'ഇയാൾ ഉറങ്ങാറില്ലേ'? എസ്.പി.ബിയുടെ റെക്കോർഡുകളുടെ പട്ടിക കണ്ടാൽ ആരും ചോദിക്കുന്നത്

spb-new
SHARE

രണ്ടറ്റവും കത്തിച്ച മെഴുകുതിരിപോലെ പ്രകാശവിരുന്നായ ഒരു സംഗീത ജീവിതം. പാട്ട് അതിന്റെ പരമാവധി സാധ്യതയിൽ നാം കേട്ടത് എസ്.പി. ബാലസുബ്രഹ്മണ്യത്തിലൂടെയാണ്. ഇദ്ദേഹത്തെപ്പോലെ മറ്റൊരു പാട്ടുകാരൻ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടാവില്ല.  ‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങൾ പാടി ദേശീയ അവാർഡ് വരെ വാങ്ങിയ ഈ ഗായകൻ സംഗീതം ഒരക്ഷരം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ‘കേളടി കൺമണി’യിൽ ഒറ്റശ്വാസത്തിൽ ‘മണ്ണിൽ ഇന്ത കാതൽ...’ , മേഘങ്ങളോളം ഉയർന്നു സഞ്ചരിക്കുന്ന ‘ഇളയ നിലാ...’(പയനങ്കൾ മുടിവതില്ലൈ), മലയാളത്തിലെ ലക്ഷണമൊത്ത കവ്വാലിയായ ‘സ്വർണമീനിന്റെ ചേലൊത്ത...’(സർപ്പം), മരിക്കാത്ത കാൽപ്പനികതയായ ‘താരാപഥം ചേതോഹരം...’(അനശ്വരം)... അങ്ങനെ എത്രയോ വ്യത്യസ്ത അനുഭൂതികൾ...

ശാസ്ത്രീയവും തനി നാടനും ഒരേമട്ടിൽ വഴങ്ങുന്ന ശബ്ദം, കൊഞ്ചിയും കരഞ്ഞും ഇഴഞ്ഞും കുതിച്ചും.... അങ്ങനെ ഇന്ത്യൻ സിനിമാ സംഗീതത്തിലെ എന്തിനും പോന്നവനാകുന്നു ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന പ്രിയപ്പെട്ട എസ്പിബി. നമ്മുടെ രാജ്യത്തെ ഏറ്റവും അനായാസ ഗായകൻ!

ഇയാൾ ഉറങ്ങാറില്ലേ? എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ കലാസംഭാവനകളുടെ കണക്കെടുക്കുമ്പോൾ ആരും ഇങ്ങനെ ചോദിച്ചുപോകും. അത്ര ബൃഹത്താണ് എസ്പിബി എന്ന മൂന്നക്ഷരം. 1966ൽ എസ്.പി. കോദണ്ഡപാണിയുടെ സംഗീതത്തിൽ ‘ശ്രീശ്രീശ്രീ മര്യാദ രാമണ്ണ’ എന്ന ചിത്രത്തിൽ പാടിത്തുടങ്ങിയ അദ്ദേഹം ഈണവർഷങ്ങളുടെ ഹാഫ് സെഞ്ച്വറിയും കടന്നിരിക്കുന്നു. എത്രയോ കോടി മനസ്സുകളെ ഓരോ ദിനവും ഈ സ്വരം ഉമ്മ വച്ചുണർത്തുന്നു, ഉറക്കുന്നു...

ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി റിക്കോർഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോർഡ്– 40,000 പാട്ടുകൾ! ഒറ്റ ദിവസം തന്നെ 21 പാട്ട് റിക്കോർഡ് ചെയ്തും അദ്ദേഹം സംഗീത ലോകത്തിന് അദ്ഭുതമായിട്ടുണ്ട്. 1981 ഫെബ്രുവരി എട്ട് രാവിലെ ഒൻപതു മുതൽ ഒൻപതുവരെയുള്ള 12 മണിക്കൂറിലാണ് ഉപേന്ദ്രകുമാർ എന്ന സംഗീത സംവിധായകനുവേണ്ടി എസ്പിബി 21 കന്നഡഗാനങ്ങൾ ബെംഗളൂരുവിലെ ഒരു സ്റ്റുഡിയോയിൽ റിക്കോർഡ് ചെയ്തത്. മാതൃഭാഷയിൽപോലുമായിരുന്നില്ല ഈ പ്രകടനം എന്നോർക്കണം. പിന്നീട് ഒരു ദിവസം 19 തമിഴ് പാട്ടുകൾ പാടിയും മറ്റൊരു 12 മണിക്കൂറിൽ 16 ഹിന്ദി ഗാനങ്ങൾ റിക്കോർഡ് ചെയ്തും ഇദ്ദേഹം സഹഗായകരെ അമ്പരിപ്പിച്ചിട്ടുണ്ട്. 

ദിവസം ശരാശരി മൂന്നു പാട്ട് റിക്കോർഡ് ചെയ്യുക എന്നതായിരുന്നു എസ്പിബിയുടെ കണക്ക്. 15 വരെയൊക്കെ നീളുന്നത് സാധാരണം. ദക്ഷിണേന്ത്യൻ ഭാഷകളിൽ മാത്രമല്ല, ഹിന്ദി ഉൾപ്പെടെ മിക്ക ഇന്ത്യൻ ഭാഷകളിലും ഇദ്ദേഹം പാടി. രാജ്യത്ത് ഇത്രപെട്ടെന്നു പാട്ട് പഠിച്ചെടുക്കുന്ന ഗായകരില്ലെന്നു സംഗീത സംവിധായകരുടെ സാക്ഷ്യപത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA