ADVERTISEMENT

 

വാനമ്പാടി കെ.എസ്.ചിത്രയെക്കുറിച്ചു വാചാലയായി യുവഗായിക സിത്താര കൃഷ്ണകുമാർ. ലോക്ഡൗൺ ദിനങ്ങളിൽ മഴവിൽ മനോരമ ഒരുക്കിയ പ്രത്യേക പരിപാടിയായ ‘സ്നേഹത്തോടെ വീട്ടിൽ നിന്ന്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗായിക. ചിത്രയെ ഈശ്വരതുല്യ ആയാണ് കാണുന്നതെന്നും നേരിട്ടു കാണാൻ സാധിക്കുമെന്നു ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ലെന്നും സിത്താര തുറന്നു പറഞ്ഞു. ചിത്ര വളരെയധികം സ്നേഹവും കരുതലും നൽകാറുണ്ടെന്നും ഗായിക വെളിപ്പെടുത്തി.   

 

സിത്താര കൃഷ്ണകുമാറിന്റെ വാക്കുകൾ:

 

‘ഞാൻ മഴവിൽ മനോരമയുടെ മ്യൂസിക് അവ‌ാർഡ് സ്വീകരിച്ചത് ചിത്ര ചേച്ചിയുടെ കയ്യിൽ നിന്നാണ്. ആ നിമിഷത്തിലെ സന്തോഷത്തെക്കുറിച്ച് പറഞ്ഞറിയിക്കാനാവില്ല. കാരണം ചേച്ചിയെ നമ്മൾ ദൈവ തുല്യമായല്ലേ കാണുന്നത്. ദൂരെ വച്ചാണെങ്കിലും ഒന്നു കാണുക എന്നത് മഹാഭാഗ്യമായാണ് കണക്കാക്കിയിരുന്നത്. ഞാൻ ഒരിക്കലും എന്റെ സ്വപ്നത്തിൽ പോലും ചേച്ചിയെ അടുത്തു കാണുമെന്ന് വിചാരിച്ചിട്ടില്ല. ആ ചേച്ചി എന്റെ പേര് ചേച്ചിയുടെ ശബ്ദത്തിൽ പറയുന്നതു കേൾക്കുക എന്നതിനേക്കാൾ വലിയ സന്തോഷമില്ല. അതൊക്കെ സ്വപ്ന സാഫല്യമാണ്. ചേച്ചി വിധികർത്താവായിരുന്ന പരിപാടിയിൽ ഞാൻ മത്സരാര്‍ഥിയായെത്തിയിട്ടുണ്ട്. അന്നു മുതൽ ഈ നിമിഷം വരെ ചേച്ചി എത്രത്തോളം കരുതലും സ്നേഹവുമാണ് നൽകുന്നതെന്ന് വിവരിക്കാനാവില്ല. വളരെ കരുതലോടെ ചേച്ചി ചേർത്തു പിടിക്കും. അതൊരു വല്ലാത്ത അനുഭവമാണ്’.

 

മഴവിൽ മനോരമയുടെ സംഗീത പുരസ്കാരവേദിയിൽ വച്ച് സിത്താരയ്ക്കു പുരസ്കാരം സമ്മാനിക്കുന്നതിനു മുൻപ് ഇത് തനിക്കും അമൂല്യമായ നിമിഷമാണെന്ന് കെ.എസ്. ചിത്ര പറഞ്ഞിരുന്നു. ചിത്ര ആദ്യമായി വിധികർത്താവായെത്തിയ റിയാലിറ്റി ഷോയിലെ വിജയി ആണ് സിത്താര. അന്ന് മത്സരാർഥിയായ സിത്താരയോട് ചെറിയ തിരുത്തലുകളൊക്കെ നൽകുകയും വർഷങ്ങൾക്കിപ്പുറം അതേയാൾക്കു മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നൽകുകയും ചെയ്യുന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് കെ.എസ്.ചിത്ര അന്നു വേദിയിൽ വച്ചു പറഞ്ഞിരുന്നു.

 

സ്നേഹത്തോടെ വീട്ടിൽ നിന്ന് എന്ന പരിപാടിയിലൂടെ സംഗീതജീവിതത്തിലെ വിശേഷങ്ങൾ സിത്താര പങ്കുവച്ചു. ലോക്ഡൗൺ ദിനങ്ങളിൽ പരസ്പരം കാണാതെ അകലങ്ങളിലിരുന്ന് സിത്താരയും സുഹൃത്തുക്കളും ചേർന്നൊരുക്കിയ പാട്ടുകൾ സമൂഹമാധ്യമലോകം ഏറ്റെടുത്തിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ ഈ ഒഴിവുകാലവും സംഗീതസാന്ദ്രമാക്കുകയാണ് സിത്താര. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com