റ്റൈയിലിൽ ഉള്ള പാട്ടുകൾ അദ്ദേഹത്തിന്റെ കീഴിൽ പാടിയിട്ടുണ്ട്. 

 

കാർക്കശ്യക്കാരനായ സംഗീതജ്ഞൻ

 

വളരെ സ്ട്രിക്റ്റ് ആണ് രാജ സർ. അദ്ദേഹത്തിനൊപ്പം പ്രോഗ്രാമിനു പോകുമ്പോൾ വലുതായി ഇംപ്രുവൈസ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാറില്ല. അദ്ദേഹം കംപോസ് ചെയ്തത് നീറ്റ് ആയി പാടിക്കിട്ടണം എന്നാണ് അദ്ദേഹം നിർബന്ധിക്കാറുള്ളത്. അദ്ദേഹത്തിന്റെ കയ്യിൽ നിന്നു ഒരു ഓകെ കിട്ടുക എന്നത് വലിയൊരു കാര്യമായിട്ടാണ് ഞാൻ വിചാരിക്കുന്നത്.

 

എല്ലാവർക്കും ഒരു പേടിയുണ്ട്

 

എന്റെ ജീവിതത്തിൽ ഒരു അച്ഛന്റെ സ്ഥാനമാണ് രാജാ സാറിനുള്ളത്. പല കാര്യങ്ങളിലും ഒരു അച്ഛൻ തരുന്നതു പോലെയുള്ള പല ഉപദേശങ്ങളും സർ തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ പാടിയിട്ടുള്ള ഓരോരുത്തരെയും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. നമ്മൾ എങ്ങനെയാണ് മറ്റുള്ളവരോട് പെരുമാറുന്നത്, മറ്റു ഗായകർ പാടുന്നത് നമ്മൾ ശ്രദ്ധിക്കുന്നുണ്ടോ എന്നെല്ലാം അദ്ദേഹം നോക്കും. അങ്ങനെ പല കാര്യങ്ങളും സർ നിരീക്ഷിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. നമ്മോടു സംസാരിക്കുമ്പോൾ അതിനെക്കുറിച്ച് പറയുകയും ചെയ്യും. അതുകൊണ്ട് സാറിന്റെ മുൻപിലിരിക്കാൻ എല്ലാവർക്കും ഒരു ഭയമാണ്. വളരെ സ്ട്രിക്റ്റ് ആയ സ്കൂളാണ് അദ്ദേഹത്തിന്റേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com